ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിയുടെ പ്രത്യേക അധാകാരം ഉപയോഗിച്ചുള്ള ഉത്തരവും പുറത്തിറങ്ങി.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്. 1950ല്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പിനെ എതിര്‍ത്തുപോന്ന നയമാണു ബിജെപിക്കുള്ളത്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് 1950കളുടെ തുടക്കത്തില്‍ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയര്‍ത്തി 370-ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്.
ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയില്‍ അദ്ദേഹം ശക്തമായി എതിര്‍ത്തു. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവര്‍ഷമാണ്. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടുവന്നതാണു 370-ാം വകുപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്കും പ്രത്യേക അവകാശപദവി നല്‍കിയിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35A യും ഇല്ലാതാവും. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.