കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിഷ്‌കളങ്കനെന്ന് ജലന്ധര്‍ രൂപത. ജലന്ധര്‍ രുപതാ കണ്‍സള്‍ട്ടേഴ്‌സ് സമിതിയുടെ പേരില്‍ മലയാളത്തിലിറക്കിയ മൂന്ന് പേജ് പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ നിഷ്‌കളങ്കനാണെന്നും രൂപത ഒന്നടങ്കം ബിഷപ്പിന് പിന്നില്‍ അണിനിരക്കുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ജലന്ധറില്‍ നിന്നു പുറത്തിറക്കിയ പത്രക്കുറിപ്പിലുടനീളം ബിഷപ് ഫ്രാങ്കോ നിഷ്‌കളങ്കനാണെന്നും പരാതിക്കാരിയായ കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കുന്നു.
‘പരാതിക്കാരിയായ സിസ്റ്റര്‍ക്കെതിരേ ലഭിച്ച ഗുരുതരമായ സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ടുള്ള ഒരു പരാതിയില്‍ അന്വേഷണവും അതിന്മേലുള്ള തുടര്‍നടപടികളും തടയുന്നതിനു വേണ്ടിയും സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങളായ കുറവിലങ്ങാട് ആസ്ഥാനമാക്കി ബിഹാര്‍ റീജണുണ്ടാക്കി അതിന്റെ അധികാരത്തിലിരിക്കാനും അതിനു തന്നെ പിന്താങ്ങുന്നവരെ സംരക്ഷിക്കാനുള്ള ബ്ലാക്ക്മെയില്‍ തന്ത്രമാണിതെന്നും ജലന്തര്‍ രൂപതയും വിശ്വാസി സമൂഹവും ഒന്നടങ്കം വിശ്വസിക്കുകയും പ്രസ്താവിക്കുകയും ചെയ്യുന്നു. അഭിവന്ദ്യ പിതാവിന് നേരേയുള്ള വധഭീഷണി സംബന്ധിച്ചുള്ള പരാതിയില്‍ നടക്കുന്ന പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ചെന്നപ്പോഴാണ് സിസ്റ്റര്‍ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിച്ചത് എന്നത് ഇതിന്റെ പുറകിലുള്ള ഗൂഢലക്ഷ്യമെന്താണെന്നു വ്യക്തമാക്കുന്നു. മാത്രവുമല്ല രൂപതയുടെ കുറവിലങ്ങാടുള്ള ഓള്‍ഡ് ഹോമിനോടു ചേര്‍ന്നുള്ള പിതാക്കന്‍മാര്‍ക്കും ബഹുമാനപ്പെട്ട വൈദികര്‍ക്കും കേരളത്തില്‍ വരുമ്പോള്‍ താമസിക്കാനുള്ള ഔദ്യോഗിക ഗസ്റ്റ് റെസിഡന്‍സിലുള്ള ഗസ്റ്റ് റജിസ്റ്റര്‍ നോക്കി ഏതൊക്കെ ദിവസങ്ങളില്‍ അഭിവന്ദ്യ പിതാവ് അവിടെ താമസിച്ചിട്ടുണ്ടെന്നു മനസിലാക്കി ആ ദിവസങ്ങളിലൊക്കെ ബിഷപ്പ് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നു പറയുന്ന സിസ്റ്ററിന്റെ കുശാഗ്ര ബുദ്ധിയെയും ദുഷ്ട മനഃസാക്ഷിയെയും ജലന്ധര്‍ രൂപത അതീവ ഗൗരവത്തോടെ അപലപിക്കുന്നു, വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ജലന്ധര്‍ രൂപതയുടെ കീഴിലുള്ള സന്യാസിനി സമൂഹമായ മിഷനറീസ് ഓഫ് ജീസസിന്റെ രക്ഷാധികാരിയായ ബിഷപ് വേണ്ട സമയങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് പറയുന്ന വാര്‍ത്താക്കുറിപ്പ് വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചുപേര്‍ മഠം വിട്ടു പോയതിനെത്തുടര്‍ന്ന് അഞ്ചു മഠങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. അനാവശ്യമായി ഇതുവരെ ഒരു കാര്യത്തിലും ബിഷപ് ഇടപെടുന്നില്ലെന്നു വ്യക്തമാക്കുന്ന പത്രക്കുറിപ്പ് ദൈവവിക ശക്തിയാല്‍ നയിക്കപ്പെടുന്ന ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി അണി നിരക്കുമെന്നും പ്രഖ്യാപിക്കുന്നുണ്ട്.
അതേസമയം പരാതി അടുത്തിടെ മാത്രം നല്‍കിയെന്ന രൂപത കണ്‍സള്‍ട്ടേഴ്സ് ഫോറത്തിന്റെ വാദം പൂര്‍ണമായും തള്ളുന്നതാണ് കഴിഞ്ഞ വര്‍ഷം പരാതിക്കാരിയായ കന്യാസ്ത്രീ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കയച്ച കത്ത്. തന്റെ ഇഷ്ടക്കാരായ ഒരു വിഭാഗം വൈദികരുടെ പേരില്‍ രൂപതയിലെ എല്ലാവരുടെയും നിലപാട് എന്ന പേരില്‍ പത്രക്കുറിപ്പ് പുറത്തിറക്കിയതിനെതിരേ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികര്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയെ ആക്ഷേപിക്കാനും ബിഷപ്പിനെ വെള്ളപൂശാനും രൂപതയുടെ മൊത്തം പേരുപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജലന്ധര്‍ രൂപതാംഗമായ ഒരു വൈദികന്‍ വ്യക്തമാക്കി.