സിറിയ : പൈശാചിക പ്രവര്‍ത്തിയിലൂടെ ലോകരാഷ്ട്രങ്ങള്‍ക്ക് പേടിസ്വപ്‌നമായിരുന്നു ഐ.എസിന് ഇനി ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ല. ഐ. എസ് ഇനി സിറിയയിലും ഇറാഖിലും ഐഎസ് ഇനി വേരുറപ്പിക്കില്ല എന്ന് നിസംശയം പറയാം.ഇറാഖിലെയും സിറിയയിലേയും ശക്തി കേന്ദ്രങ്ങളെല്ലാം സൈന്യം വീണ്ടെടുത്തിരിക്കുകയാണ്. ഇറാഖിലെ മൊസൂളില്‍ സൈന്യം ഭീകരര്‍ക്കെതിരെ ആഞ്ഞടിക്കുമ്പോള്‍ സിറിയയിലെ തബാഖ് നഗരത്തില്‍ കുര്‍ദിഷ് സിറിയന്‍ ഡെമോക്രാട്ടിക് സഖ്യം അവസാനത്തെ ഐ. എസ് ഭീകരനേയും ഉന്‍മൂലനം ചെയ്തിരിക്കുകയാണ്.
അനുദിനം ഭീകരരെ തുരത്തിക്കൊണ്ട് ഇരു സേനകളും കൂടുതല്‍ പ്രത്യാശയിലാണ്. മനുഷ്യ കവചം രൂപികരിച്ച് സൈന്യത്തെ തടയാന്‍ പറ്റുമെന്ന ഭീകരരുടെ ഒടുവിലത്തെ ആഗ്രഹവും ഇനി വിലപ്പോകില്ല, കാരണം സൈന്യം അത്രമാത്രം ഐ.എസിനെ ഇരു രാജ്യങ്ങളിലും അമര്‍ച്ച ചെയ്തിരിക്കുകയാണ്. തബാഖിലെ ഒടുവിലത്തെ സ്‌നൈപ്പറേയും തങ്ങള്‍ വധിച്ചു എന്ന സൈനിക കമാന്‍ഡന്‍ഡിന്റെ വാക്കുകള്‍ ഇതിന് ഉത്തമ ഉദാഹരണമാണ്.
സിറിയയുടെ വടക്കന്‍ പ്രവിശ്യയായ തബാഖില്‍ കുര്‍ദിഷ് സിറിയന്‍ ഡെമോക്രാട്ടിക് സഖ്യം മികച്ച പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. നഗരത്തിന്റെ തൊണ്ണൂറ് ശതമാനവും സഖ്യം പിടിച്ചെടുത്തു. ഇപ്പോള്‍ തബാഖിന്റെ വടക്കന്‍ പ്രദേശങ്ങളായ വഹാദ്, തബാഖ് തടാകത്തിന്റെ പ്രദേശങ്ങളില്‍ മാത്രമാണ് ഐ.എസ് അവശേഷിക്കുന്നത്. ഇവരെ എത്രയും പെട്ടെന്ന് കീഴടക്കാന്‍ സാധിക്കുമെന്നാണ് സഖ്യം പ്രതീക്ഷിക്കുന്നത്.എന്നാല്‍ സമീപ പ്രദേശമായ അബാദ് നഗരത്തില്‍ നിന്നും ചില പ്രത്യാക്രമണങ്ങള്‍ ഐ.എസ് ഭീകരര്‍ നടത്തുന്നുണ്ട്.
ഇറാഖിലും ഐ.എസിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. മൊസൂളിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പൂര്‍ണമായും സൈന്യം കീഴടക്കിയിട്ടുണ്ട്. ഇറാഖി സേനയുടെ ഒന്‍പതാമത്തെ ഡിവിഷനാണ് ഇപ്പോള്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പോരാട്ടം നടത്തുന്നത്. ഇറാഖി സേനയ്ക്ക് പിന്തുണയുമായി യുഎസ് വ്യോമാക്രമണവും നടത്തുന്നുണ്ട്. പടിഞ്ഞാറന്‍ മൊസൂളിലെ 70 ശതമാനം പ്രദേശവും പിടിച്ചെടുത്തുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്.