“രണ്ടുകൊല്ലം മുമ്പ് ഫ്രണ്ട്സിന്‍റെ കൂടെ മലേഷ്യയില്‍ ട്രിപ്പിനു പോയപ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ ഒരു ചൈനാക്കാരി വേശ്യയെ പ്രാപിച്ചത്. അതിനു പിറ്റേന്നു തുടങ്ങിയ നിലക്കാത്ത സംശയമാണ്, എനിക്കെങ്ങാന്‍ എയ്ഡ്സ് പിടിപെട്ടുപോയിട്ടുണ്ടാവുമോ എന്ന്. ഇതുവരെ ഒരമ്പതു ലാബുകളിലെങ്കിലും ഞാന്‍ പരിശോധിപ്പിച്ചിട്ടുണ്ടാവും. ഓരോ പ്രാവശ്യവും ഫലംവന്നത് എനിക്കൊരു കുഴപ്പവുമില്ല എന്നുതന്നെയാണ്. അതുകൊണ്ടൊന്നും പക്ഷേ എന്‍റെ മനസ്സിലീ സംശയത്തിന്‍റെ ചുറ്റിത്തിരിച്ചില്‍ ലവലേശം പോലും കുറയുന്നില്ല…”
“മദ്യപാനിയായ ഭര്‍ത്താവ് നിത്യേന മര്‍ദ്ദിക്കുകയും പരപുരുഷബന്ധമാരോപിക്കുകയും ചെയ്തപ്പോള്‍ സഹികെട്ട് അയാളോടുള്ള വാശിക്കാണ് ഒരിക്കല്‍ അയാളുടെയൊരു കൂട്ടുകാരന്‍ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ കൂടെക്കിടന്നുകൊടുത്തത്. ഇതിപ്പോള്‍ ഒരാറുമാസമായി. പക്ഷേ അന്നുതൊട്ട് ഒരേ പേടിയാണ് — എങ്ങാനുമെപ്പോഴെങ്കിലും വല്ല മനോരോഗവും വന്ന്‍ എനിക്കെന്‍റെ മേല്‍ നിയന്ത്രണം കൈവിട്ടുപോയാല്‍ ഞാന്‍ അന്നു നടന്ന കാര്യങ്ങളെപ്പറ്റി ഭര്‍ത്താവിനോടും മക്കളോടുമൊക്കെ വിളിച്ചുപറഞ്ഞേക്കുമോന്ന്.”
“പത്താംക്ലാസിലാണ് എന്‍റെ മോന്‍ പഠിക്കുന്നത്. ഈയിടെയായി മൊബൈലിലും കമ്പ്യൂട്ടറിലുമൊക്കെ അവന്‍ ചില വേണ്ടാത്ത ക്ലിപ്പുകള്‍ കാണുന്നുണ്ടോ എന്ന് എന്‍റെ മൂത്ത മോള്‍ ഇടക്കു സംശയം പറഞ്ഞിരുന്നു. ഇപ്പോ ആകെ പ്രശ്നമായിരിക്കുന്നു — അഞ്ചാംക്ലാസുതൊട്ടേ അവനു ട്യൂഷനെടുക്കുന്ന അയല്‍പക്കത്തെ ടീച്ചര്‍ പറയുന്നു, ഇന്നലെ വൈകിട്ട് അവനവരെ സിബ്ബഴിച്ചുകാണിച്ചത്രേ!”
ഒരു സൈക്ക്യാട്രിസ്റ്റായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ജോലിനോക്കുമ്പോള്‍ പലപ്പോഴായി കണ്മുമ്പിലെത്തിയ ചില കഥകളെയാണ് ഇത്തിരി രൂപഭേദങ്ങള്‍ വരുത്തി മുകളിലവതരിപ്പിച്ചത്. സമകാലീന കേരളീയ ജീവിതത്തിന് അത്ര ഐശ്വര്യകരമല്ലാത്ത ഒരു മറുമുഖവുമുണ്ട് എന്ന് നമ്മെ പിടിച്ചുകുലുക്കിയോര്‍മിപ്പിക്കുകയാണ് ഇവയോരോന്നും.
മലയാളീ ജീവിതങ്ങള്‍ അവിഹിതോന്മുഖമാവുന്നോ?
വിവാഹപൂര്‍വവും വിവാഹേതരവുമായ ബന്ധങ്ങള്‍ മറ്റേതൊരു നാട്ടിലെയും പോലെ കേരളത്തിലും എക്കാലവും നിലവിലുണ്ടായിരുന്നു. എന്നാല്‍ അവയുടെ വ്യാപ്തിയിലും അവയുണ്ടാക്കുന്ന സങ്കീര്‍ണതകളിലും അവയോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളിലുമൊക്കെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഏറെ മാറ്റങ്ങള്‍ വന്നുഭവിച്ചിരിക്കുന്നുവെന്നാണ് നിത്യേനയെത്തുന്ന പത്രവാര്‍ത്തകളും നിയമരംഗത്തും കൌണ്‍സലിംഗ് രംഗത്തുമൊക്കെ പ്രവര്‍ത്തിക്കുന്നവരുടെ സാക്ഷ്യങ്ങളുമെല്ലാം ചൂണ്ടിക്കാണിക്കുന്നത്. കുടുംബക്കോടതികളിലെത്തുന്ന കേസുകളുടെയെണ്ണം പെരുകിപ്പെരുകിവരുന്നതും, വിവാഹേതരബന്ധങ്ങളാല്‍ പ്രേരിതമാകുന്ന കൊലപാതകങ്ങളെക്കുറിച്ചും അവിഹിതത്തിനെന്ന വ്യാജേന പരിചയപ്പെട്ടു നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചുമൊക്കെ അടിക്കടിവരുന്ന വാര്‍ത്തകളുമെല്ലാം നമ്മെ ബോദ്ധ്യപ്പെടുത്തുന്നതും ഇക്കാര്യം തന്നെയാണ്.
കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സസ് നടത്തിയ പഠനത്തില്‍പ്പങ്കെടുത്ത 200 കോളേജ് വിദ്യാര്‍ത്ഥിനികളില്‍ 180 പേരും തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും, 36 പേര്‍ തങ്ങള്‍ക്ക് കന്യകാത്വം നഷ്ടമായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയുണ്ടായി. നമ്മുടെ ചെറുപ്പക്കാര്‍ക്കിടയില്‍ ലിവ്-ഇന്‍ റിലേഷനുകളും കാഷ്വല്‍സെക്‌സുമൊക്കെ വര്‍ദ്ധിക്കുന്നതായി വിവിധ ആനുകാലികങ്ങളുടെ സര്‍വേകള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒരു പഠനത്തില്‍പ്പങ്കെടുത്തതില്‍ 29% പേര്‍ തങ്ങള്‍ പങ്കാളിയുമായല്ലാതെ വേഴ്ചനടത്തിയിട്ടുണ്ടെന്നും 62% പേര്‍ വിവാഹേതരബന്ധങ്ങളുള്ളവരെ തങ്ങള്‍ക്കു നേരിട്ടറിയാമെന്നും തുറന്നുപറയുകയുണ്ടായി. 2013-14 കാലയളവില്‍ സംസ്ഥാനത്ത് 3,406 ഗാര്‍ഹികപീഡനകേസുകള്‍ രജിസ്റ്റര്‍ചെയ്യപ്പെട്ടതില്‍ 16 ശതമാനത്തിലും വിവാഹേതരബന്ധങ്ങള്‍ ഒരു ഘടകമായിരുന്നു.
വേലികളെ ചാടാന്‍പരുവമാക്കിയത്..
മലയാളിയുടെ ചില തനതുശീലങ്ങള്‍ നമ്മുടെ മനസ്സുകളെ അവിഹിതങ്ങള്‍ക്കു നല്ല വളക്കൂറുള്ള മണ്ണാക്കുന്നുണ്ട്. ലൈംഗികവിഷയങ്ങളില്‍ പുറമേക്ക് ഏറെ യാഥാസ്ഥിതികത്വം നടിക്കുമ്പോഴും ഉള്ളില്‍ സെക്സ് തിളച്ചുമറിഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു സമൂഹമാണു നമ്മുടേത്. “രണ്ടു കര്‍ണാടകക്കാര്‍ തമ്മില്‍ക്കണ്ടാല്‍ കാശു ലാഭിക്കുന്നതിനെക്കുറിച്ചും രണ്ടു തമിള്‍ബ്രാഹ്മണര്‍ തമ്മില്‍ക്കണ്ടാല്‍ ദോശകളെക്കുറിച്ചും രണ്ട് മലയാളികള്‍ തമ്മില്‍ക്കണ്ടാല്‍ സെക്സിനെക്കുറിച്ചുമാവും സംസാരിക്കുക” എന്നാരോ പറഞ്ഞതില്‍ ഏറെ വാസ്തവമുണ്ട്. ഒത്ത സദസ്സുകള്‍ കിട്ടുമ്പോഴെല്ലാം ലൈംഗികസാഹസികതകളെക്കുറിച്ചു വീമ്പിളക്കുന്നത് നമ്മുടെ ശീലമാണ്; സദാ ഇത്തരം കഥകള്‍ കേള്‍ക്കുന്നവരില്‍ സ്വന്തമായി അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ത്വരയുണരുന്നതു സ്വാഭാവികം മാത്രവും. ഏതൊരു പ്രായത്തിലുമുള്ള ആണും പെണ്ണും തമ്മിലെ ദുരുദ്ദേശങ്ങളില്ലാത്ത സൌഹൃദങ്ങളെപ്പോലും സംശയദൃഷ്ടിയോടെ, ഉടന്‍ ഗോസിപ്പിറക്കേണ്ട വാര്‍ത്തകളായി നോക്കിക്കാണുന്ന നമ്മുടെ ശീലം എതിര്‍ലിംഗം ലൈംഗികോദ്ദേശത്തോടെ മാത്രം ഇടപഴകേണ്ട ഒന്നാണ് എന്ന ധാരണ പലരിലും ചെറുപ്രായത്തിലേ രൂപപ്പെടാനിടയാക്കുന്നുണ്ട്. ഔപചാരികവും ശാസ്ത്രീയവുമായ ലൈംഗികവിദ്യാഭ്യാസത്തോടുള്ള അന്ധമായ വൈമുഖ്യവും എതിര്‍പ്പും, മറുവശത്ത് പാഴ്വിവരങ്ങള്‍ മാത്രം വിളമ്പുന്ന ലൈംഗികപ്രസിദ്ധീകരണങ്ങളോടുള്ള രഹസ്യമായ ആക്രാന്തവും നമ്മുടെ മുഖമുദ്രകളാണ്.
ലൈംഗികതയില്‍ ഇപ്പോഴും ഏകാധിപത്യ മനോഭാവം പുലര്‍ത്തുകയും കിടപ്പറയില്‍ പെണ്ണിനെ കീഴടക്കാന്‍ മാത്രം ശ്രമിക്കുകയും ചെയ്യുന്ന മലയാളീപുരുഷരുടെ സമീപനം സംതൃപ്തി പകരുന്ന മറ്റു ബന്ധങ്ങള്‍ തേടിപ്പോവാന്‍ സ്ത്രീകള്‍ക്കു പ്രേരണയാവുന്നുണ്ട്. യൌവനത്തിന്‍റെ നല്ലൊരു പങ്കും വിരഹജീവിതത്തിനു വിധിക്കപ്പെടുന്ന പ്രവാസീഭാര്യമാരുടെ പ്രശ്നവും പ്രസക്തമാണ്.
