കോന്നിയില്‍ ജനീഷ് കുമാറിനെ നേരിടാന്‍ യുഡിഎഫ് രംഗത്തിറക്കുന്നത് മോഹന്‍രാജിനെയോ ? ; കോന്നിയല്ലാതെ മറ്റൊരു മണ്ഡലവും വേണ്ടന്ന നിലപാടില്‍ മോഹന്‍രാജ് പക്ഷക്കാര്‍

സ്വന്തം ലേഖകൻ

പത്തനംതിട്ട: നിയമസഭാതിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കേ കോന്നിയില്‍ ജനീഷ് കുമാറിനെ നേരിടാന്‍ ആരെ രംഗത്തിറക്കുമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ പുരോഗമിക്കുന്നു. എ ഗ്രൂപ്പുകാരനും മുന്‍ ഡിസിസി പ്രസിഡന്റുമായ മോഹന്‍രാജിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജനീഷ് കുമാറിനെതിരെ യുഡിഎഫ് കളത്തിലിറക്കിയത് മോഹന്‍രാജിനെയായിരുന്നു. പരമ്പരാഗതമായ ഐ ഗ്രൂപ്പ് കൈയടക്കിവെച്ചിരുന്ന കോന്നി കെപിസിസിയുടെ തീരുമാനപ്രകാരമായിരുന്നു മുന്‍ ഡിസിസി പ്രസിഡന്റുകൂടിയായ എ ഗ്രൂപ്പുകാരനായ മോഹന്‍രാജ് മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ തവണ പരാജയം രുചിച്ചെങ്കിലും ഇത്തവണയും മോഹന്‍രാജിനെ തന്നെ രംഗത്തിറക്കാനാണ് സാധ്യത.

കഴിഞ്ഞ തവണ കോന്നിയില്‍ മോഹന്‍രാജിനെ മത്സരിപ്പിക്കാനായി എ ഗ്രൂപ്പിന്റെ കൈയിലിരുന്ന അരൂര്‍ മണ്ഡലവും ഐ ഗ്രൂപ്പുകാരുടെ കോന്നി മണ്ഡലവും വെച്ചുമാറുകയായിരുന്നു.ഉപതിരഞ്ഞെടുപ്പില്‍ അരൂരില്‍ ഐ ഗ്രൂപ്പുപക്ഷക്കാരിയായ ഷാനിമോള്‍ ഉസ്മാന്‍ സിപിഎമ്മില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തതിനാല്‍ അരൂര്‍ ഇനി എ ഗ്രൂപ്പിന് തിരികെ നല്‍കാന്‍ ഐ ഗ്രൂപ്പ് തയാറാകില്ലെന്നുറപ്പാണ്. അതിനാല്‍ തന്നെ കോന്നിയില്‍ എ ഗ്രൂപ്പുകാരനായ മോഹന്‍രാജിന് സാധ്യതയേറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. കൂടാതെ, എ.കെ ആന്റണിയുടെ ഇഷ്ടക്കാരന്‍ എന്ന നിലയ്ക്കും പത്തനംതിട്ടയില്‍ തന്റേതായ സ്വാധീനമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്റെ പിന്തുണയും മോഹന്‍രാജിന് അനുകൂല ഘടകമാണ്. മാത്രമല്ല, മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിലെ ഹൈന്ദവ വോട്ടുകള്‍ ബിജെപിയിലേക്ക് മറിയാതിരിക്കാന്‍ മോഹന്‍രാജ് തന്നെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന വിലയിരുത്തലിലാണ് നേതാക്കന്മാര്‍.

അതേ സമയം അടൂര്‍ പ്രകാശിന്റെ നോമിനിയും കോന്നിക്കായി രംഗത്തുണ്ട്.എന്നാല്‍ ആര് വന്നാലും കോന്നി വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് മോഹന്‍രാജ് പക്ഷം. നേതാക്കന്മാരുടെ ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തി ഉള്ളതിനാല്‍ കെപിസിസി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുക മോഹന്‍രാജിനെയാകുമെന്നാണ് ലഭിക്കുന്ന സൂചന. കോന്നിയിലെ സാമുദായിക സമവാക്യം അനുസരിച്ചും സാധ്യതയേറെയും മോഹന്‍രാജിനാണ്. മത്സരിക്കുകയാണെങ്കില്‍ കോന്നിയില്‍ തന്നെയാകുമെന്ന സൂചനയാണ് മോഹന്‍രാജ് പക്ഷവും നല്‍കുന്നത്.

കോന്നിയല്ലാതെ മറ്റൊരു മണ്ഡലം തന്നാലും സ്വീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണ് പഴയ ഡിസിസി പ്രസിഡന്റ്. കോന്നി വിട്ടുനല്‍കണമെങ്കില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരരംഗത്തെത്തണമെന്ന ഉപായവും മോഹന്‍രാജ് പക്ഷക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. കോന്നി മണ്ഡലം തിരിച്ച് പിടിക്കാന്‍ കെപിസിസി പ്രസിഡന്റ് രംഗത്തിറങ്ങിയാല്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ പറയുന്നു. ഇഷ്ടക്കാരെ മാത്രം മത്സരിപ്പിക്കുന്ന രീതി ശരിയല്ലെന്ന നിലപാടിലാണ് മോഹന്‍രാജ് പക്ഷക്കാര്‍. മോഹന്‍രാജിന്റെ എതിര്‍പ്പ് മറികടന്ന് കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ താത്പര്യം സംരക്ഷിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ മുരളീധരന്റെ താത്പര്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയാറാകേണ്ടിവരും.

നിലവില്‍ മുല്ലപ്പള്ളിക്കെതിരെ പരസ്യ പ്രതികരണം നടത്തുന്ന മുരളിക്ക് തടയിടാന്‍ കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് അവഗണിക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.നേരത്തെ കോന്നി വിട്ട് മോഹന്‍രാജ് ആറന്മുളയില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.എന്നാല്‍ ഇതുസംബന്ധിച്ച് ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മോഹന്‍രാജ് കോന്നി വിടുമെന്ന പ്രചാരണത്തിന് പിന്നില്‍ ചിലരുടെ വ്യാമോഹമാണെന്നും ഗ്രൂപ്പ് കളിയാണ് കോണ്‍ഗ്രസിനെ കോന്നിയില്‍ ഇല്ലാതാക്കിയതെന്നുമുള്ള വിമര്‍ശനമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരിക്കുന്നത്.

Top