റിയാദ്: ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുളള യു.എസ് നീക്കം ലോകമെമ്പാടുമുളള മുസ്‌ലീങ്ങളെ രൂക്ഷമായി പ്രകോപിപ്പിക്കലാകുമെന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുലസീസ് അല്‍ സൗഊദ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് സൗദി രാജാവ് ഈ മുന്നറിയിപ്പു നല്‍കിയത്.
ഫലസ്തീനിയന്‍ ജനതയുടെ ചരിത്രപരമായ അവകാശത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ഒരു ഒത്തുതീര്‍പ്പിലെത്തുന്നതിന് മുമ്പ് ജറുസലേമുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രഖ്യാപനം നടത്തിയാല്‍ അത് ഫലസ്തീന്‍- ഇസ്രഈല്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുമെന്നും സൗദി രാജാവ് ട്രംപിന് മുന്നറിയിപ്പു നല്‍കി.
ജറുസലേമുമായി ബന്ധപ്പെട്ട എംബസി നീക്കം ലോകമെമ്പാടുമുളള മുസ്‌ലീങ്ങളെ നെഗറ്റീവായി ബാധിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമെന്നും സൗദി രാജാവ് വ്യക്തമാക്കി.
ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള യു.എസ് നീക്കം മേഖലയില്‍ സംഘര്‍ഷഭരിതമാക്കുമെന്ന് വാഷിങ്ടണിലെ സൗദി അറേബ്യന്‍ അംബാസിഡര്‍ യു.എസിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് സൗദി രാജാവിനെ ഫോണില്‍ ബന്ധപ്പെട്ടത്.
അതിനിടെ, ജറുസലേം വിഷയത്തില്‍ സൗദിയുടെ നിലപാടിനെ നന്ദി അറിയിച്ചുകൊണ്ട് ഫലസ്തീനിയന്‍ പ്രസിഡന്റ് രംഗത്തുവന്നു. ഫലസ്തീനിയന്‍ ജനതയ്ക്കും അവരുടെ അവകാശത്തിനും വേണ്ടിയുള്ള സൗദി പിന്തുണയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം പലസ്തീന് വിഷയത്തില്‍ സ്വതന്ത്ര നിലപാട് തുടരുമെന്ന് ഇന്ത്യ. ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച യുഎസ് തീരുമാനത്തെ പിന്തുണയ്ക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. യുഎസിനെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടനും നിലപാട് കൈകൊണ്ടിരുന്നു.
ഇന്ത്യയുടെ പ്രതികരണം തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴായിരുന്നു നിലപാട് പ്രഖ്യാപനം. ‘പലസ്തീനില്‍ ഇന്ത്യ സ്വതന്ത്രവും സ്ഥിരതയുമാര്‍ന്ന നിലപാടാണ് എടുത്തിട്ടുള്ളത്. നമ്മുടെ വീക്ഷണങ്ങളും താല്‍പര്യങ്ങളുമാണ് ഇതിനാധാരം. അതില്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനാവില്ല’, വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഇസ്രായേല്‍ ബന്ധത്തില്‍ സുപ്രധാന നയംമാറ്റമാണ്, തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കിയത്. ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് യുഎസ്. ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമായ ജറുസലേമിന്റെ പദവിയെക്കുറിച്ച് നിലവില്‍ തര്‍ക്കമുണ്ട്