കഴിഞ്ഞ ഒന്നുരണ്ടു ദശകങ്ങളില്‍ നമ്മുടെ സാമൂഹ്യസാഹചര്യങ്ങളിലുണ്ടായ അനവധി സ്ഥിതിഭേദങ്ങള്‍ ഇവിടെ അവിഹിതങ്ങളേറാന്‍ ഉല്‍പ്രേരകങ്ങളായിട്ടുമുണ്ട്. കൌമാരത്തിന്‍റെയും യൌവനാരംഭത്തിന്‍റെയും സഹജചാപല്യങ്ങള്‍ക്ക് ബഹിര്‍സ്ഫുരണം സുഗമമാക്കുന്ന പല മാറ്റങ്ങളും രംഗത്തുവന്നുകഴിഞ്ഞു. സമൂഹത്തെക്കാള്‍ പ്രാധാന്യം വ്യക്തിക്കാണ് എന്ന മനോഭാവം (individualism) ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമാവുകയും ഉത്തരവാദിത്തങ്ങളോ കെട്ടുപാടുകളോ ഇല്ലാത്ത സ്വതന്ത്രബന്ധങ്ങളോട് അവര്‍ക്കു പ്രതിപത്തി കൂടുകയും ചെയ്തു. ലൈംഗികസ്വാതന്ത്ര്യവും മറ്റേതൊരു സ്വാതന്ത്ര്യവും പോലെ പ്രധാനമാണ് എന്ന മനോഭാവവും കാലുറപ്പിച്ചു. ഒരുവശത്ത് പുതുതലമുറക്ക് ചെറുപ്രായത്തിലേ ഏറെ സാമ്പത്തികശേഷിയും അനുബന്ധസ്വാതന്ത്ര്യങ്ങളും കരഗതമാവുകയും മറുവശത്ത് വിവാഹപ്രായം ഉയര്‍ന്നുയര്‍ന്നു പോവുകയും ചെയ്തു. വിവരസാങ്കേതികവിദ്യയിലെയും മറ്റും കുതിച്ചുചാട്ടം ദിവസം മുഴുവന്‍ നീളുന്ന ഷിഫ്റ്റുകളുള്ള ഏറെ തൊഴിലവസരങ്ങള്‍ക്കു വഴിയിട്ടു. പുരുഷനും സ്ത്രീക്കും ഇടപഴകാനുള്ള സാമൂഹ്യസാഹചര്യങ്ങള്‍ പതിന്മടങ്ങു വര്‍ദ്ധിച്ചു. മിസ്സ്ഡ്കോളുകള്‍ മുതല്‍ സാമൂഹ്യമാധ്യമങ്ങളിലെ കൂട്ടായ്മകള്‍ വരെ ലൈംഗികത്തക്കം പാര്‍ത്തുനടക്കുന്നവര്‍ക്ക് നല്ല ഉപകരണങ്ങളായി ഭവിക്കുകയും ചെയ്തു.
മാറ്റങ്ങള്‍ കുടുംബങ്ങള്‍ക്കുള്ളിലും സംഭവിച്ചു. വിദൂരനാടുകളിലെങ്ങോ കാണാമറയത്തിരിക്കുന്നവരുമായുള്ള ചാറ്റിങ്ങും ഓണ്‍ലൈന്‍ചര്‍ച്ചകളുമൊക്കെ ഒരു ഭാഗത്ത് അതീവസാധാരണമായപ്പോള്‍ മറുവശത്ത് ദമ്പതികള്‍ക്കിടയിലെ ആശയവിനിമയം വല്ലാതെ കുറഞ്ഞുപോവുകയാണുണ്ടായത്. ജോലിയുടെയും മറ്റും തിരക്കുകളും കൂടുന്ന മാനസികസമ്മര്‍ദ്ദവുമൊക്കെ ഇതിന് ഇടനിലക്കാരായി. വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലിക്കുപോവുന്ന ദമ്പതികള്‍ക്കിടയില്‍ സെക്‌സ് പോലും വിരളമായിപ്പോവുന്ന സ്ഥിതിവിശേഷവും വന്നു. സ്ത്രീകള്‍ക്ക് കൂടുതലായി സാമ്പത്തിക സ്വാശ്രയത്വം കൈവന്നത് ദാമ്പത്യത്തിലെ അസ്വസ്ഥതകളെയും പീഡനങ്ങളെയും കുടുംബത്തിനോ കുട്ടികള്‍ക്കോ വേണ്ടി മൂകമൂകം സഹിക്കുകയെന്ന മുന്‍ശീലത്തില്‍നിന്ന് അവര്‍ക്കു മുക്തി കൊടുത്തു. സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അവബോധവും അവകാശബോധവുമൊക്കെ അവര്‍ക്കു പുതുതായിക്കരസ്ഥമാവുകയും ചെയ്തു.
