ഐ.എസ് ബന്ധം:കേരളത്തിലെ മൂന്ന്‌ പ്രമുഖ വ്യവസായികളെ ചോദ്യം ചെയ്‌തു

കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക്‌ സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന മൂന്നു വന്‍ വ്യവസായികളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു.ഭീകരസംഘടനക്കുവേണ്ടി പണമിടപാടു നടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ്‌ ഇവരെ ചോദ്യം ചെയ്‌തത്‌.അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കിയില്ലെന്നും ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഉന്നത പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. ഐ.എസില്‍ ചേര്‍ന്നുവെന്നു കരുതുന്ന മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട്‌ ഇവര്‍ നേരത്തേതന്നെ സുരക്ഷ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ്‌ ഇവരില്‍നിന്നും ശേഖരിച്ച മൊഴി തൃപ്‌തികരമല്ലെന്നും അന്വേഷണസംഘം പറഞ്ഞു.
അതേസമയം പാഠ്യപദ്ധതി മതേതര വിരുദ്ധമാണെന്ന പരാതിയില്‍ കൊച്ചിയിലെ പീസ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരേ കൊച്ചി സിറ്റി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മതനിരപേക്ഷതയ്‌ക്ക്‌ എതിരായ വിഷയങ്ങളുണ്ടെന്നും ഇത്‌ വിദ്യാഭ്യാസ അവകാശ നിയമത്തിന്‌ എതിരാണെന്നുമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ പാലാരിവട്ടം പോലീസ്‌ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌.
സ്‌കൂള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍, പ്രിന്‍സിപ്പല്‍, ആറ്‌ മാനേജ്‌മെന്റ്‌ ട്രസ്‌റ്റികള്‍ എന്നിവരെയാണ്‌ പ്രതി ചേര്‍ത്തത്‌. കാക്കനാട്‌ കുന്നുംപുറം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഇന്നലെ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചു.

മതസ്‌പര്‍ധ വളര്‍ത്തുന്നതിന്‌ ചുമത്തുന്ന 153 (എ) വകുപ്പാണ്‌ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ ചുമത്തിയിരിക്കുന്നത്‌. എല്‍.പി-യു.പി വിഭാഗത്തിലെ പാഠപുസ്‌തകങ്ങളിലാണ്‌ മതവിദ്വേഷമുണ്ടാക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്‌.
പ്രത്യേക മതവിഭാഗത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കണമെന്നും മറ്റുള്ളവര്‍ക്കെതിരേ പോരാടണമെന്നും പുസ്‌തകത്തിലുണ്ട്‌. ബയോളജി പോലുള്ള വിഷയങ്ങള്‍ക്ക്‌ വിലക്കുമുണ്ട്‌. 2009 ല്‍ ആരംഭിച്ച സ്‌കൂളിന്‌ ഇപ്പോഴും സി.ബി.എസ്‌.ഇ അംഗീകാരം ലഭിച്ചിട്ടില്ലെന്നും നിലവിലുള്ള വിദ്യാഭ്യാസ നിയമത്തിന്‌ വിരുദ്ധവും ചില മതങ്ങളുടെ ആശയങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ്‌ സ്‌കൂളിന്റെ പ്രവര്‍ത്തനരീതിയെന്നും പോലീസ്‌ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ വിദ്യാഭ്യാസ ഓഫിസര്‍ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ക്ക്‌ നല്‍കിയ റിപ്പോര്‍ട്ട്‌ പറയുന്നു.
ഐ.എസ്‌ ബന്ധം ആരോപിച്ച്‌ പിടിയിലായ ചിലര്‍ക്ക്‌ പീസ്‌ സ്‌കൂളുമായും അനുബന്ധ സംഘടനകളുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ സ്‌കൂളിലെ പാഠ്യപദ്ധതിയെ സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ പോലീസ്‌ ഡി.ഇ.ഒയോട്‌ ആവശ്യപ്പെട്ടത്‌.
ഐ.എസ്‌. ബന്ധം ആരോപിക്കപ്പെടുന്ന മറിയം എന്ന മെറിന്‍ ജോസഫ്‌ പീസ്‌ സ്‌കൂളില്‍ അധ്യാപികയായിരുന്നുവെന്നാണ്‌ പോലീസിന്റെ കണ്ടെത്തല്‍.
അതേസമയം സ്‌കൂളില്‍ മറ്റ്‌ പാഠ്യ വിഷയങ്ങള്‍ക്കൊപ്പം മതവിഷയവും പഠിപ്പിക്കുന്നുണ്ടെന്നാണ്‌ പീസ്‌ സ്‌കൂള്‍ അധികൃതരുടെ വാദം. അത്‌ മതനിരപേക്ഷതയ്‌ക്ക്‌ എതിരല്ല. സ്‌കൂളില്‍ 50 ശതമാനത്തില്‍ ഏറെയും അധ്യാപകര്‍ അമുസ്ലിങ്ങളാണ്‌.
വിവിധ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികളും സ്‌കൂളില്‍ പഠനം നടത്തുന്നുണ്ട്‌. സ്‌കൂളിന്‌ സി.ബി.എസ്‌.ഇ അംഗീകാരത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. ഐ.എസ്‌. ബന്ധം ആരോപിക്കുന്ന മെറിന്‍ പീസ്‌ സ്‌കൂളില്‍ ഇന്റര്‍വ്യൂവിന്‌ എത്തിയിരുന്നെങ്കിലും സ്‌കൂളില്‍ ജോലിക്കെടുത്തിരുന്നില്ല. അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top