ബാഗ്ദാദ്: ഒന്‍പത് വയസ്സുകാരിയെ വിവാഹം കഴിക്കാമെന്ന വിചിത്ര നിയമവുമായി ഇറാഖ്. പുതുക്കിയ വിവാഹ നിയമത്തിലാണ് ഇത്തരത്തിലുള്ള ക്രൂരമായ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്രൂരവും മനുഷത്വരഹിതവുമായ പുതിയ വിവാഹ നിയമത്തിനെതിരെ ഇറാഖില്‍ വ്യാപക പ്രതിഷേധം. ബാലികാ വിവാഹം നിയമവിധേയമാക്കുന്നതിനോടൊപ്പം സ്ത്രീകളുടെ പല അവകാശങ്ങളും ഈ നിയമം നടപ്പിലാക്കുന്നതോടെ ഇല്ലാതാകും.
‘ജഫാരി പേഴ്സണല്‍ സ്റ്റാറ്റസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നിയമം നടപ്പിലാക്കിയാല്‍ ഇസ്ലാം മതപണ്ഡിതന്മാര്‍ക്ക് വിവാഹം നടത്തുന്നതിനുള്ള മുഴുവന്‍ അവകാശങ്ങളും ലഭ്യമാകും. വിവാഹത്തിനു ശേഷമുള്ള ലൈംഗികപീഡനങ്ങള്‍ നിയമാനുസൃതമാക്കുകയും, ഇസ്ലാം സ്ത്രീകള്‍ മറ്റു മതത്തില്‍പ്പെട്ട പുരുഷന്മാരെ വിവാഹം കഴിക്കുന്നത് തടയുകയും, ഒന്‍പതുവയസ്സുള്ള കുട്ടികള്‍ക്ക് വിവാഹം കഴിക്കാം എന്നും മറ്റുമുള്ള കാര്യങ്ങളും ഈ നിയമത്തില്‍ ഉള്‍പ്പെടുന്നു.
നവംബര്‍ ഒന്നിന് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഈ ബില്ല് മന്ത്രി സഭയില്‍ അവതരിപ്പിക്കുകയും മന്ത്രിസഭ നിയമം അംഗീകരിക്കുകയും ചെയ്തു. പാര്‍ലമെന്റുകൂടി ഈ നിയമം അംഗീകരിച്ചാല്‍ ഇറാഖില്‍ വസിക്കുന്ന എല്ലാ ഷിയ യുവതികള്‍ക്കും നിലവില്‍ ലഭ്യമാകുന്ന പല അവകാശങ്ങളും ഇല്ലാതാകും.
മനുഷ്യാവകാശ സംഘടനകളും സ്ത്രീസംഘടനകളും എല്ലാം തന്നെ നിയമം നടപ്പിലാക്കരുത് എന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. നിയമം നടപ്പിലാക്കിയാല്‍ സ്ത്രീകളുടെ മേലുള്ള മുഴുവന്‍ അവകാശവും ഭര്‍ത്താക്കന്മാര്‍ക്കായിരിക്കും. കൂടാതെ ഭര്‍ത്താവിന്റെ ലൈംഗിക ആവശ്യങ്ങള്‍ ഏതു വിധേനയും ഭാര്യ നടപ്പിലാക്കണം എന്നും നിയമം അനുശാസിക്കുന്നുണ്ട്.