കൌമാരയിളക്കങ്ങള്‍ക്കു പിന്നില്‍
ഏതൊരു നാട്ടിലാണെങ്കിലും കൌമാരവും യൌവനത്തുടക്കവും വിവാഹപൂര്‍വബന്ധങ്ങള്‍ക്ക് ഹരിശ്രീ കുറിക്കപ്പെടാന്‍ ഏറ്റവും സാദ്ധ്യതയുള്ള കാലഘട്ടങ്ങളാണ്. എന്തുകൊണ്ടിങ്ങനെ എന്നതിനു പല വിശദീകരണങ്ങളുമുണ്ട്. ഏറെക്കൊല്ലം അച്ഛനമ്മമാരുടെ ചുറ്റിക്കെട്ടുകളില്‍ വലിഞ്ഞുമുറുകിക്കിടന്നിട്ട് പൊടുന്നനെയതില്‍നിന്നു പുറത്തുകടക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും “താനുമൊരു മുതിര്‍ന്ന വ്യക്തിയായി” എന്ന ബോധത്തിന്‍റെ ഉദയവും കൂട്ടുകാരുടെ ദുസ്സ്വാധീനവുമൊക്കെയൊത്തുചേര്‍ന്ന് മനസ്സിന്‍റെ കുഞ്ഞുകടിഞ്ഞാണുകളറുക്കാം. ദീര്‍ഘദൃഷ്ടിയും നല്ല തീരുമാനങ്ങളെടുക്കാനുള്ള കഴിവുമെല്ലാം നമുക്കുതരുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്ന മസ്തിഷ്കഭാഗത്തിനു പൂര്‍ണവളര്‍ച്ചയെത്തുന്നത് ഏകദേശം ഇരുപത്തഞ്ചാംവയസ്സോടെ മാത്രമാണ്. അതിനു തൊട്ടുമുമ്പുള്ള പ്രായങ്ങളിലെ പ്രകൃത്യാലുള്ള എടുത്തുചാട്ടവും വരുംവരായ്കകളെക്കുറിച്ചുള്ള ഭീതിയില്ലായ്കയും, പ്രത്യേകിച്ച് അപ്രായത്തില്‍ പരീക്ഷിക്കാന്‍ തുടങ്ങുന്ന മദ്യത്തിന്‍റെയും മറ്റു ലഹരിവസ്തുക്കളുടെയും സ്വാധീനം കൂടിയാവുമ്പോള്‍, യാതൊരുവിധ സുരക്ഷയോ മുന്‍കരുതലോ കൂടാതുള്ള വേഴ്ചകള്‍ക്കു പോലും കളമൊരുക്കാം. ചിലര്‍, പ്രത്യേകിച്ച് കുടുംബത്തിന്‍റെയോ കൂട്ടുകെട്ടുകളുടെയോ കൈത്താങ്ങ് വേണ്ടത്രയില്ലാത്തവര്‍, കൌമാരസഹജമായ വികാരവിക്ഷുബ്ധതകളെയും പോരായ്മാബോധത്തെയും മറികടക്കാനുള്ള ഒറ്റമൂലിയായി ലൈംഗികബന്ധങ്ങളെ ഉപയോഗിക്കുകയുമാവാം. ഉദാഹരണത്തിന്, വല്ലാത്ത ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സോ അരക്ഷിതത്വബോധമോ ഉള്ളില്‍പ്പേറിനടക്കുന്ന പെണ്‍കുട്ടികള്‍ പുരുഷന്മാര്‍ തങ്ങളോടു കാണിക്കുന്ന താല്‍പര്യത്തെ സ്വപ്രശ്നങ്ങള്‍ക്കുള്ള പ്രത്യുപായമായെടുക്കാം.
മനസ്സ് പലവഴി തെളിക്കുമ്പോള്‍
ചിലരെ അവിഹിതകുതുകികളാക്കുന്നത് മന:ശാസ്ത്രപരമായ ചില സവിശേഷതകളാവാം. ഉദാഹരണത്തിന്, കുഞ്ഞുപ്രായങ്ങളില്‍ വേണ്ടത്ര ലാളനയോ പരിരക്ഷണമോ കിട്ടാതെ പോയവര്‍ അടുപ്പം തോന്നുന്നവരാല്‍ ഒരിക്കലുമവഗണിക്കപ്പെടരുതെന്ന നിര്‍ബന്ധത്തോടെ അവരെയെല്ലാം പ്രീണിപ്പിച്ചുനിര്‍ത്താനായി പലരുടെയും ലൈംഗികക്ഷണങ്ങള്‍ക്ക് വൈമനസ്യമേതും കൂടാതെ വഴങ്ങുന്നവരായി വളരാം. സ്വതവേ സ്വയംമതിപ്പു കുറഞ്ഞവരും സെക്സിനെ ഇവ്വിധം മറ്റുള്ളവരുടെ ശ്രദ്ധയും പരിഗണനയും കൈവശപ്പെടുത്താനുള്ള ആയുധമാക്കാം. ഏകാന്തതയോ വിഷാദമോ അമിതോത്ക്കണ്ഠയോ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ശൂന്യതക്കൊരു സ്വയംചികിത്സയെന്ന രീതിയിലും ചിലര്‍ അവിഹിതങ്ങളെ സ്വയംവരിക്കാം. സമൂഹത്തില്‍ തങ്ങള്‍ക്കുള്ള നിലക്കും വിലക്കുമൊന്നും പ്രത്യേകിച്ചു പ്രാധാന്യമൊന്നും കല്‍പിക്കാത്ത മനോഭാവമുള്ളവരും, പ്രണയത്തകര്‍ച്ചക്കോ വിവാഹമോചനത്തിനോ ശേഷം താനത്ര കഴിവുകെട്ടയാളല്ലെന്നു തെളിയിക്കണമെന്ന വാശി പിറക്കുന്നവരും അവിഹിതങ്ങളിലേക്കു നീങ്ങാന്‍ സാദ്ധ്യത കൂടുതലുണ്ട്. വിവാഹപങ്കാളികളെ യാതൊരു വൈകാരികാംശങ്ങളുമില്ലാതെ വെറും ലൈംഗികോപകരണങ്ങള്‍ മാത്രമായി നോക്കിക്കാണുന്നവര്‍ക്ക് ഏറെപ്പെട്ടെന്നുതന്നെ അവരില്‍ താല്‍പര്യം ചോരുകയും ഉണര്‍വിന്‍റെയുമുത്തേജനത്തിന്‍റെയും മറ്റു സ്രോതസ്സുകള്‍ തേടാന്‍ ആശയുണരുകയും ചെയ്യാം.
“തങ്ങള്‍ക്കുമുണ്ട് സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം” എന്ന പ്രഖ്യാപനത്തിന്‍റെ ഭാഗമായി ഇത്തരം ബന്ധങ്ങളിലേര്‍പ്പെടുന്നവരുമുണ്ട് — കൂടുതലും ഇങ്ങിനെ ചെയ്യുന്നത് സ്ത്രീകളുമാണ്. പുരുഷന്മാരെ ചൊല്‍പ്പടിക്കു നിര്‍ത്താനും ഭരിക്കാനുമൊക്കെ അതിയായാഗ്രഹിക്കുന്ന സ്ത്രീകളും സെക്സിനെ ഇതിനൊരുപാധിയാക്കുകയും ഒന്നിലധികം പേരുമായി ബന്ധംപുലര്‍ത്തുകയും ചെയ്യാം.
