വിദേശ പൗരന്മാര്‍ സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരുന്നതും ജിഹാദികളായി പ്രവര്‍ത്തിക്കുന്നതും ഇതിനകം ഒട്ടേറെത്തവണ വാര്‍ത്തകളായിക്കഴിഞ്ഞു. എന്നാല്‍, ഭീകരരുടെ അടുത്ത തലമുറയെ സൃഷ്ടിക്കുന്നതിന് വിദേശികളായ സ്ത്രീകള്‍ സിറിയയിലെത്തി ഭീകരരില്‍നിന്ന് ഗര്‍ഭം ധരിക്കുന്നുവെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.
വരുംതലമുറ ജിഹാദികളെ സൃഷ്ടിക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ അമര്‍നാഥ് അമരസിംഗം പറയുന്നു. കാനഡയില്‍നിന്ന് സിറിയയിലെത്തി ഗര്‍ഭിണികളായ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പഠനമെങ്കിലും ഇത് കാനഡയില്‍ മാത്രമൊതുങ്ങുന്നതല്ലെന്നും യൂറോപ്പിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളില്‍നിന്നും സമാനമായ രീതിയില്‍ ഐസിസ് കുഞ്ഞുങ്ങള്‍ക്കായി ഗര്‍ഭിണികളായ സ്ത്രീകളുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ഐസിസ് നിയന്ത്രണത്തിലുള്ള സിറിയയിലേക്ക് 12ഓളം സ്ത്രീകള്‍ കാനഡയില്‍നിന്ന് പോയിട്ടുണ്ട്. ഇതില്‍ മൂന്നുപേര്‍ ഇതിനകം പ്രസവിക്കുകയും ചെയ്തു. മറ്റു രണ്ടുപേര്‍ ഗര്‍ഭിണികളായി ട്ടുണ്ടെന്നും അമര്‍നാഥ് പറയുന്നു. ജിഹാദികളാകുന്നതിനുവേണ്ടി സിറിയയിലേക്ക് പോയ വിദേശികളെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനിടെയാണ് ഈ പ്രത്യേക തരം ജിഹാദി പ്രവര്‍ത്തനം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുമായി സോഷ്യല്‍ മീഡിയയുടെ സഹായതതോടെ സംസാരിക്കുകയും സിറിയയിലുള്ള വിമതരുമായി സംസാരിക്കുകയും ചെയ്താണ് വിദേശ സാന്നിധ്യം എത്രത്തോളമുണ്ടെന്ന് അമര്‍നാഥ് മനസ്സിലാക്കിയത്. ഐസിസ് ഭീകരരില്‍നിന്ന് ഗര്‍ഭംധരിച്ച കനേഡിയന്‍ യുവതികളുടെ കുടുംബങ്ങളെയും പോയി കണ്ടിരുന്നു.