മുണ്ടക്കയം: മൂന്നു മാസത്തിലേറെയായി ഒരു കുടുംബം, കാണാതായ തങ്ങളുടെ ജെസ്നയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. ആ കാത്തിരിപ്പ് അനന്തമായി നീളുമ്പോള്‍ അന്വേഷണത്തിന് ഒരു തുമ്പുമില്ലാതെ പോലീസും വലയുകയാണ്. വെറും രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിലാണ് ജെസ്ന തന്നില്‍ നിന്ന് മാഞ്ഞുപോയതെന്ന് പിതാവ് ജെയിംസ് കണ്ഠമിടറി പറയുന്നു. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജെസ്നയെ കാണാതായ ആ ദിവസത്തെക്കുറിച്ച് കുടുംബം മനസു തുറന്നത്.
പരീക്ഷയ്ക്കുള്ള ടെസ്റ്റ് ബുക്കും 2500 രൂപയുമുള്ള പഴ്സും ജെസ്നയുടെ കൈവശം ഉണ്ടായിരുന്നു. രാവിലെ 9.15 നാണ് കുന്നത്തു വീട്ടില്‍ നിന്ന് ഓട്ടോയില്‍ കയറി ജെസ്ന സന്തോഷ് കവലയില്‍ എത്തുന്നത്. ആ യാത്ര മുണ്ടക്കയത്തുള്ള ആന്റിയുടെ വീട്ടിലേക്കായിരുന്നു. മുന്‍പിലൊരു കാര്‍ വട്ടം വന്നതുകൊണ്ട് അതുവഴി ആ സമയം കടന്നുവന്ന എരുമേലി ബസ് രണ്ടു നിമിഷം അവിടെ ബ്ലോക്ക് ആയി. ഈ സമയം കൊണ്ട് പിന്‍ വാതിലിലൂടെ ജെസ്ന ബസില്‍ കയറിയിരുന്നു.
ജെസ്ന അവസാനമായി സഞ്ചരിച്ച ആ ബസിനു മുന്നില്‍ വട്ടം നിന്ന കാര്‍ പിതാവ് ജെയിംസിന്റേതായിരുന്നു. ആ രണ്ടു മിനിറ്റിന്റെ വ്യതയാസത്തിലാണ് ജെയിംസിനു മകള്‍ ജെസ്നയെ നഷ്ടമാകുന്നത്. ആ സമയം മോളെ കാണുമായിരുന്നുവെങ്കില്‍ എവിടെപ്പോകുന്നുവെന്ന് തനിക്കു അവളോട് ചോദിക്കാമായിരുന്നുവെന്ന് പിതാവ് വേദനയോടെ പറഞ്ഞു നിര്‍ത്തുന്നു.
കാണാതായതിന്റെ തലേന്നാണ് ജെസ്നയുടെ മൂന്നാം സെമസ്റ്ററിന്റെ റിസല്‍ട്ട് വന്നത്. 95 ശതമാനം മാര്‍ക്ക് നേടിയതറിഞ്ഞ് ഉടന്‍ തന്നെ വിളിച്ച് അറിയിച്ചതായി പിതാവ് പറയുന്നു. കൊലുസ് വാങ്ങിത്തരാമെന്ന് അവസാനമായി അവള്‍ക്കു വാക്കു നല്‍കിയതാണെന്ന് ജെയിംസ് പറയുന്നു.