ഇനിയും ചിലരില്‍ അവിഹിതോത്ക്കര്‍ഷ മനോരോഗങ്ങളുടെ ലക്ഷണവുമാവാം. തൃപ്തീകരിക്കാനാവാത്തത്ര ലൈംഗികതൃഷ്ണ പ്രകടമാവുന്നത് സ്ത്രീകളിലാണെങ്കില്‍ അതിനെ നിംഫോമാനിയ എന്നും പുരുഷന്മാരിലാണെങ്കില്‍ സറ്റിറിയാസിസ് എന്നുമാണു വിളിക്കാറ്. ബോര്‍ഡര്‍ലൈന്‍, ആന്‍റിസോഷ്യല്‍ എന്നീ വ്യക്തിത്വവൈകല്യങ്ങളോ മാനിയയോ സൈക്കോസിസോ പോലുള്ള മനോരോഗങ്ങളോ ബാധിച്ചവരില്‍ അമിത ലൈംഗികതാല്‍പര്യവും അവിഹിതങ്ങള്‍ക്കുള്ള ശ്രമങ്ങളും മറ്റു ലക്ഷണങ്ങളുടെ കൂടെ കാണപ്പെടുകയുമാവാം.
രതിലഹരി
എം.ആര്‍.ഐ. ഉപയോഗിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത് ലൈംഗികബന്ധം തലച്ചോറിലെ ആനന്ദത്തിന്‍റെ കേന്ദ്രങ്ങള്‍ക്കു നല്‍കുന്ന ഉത്തേജനം കൊക്കൈനിന്‍റേതിനു സമമാണെന്നാണ്. ലംഗികസുഖത്തിന്‍റെ ഈയൊരു തീവ്രത തന്നെയാണ് വേഴ്ചയെ ഏവര്‍ക്കും ഇത്രക്കങ്ങ് ആകര്‍ഷകമാക്കുന്നതും.
ശാസ്ത്രത്തിന്‍റെ ഫത് വ
ലൈംഗികതയിലെ ശരിതെറ്റുകളെയും അതിര്‍വരമ്പുകളെയും അനുവദനീയതകളെയുമൊക്കെക്കുറിച്ച് വിവിധ സമൂഹങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും മതങ്ങള്‍ക്കുമൊക്കെ അവയുടേതായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കണിശതകളുമുണ്ട്. സെക്സുമായി ബന്ധപ്പെട്ട ഏതൊക്കെ ചിന്തകളും മനോഭാവങ്ങളും പെരുമാറ്റങ്ങളുമാണ് ആരോഗ്യകരം, ഏതൊക്കെയാണ് രോഗസൂചകങ്ങള്‍ എന്നതിനെയൊക്കെക്കുറിച്ച് വിവിധ വൈദ്യശാസ്ത്രശാഖകള്‍ക്ക് അവയുടേതായ കാഴ്ചപ്പാടുകളും ഉണ്ട്. അതേസമയം ഒരൊറ്റപ്പങ്കാളിയില്‍ ഒതുങ്ങിനില്‍ക്കണോ അതോ അവിഹിതങ്ങളെ ജീവിതരീതിയാക്കാമോ എന്നൊക്കെപ്പോലുള്ള വ്യക്തിവിഷയങ്ങളില്‍ ഒരിക്കലും ശാസ്ത്രം മതങ്ങളെയും മറ്റും പോലെ കര്‍ശനനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കില്ല. എന്നാല്‍ ഈ വിഷയത്തില്‍ സ്വന്തം നയം രൂപീകരിക്കുന്ന വേളയില്‍ പരിഗണനക്കെടുക്കാവുന്ന പല വസ്തുതകളും, ഒപ്പം അവ തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്ര്യം കൂടിയനുവദിച്ചുകൊണ്ട്, ശാസ്ത്രം മുന്നോട്ടുവെക്കുന്നുമുണ്ട്.
ശാസ്ത്രത്തിന്‍റെ വീക്ഷണത്തില്‍ ലൈംഗികാസക്തി വിശപ്പും ദാഹവും പോലെ സ്വാഭാവികവും ഒരു പരിധിക്കപ്പുറം നമ്മുടെ വരുതിയില്‍ നില്‍ക്കാത്തതുമായ ഒരു ശരീരപ്രക്രിയ മാത്രമാണ്; ലൈംഗികക്ഷമത വംശവര്‍ദ്ധനവിന് അത്യന്താപേക്ഷിതവും അതിനാല്‍ത്തന്നെ ഏറെ സുപ്രധാനവുമായ ഒരു മുതല്‍ക്കൂട്ടും. ഇടക്കിടെയുള്ള വേഴ്ചകള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും മാനസികസമ്മര്‍ദ്ദം കുറക്കുമെന്നും നല്ല ഉറക്കം കൈവരുത്തുമെന്നും വേദനയെച്ചെറുക്കാനുള്ള കഴിവു പുഷ്ടിപ്പെടുത്തുമെന്നും വേഴ്ചകളിലടങ്ങിയ വ്യായാമം ഹൃദയാരോഗ്യത്തിനു നല്ലതാണെന്നും ഒക്കെ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഇതിനുപാധിയാക്കുന്നത് ഒരൊറ്റപ്പങ്കാളിയെത്തന്നെ വേണോ, അതോ പലരെയും ഉള്‍പ്പെടുത്താമോ എന്ന ചോദ്യത്തിന് ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ കിട്ടുന്ന ഉത്തരം, പരിണാമപരമായി നോക്കുമ്പോള്‍ മനുഷ്യനു മനുഷ്യനായി വളരാനായത് ഒരൊറ്റപ്പങ്കാളിയില്‍ ഒതുങ്ങിനില്‍ക്കുന്ന ശീലം ആവിര്‍ഭവിച്ചതു കൊണ്ടുമാത്രമാണെന്നും, മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവുമുത്തമം ആ ശീലം തുടര്‍ന്നും പാലിക്കുന്നതു തന്നെയാണ് എന്നുമാണ്.
ഏകപങ്കാളീവ്രതത്തിന്‍റെ പരിണാമവഴികള്‍
ഒമ്പതു ശതമാനത്തോളം സസ്തനികളില്‍ ആണും പെണ്ണും ഒന്നിലധികം ഇണക്കാലങ്ങള്‍, ചിലപ്പോള്‍ മുഴുവന്‍ ജീവിതം തന്നെയും, ഒന്നിച്ചുകഴിയാറുണ്ടെന്നും, പരിണാമപരമായി നമ്മോടേറ്റവുമടുത്തുനില്‍ക്കുന്ന കുരങ്ങുവര്‍ഗങ്ങളിലെ നാലിലൊന്നിലധികം ഇനങ്ങളില്‍ ഒറ്റയിണയുമായി മാത്രം ജീവിതംപങ്കിടുന്ന ശീലം നിലവിലുണ്ടെന്നും ഗവേഷകര്‍ പറയുന്നു. കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതിലും അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും അച്ഛന്മാരുടെയും പങ്കാളിത്തമുറപ്പുവരുത്താനും, തന്മൂലം കൂടുതല്‍ വിശ്രമം കിട്ടുന്ന അമ്മമാര്‍ക്ക് നല്ലയാരോഗ്യത്തോടെ പിന്നെയും പ്രസവിക്കാനും കുട്ടികള്‍ക്ക് സുരക്ഷിതരായി വളര്‍ന്ന്‍ പ്രത്യുല്‍പാദനപ്രായമെത്താനുമാവാനും, ആത്യന്തികമായി വംശം കുറ്റിയറാതിരിക്കാനും പ്രകൃതിയൊരുക്കിയ സൂത്രവിദ്യയാണ് ഏകപങ്കാളീവ്രതം എന്നാണു വിദഗ്ദ്ധമതം.
ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 2011-ല്‍ ഫോസിലുകളില്‍ നടത്തിയ പഠനം വ്യക്തമാക്കിയത് 44 ലക്ഷം വര്‍ഷം മുമ്പത്തെ നമ്മുടെ പൂര്‍വികര്‍ ഒന്നിലധികം ഇണകളോടൊത്തു ശയിക്കുന്ന പ്രകൃതക്കാരായിരുന്നെന്നും എന്നാല്‍ 35 ലക്ഷം വര്‍ഷം മുമ്പുണ്ടായിരുന്നവര്‍ ഏകപങ്കാളീവ്രതക്കാരായിരുന്നു എന്നുമാണ്. ഈയൊരു ശീലം മനുഷ്യരില്‍ രൂപമെടുത്തത് ഈ കാലയളവുകള്‍ക്കിടയിലെന്നോ ആവാം. മനുഷ്യരില്‍ ഈ ശീലത്തിന് മറ്റു ജീവികളുടെ കാര്യത്തില്‍ ചൂണ്ടിക്കാണിച്ചവക്കു പുറമെ അതിപ്രധാനമായ വേറെയും പ്രസക്തികളുണ്ട്. മറ്റു ജീവികളും നാം മനുഷ്യര്യം തമ്മിലുള്ള വ്യതിരിക്തതകളുടെ ഒരു പ്രധാന അടിത്തറ നമ്മുടെ തലച്ചോറുകള്‍ ഏറെ പുരോഗമിച്ചവയും തദനുസൃതം വലിപ്പക്കൂടുതലുള്ളവയും ആണെന്നതാണ്. തലച്ചോറിനു പ്രവര്‍ത്തിക്കാന്‍ താരതമ്യേന വളരെക്കൂടുതല്‍ ഊര്‍ജം – ഉദാഹരണത്തിന്, മാംസപേശികള്‍ക്കു വേണ്ടതിനെക്കാള്‍ ഇരുപതിരട്ടിയോളം – ആവശ്യമുണ്ടു താനും. നമ്മുടെ മുതുമുത്തച്ഛന്മാര്‍ നമ്മുടെ മുതുമുത്തശ്ശിമാരോട് വിശ്വാസ്യത കാണിക്കാനും അവരിലുണ്ടായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര പോഷകാഹാരമെത്തിച്ചു കൊടുക്കാനും തുടങ്ങിയതുകൊണ്ടു മാത്രമാണ് മനുഷ്യവംശത്തിന്‍റെ തലച്ചോറിന് ഇന്നുകാണുന്ന രീതിയില്‍ വികസിക്കാനും കുരങ്ങുവംശത്തെക്കാള്‍ ഏറെയധികം ബുദ്ധി നമുക്കു സ്വായത്തമാവാനും ഇടയൊരുങ്ങിയത്.
ഒറ്റയിണയില്‍ ഒതുങ്ങിയാലുള്ള ഗുണങ്ങള്‍
ഏകപങ്കാളീവ്രതം കൊണ്ട് ഇക്കാലത്തും പല പ്രയോജനങ്ങളുമുണ്ട്. പങ്കാളിയെ ആഴത്തിലടുത്തറിയാനും, ദൃഢമായൊരു വൈകാരികബന്ധം വളര്‍ത്തിയെടുക്കാനും, അങ്ങിനെ ആ വ്യക്തിയോടൊത്തു ശയിക്കാനുള്ള ത്വര ഉല്‍ക്കടമാവാനും, അനാവശ്യ സംശയങ്ങള്‍ക്ക് ഒരിടയും ലഭിക്കാതെയും ലൈംഗികരോഗങ്ങളുടെ ഭീതിയില്ലാതെയും ഒരു ദുര്‍പ്രത്യാഘാതത്തെയും പറ്റി ആവലാതികൊള്ളാതെയും തികഞ്ഞ മനശ്ശാന്തിയോടെ സുരതങ്ങളില്‍ മുഴുകാനും, അതുവഴി കൂടുതല്‍ ലൈംഗികോദ്ദീപനം കിട്ടാനും, വേഴ്ചകള്‍ കൂടുതല്‍ അര്‍ത്ഥവത്തായി അനുഭവപ്പെടാനുമൊക്കെ അവസരങ്ങളുള്ളത് ഇത്തരം ബന്ധങ്ങളില്‍ മാത്രമാണ്. ഇങ്ങിനെയൊരു പങ്കാളിയുടെ സാന്നിദ്ധ്യം ജീവിതത്തെ സധൈര്യം നേരിടാനും ഒരു വ്യക്തിയെന്ന നിലക്ക് ഏറ്റവും കാര്യക്ഷമമായി വളരാനുമൊക്കെ നമുക്കു മുതല്‍ക്കൂട്ടാവുകയും ചെയ്യും. മിക്ക സംസ്കാരങ്ങളിലും സ്വീകാര്യതയുള്ളത് ഇത്തരം ബന്ധങ്ങള്‍ക്കു മാത്രമാണെന്നതും പരിഗണനീയമാണ്.
പാപത്തിന്‍റെ ശമ്പളം
അവിഹിതങ്ങളുടെ ഏറ്റവും വലിയ ഭവിഷ്യത്ത് എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ പിടിപെടുന്നതു തന്നെയാണ്. 2012-ല്‍ ഭൂമിയില്‍ ഏറ്റവുമാളെക്കൊന്ന രോഗങ്ങളുടെ ലോകാരോഗ്യസംഘടനയുണ്ടാക്കിയ പട്ടികയില്‍ എയ്ഡ്സിന് ആറാംസ്ഥാനമുണ്ടായിരുന്നു. നാഷണല്‍ എയ്ഡ്സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത് ഇന്ത്യയിലെ എയ്ഡ്സ് രോഗികളില്‍ 86 ശതമാനത്തിനും ആ രോഗം പകര്‍ന്നുകിട്ടിയത് സുരക്ഷകള്‍ പാലിക്കാതുള്ള വേഴ്ചകളിലൂടെയായിരുന്നെന്നാണ്. ഇതിനു പുറമെ ഹെപ്പറ്റൈറ്റിസ്, എച്ച്.പി.വി. ബാധ, സിഫിലിസ്, ഗൊണേറിയ, ക്ലമീഡിയാസിസ് തുടങ്ങിയ അസുഖങ്ങളും ലൈംഗികസമ്പര്‍ക്കങ്ങളിലൂടെ വന്നുഭവിക്കുന്നവയാണ്. ഇവയില്‍ പലതും വന്ധ്യതക്കും കാന്‍സറിനുമൊക്കെ നിദാനമായേക്കാവുന്നവ പോലുമാണു താനും. അടുത്ത കാലത്ത് ലൈംഗികരോഗബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനു നിമിത്തം ചെറുപ്രായക്കാരില്‍ അവിഹിതങ്ങള്‍ പെരുകുന്നതാണ് എന്നു പല പഠനങ്ങളും സമര്‍ത്ഥിക്കുന്നുമുണ്ട്.
കോണ്ടങ്ങള്‍ക്കു പഴുതുകളില്ലാതില്ല
കോണ്ടമുപയോഗിച്ചാല്‍ സര്‍വവിധ ലൈംഗികരോഗങ്ങള്‍ക്കുമെതിരെ നൂറുശതമാനം പ്രതിരോധമാവുമെന്നത് മിഥ്യാധാരണയാണ്. വേഴ്ചാവേളകളില്‍ കോണ്ടം മൂന്നു മുതല്‍ അഞ്ചു വരെ ശതമാനമാളുകളില്‍ മുഴുവനായും ഊരിപ്പോരാമെന്നും, 13% വരെ പേരില്‍ ഭാഗികമായി ഇളകിമാറാമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ഇത്തരമപകടങ്ങള്‍ക്കുള്ള സാദ്ധ്യത കൂടി കണക്കിലെടുത്താല്‍ കോണ്ടം നല്‍കുന്ന സുരക്ഷിതത്വം എയ്ഡ്സിനും ഗൊണേറിയക്കുമെതിരെ 80-85%, സിഫിലിസിനെതിരെ 50-66%, ക്ലമീഡിയാസിസിനും ട്രൈക്കൊമോണിയാസിസിനുമെതിരെ 26-85% എന്നിങ്ങനെ മാത്രമാണ്. കോണ്ടമിടുന്നതിനു മുമ്പുള്ള ചര്‍മങ്ങളുടെ പരസ്പരസ്പര്‍ശത്താല്‍ പകരാവുന്ന ഹെര്‍പ്പിസ് രോഗത്തിനെതിരെയോ കോണ്ടം കൊണ്ടു പൊതിയപ്പെടാത്ത ശരീരഭാഗങ്ങളെയും ബാധിക്കാവുന്ന എച്ച്.പി.വി. ബാധക്കെതിരെയോ കോണ്ടം പൂര്‍ണപ്രതിരോധമൊരുക്കുമെന്നു പ്രതീക്ഷിക്കാന്‍പോലുമാവില്ല.
ഒരു ഗര്‍ഭനിരോധനമാര്‍ഗമെന്ന നിലക്കും കോണ്ടങ്ങള്‍ക്ക് നൂറുശതമാനം കാര്യക്ഷമതയൊന്നുമില്ല.
സംസര്‍ഗത്തിന്‍റെ നൈമിഷികാനന്ദം മിന്നിപ്പൊലിഞ്ഞുകഴിഞ്ഞാല്‍ പലപ്പോഴും ബാക്കിനില്‍ക്കുക കുറ്റബോധവും സ്വയംമതിപ്പു പൊയ്പ്പോവലും കാര്യം പരസ്യമായേക്കുമോ, വല്ല രോഗവും കിട്ടിക്കഴിഞ്ഞോ, ബ്ലാക്ക്മെയിലിങ്ങിന് ഇരയായേക്കുമോ എന്നൊക്കെയുള്ള ആകുലതകളുമാവാം. ചിലര്‍ക്കെങ്കിലും അവിഹിതങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന ഗര്‍ഭധാരണവും കുടുംബശൈഥില്യവുമൊക്കെ നേരിടേണ്ടതായും വരാം.
തന്‍റെ വിവാഹപങ്കാളിക്ക് അവിഹിതബന്ധമുണ്ട് എന്ന തിരിച്ചറിവ് ഏതൊരാളെയും വല്ലാതെ തളര്‍ത്തിക്കളയാം. വഞ്ചിക്കപ്പെട്ടുവെന്ന ബോദ്ധ്യവും ഇങ്ങിനെയൊക്കെ വന്നുഭവിച്ചത് തന്‍റെതന്നെ വല്ല പോരായ്മയോ പിഴവോ കൊണ്ടാണോ എന്ന ചിന്താക്കുഴപ്പവുമൊക്കെ അവരില്‍ വിഷാദം പോലുള്ള മാനസികപ്രശ്നങ്ങള്‍ക്കു വരെ വിത്തിടുകയും ചെയ്യാം. തുടര്‍ന്നും ഒന്നിച്ചുതന്നെ കഴിയാന്‍ തീരുമാനിക്കുന്നവരില്‍ ദാമ്പത്യത്തിന്‍റെ അടിത്തറയായ പരസ്പരവിശ്വാസത്തില്‍ അപ്പോഴേക്കും വീണുകഴിയുന്ന വിള്ളല്‍ തുടര്‍ജീവിതത്തിലും ഉലച്ചിലുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കാം.
മാതാപിതാക്കളുടെ അവിഹിതങ്ങള്‍ അവരുടെ കുട്ടികളില്‍ കോപം, സങ്കടം, ലജ്ജ, ഉത്ക്കണ്ഠ, കുറ്റബോധം, ആശയക്കുഴപ്പം തുടങ്ങിയവക്ക് ഹേതുവാകാം. ചതി കാണിച്ച രക്ഷിതാവിന്‍റെ സ്നേഹം തിരിച്ചുപിടിക്കാനും ചതിക്കപ്പെട്ടയാള്‍ക്ക് ആശ്വാസം പകരാനുമുള്ള ഉത്തരവാദിത്തങ്ങള്‍ അവര്‍ സ്വന്തം ചുമലിലേറ്റെടുത്താല്‍ അത് അവരുടെ ക്ലേശതകളെ പിന്നെയും പെരുപ്പിക്കാം. വേലിചാടലുകളുടെ പേരില്‍ വഴിപിരിയേണ്ടിവരുന്ന ദമ്പതികളുടെ മക്കള്‍ക്ക് മുതിര്‍ന്നുകഴിഞ്ഞ് വ്യക്തിബന്ധങ്ങളിലേര്‍പ്പെടുമ്പോള്‍ വല്ലാത്ത ആത്മവിശ്വാസക്കുറവു തോന്നാമെന്നും ഇത്തരക്കാര്‍ സ്വന്തമിണകളെ വഞ്ചിക്കാനുള്ള സാദ്ധ്യത താരതമ്യേന കൂടുതലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
ചില പരിഹാര, പ്രതിരോധ മാര്‍ഗങ്ങള്‍
ലൈംഗികസുരക്ഷയെപ്പറ്റിയുള്ള അവബോധപ്പെടുത്തലുകള്‍ കൌമാരപ്രായം തൊട്ടേ തുടങ്ങുന്നതും മുതിര്‍ന്നുകഴിഞ്ഞവര്‍ക്കും ഇവ്വിഷയകമായ ഓര്‍മപ്പെടുത്തലുകള്‍ കൊടുത്തുകൊണ്ടിരിക്കുന്നതും ഗുണകരമാവാം. എങ്ങിനെ ഫലപ്രദമായി ആശയവിനിമയം നടത്താം, വിട്ടുവീഴ്ചകളുടെ പ്രാധാന്യമെന്ത്, ആത്മനിയന്ത്രണം എങ്ങിനെ സ്വായത്തമാക്കാം, ചെറിയ ചെറിയ അസ്വാരസ്യങ്ങളെ പഴുത്തുപൊട്ടും മുമ്പേതന്നെ എങ്ങിനെ ഉണക്കിയെടുക്കാം എന്നതിലൊക്കെ പരിശീലനം നല്‍കുന്ന ശാസ്ത്രീയമായ വിവാഹപൂര്‍വ കൌണ്‍സലിങ്ങുകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയോ അവ നിര്‍ബന്ധമാക്കുക പോലുമോ വേണ്ടതുണ്ട്. ഔപചാരിക ലൈംഗികവിദ്യാഭ്യാസം ഒരിക്കലും സിദ്ധിച്ചിട്ടില്ലാത്തവര്‍ക്ക് വിവാഹത്തിനു മുമ്പെങ്കിലും അതു കൊടുക്കേണ്ടതുമുണ്ട്. (ഉദാഹരണത്തിന്, തിരുവനന്തപുരത്തെ അമ്പതു വിവാഹിതകളില്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കിയത് അക്കൂട്ടത്തില്‍ പത്തുപേര്‍ക്ക് ഒരിക്കല്‍പ്പോലും രതിമൂര്‍ച്ഛയനുഭവിക്കാന്‍ യോഗമുണ്ടായിട്ടില്ല എന്നാണ്. ആ ദമ്പതിമാര്‍ക്കു യഥാവിധി ലൈംഗികവിദ്യാഭ്യാസം കിട്ടിയിരുന്നെങ്കില്‍ ഈയൊരു ദുസ്ഥിതി ഒരുപക്ഷേ തടയാമായിരുന്നു.) ആദ്യ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ദാമ്പത്യങ്ങളെ ഗ്രസിക്കാറുള്ള മടുപ്പ്, “വറൈറ്റി”ക്കുറവിനെച്ചൊല്ലിയുള്ള ഹതാശ തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള പരിശീലനവും എല്ലാ ദമ്പതികള്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. മുങ്ങിത്തുടങ്ങുന്ന ദാമ്പത്യങ്ങളെ തിരിച്ചുയര്‍ത്താനുള്ള ശാസ്ത്രീയമായ കൌണ്‍സലിങ്ങുകള്‍ക്കും മറ്റു കൈത്താങ്ങുകള്‍ക്കും സംസ്ഥാനത്തുടനീളം കൂടുതല്‍ പ്രാമുഖ്യവും പ്രചാരവും കിട്ടേണ്ടതുമുണ്ട്.
കടപ്പാട് :
( ഡോ. ഷാഹുല്‍ അമീന്‍ – 2015 ആഗസ്റ്റ് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)കാലോചിതമായ സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ ലേഖനം . ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.