മുതിരപ്പുഴയാറ്റില്‍ ശരീരാവശിഷ്ടം; വെട്ടിമാറ്റിയ നിലയില്‍; ജസ്‌നയുടെ അച്ഛന്റെ രക്തമെടുത്തു  

പത്തനംതിട്ട: കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ എന്ത് തെളിവാണ് കേസില്‍ പോലീസിന് ലഭിച്ചതെന്ന് വ്യക്തമക്കിയില്ല. ഈ സാഹചര്യത്തിലാണ് ഇടുക്കിയിലെ ആറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരവശിഷ്ടം ആരുടേതാണെന്ന് പോലീസിന് വ്യക്തമായിട്ടില്ല. വെട്ടിമാറ്റിയ നിലയിലുള്ള കാല്‍ ഭാഗമാണ് ആറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിശദ പരിശോധനയ്ക്ക് പോലീസ് ജസ്‌നയുടെ പിതാവിന്റെ രക്തസാംപിള്‍ ശേഖരിച്ചു. പോലീസ് നിര്‍ണായക നീക്കമാണ് നടത്തുന്നതെന്നാണ് സൂചന.
ദിവസങ്ങള്‍ക്ക് മുമ്പാണ് മുതിരപ്പുഴയാറ്റില്‍ നിന്ന് മനുഷ്യന്റെ കാല്‍ ലഭിച്ചത്. ആദ്യം കണ്ടവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കസ്റ്റഡിയിലെടുത്തു. കാല്‍ ഭാഗം മാത്രം എങ്ങനെ ആറ്റിലെത്തി എന്നാണ് പോലീസ് പരിശോധിക്കുന്നത്. വെട്ടിമാറ്റിയ നിലയിലാണ് കാലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുറിഞ്ഞുപോയ നിലയിലല്ല. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റു ഭാഗങ്ങള്‍ സമീപത്തുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. ഏറെ തിരഞ്ഞിട്ടും ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. കാല്‍ മാത്രം ശരീരത്തില്‍ നിന്ന് എങ്ങനെ വേര്‍പ്പെട്ടു. കാല്‍ മാത്രം വേര്‍പ്പെടാന്‍ സാധ്യത വളരെ കുറവാണ്. കാല്‍ മാത്രം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് പ്രദേശത്തെ മിസ്സിങ് കേസുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. വിവാദമായ ജെസ്‌ന കേസുമായി സംഭവത്തില്‍ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കാല്‍ മാത്രം ലഭിച്ച സാഹചര്യത്തില്‍ ആരുടേതാണെന്ന് എളുപ്പം കണ്ടെത്താന്‍ സാധ്യമല്ല. ശാസ്ത്രീയ പരിശോധന ആവശ്യമാണ്. കാണാതായി എന്ന് പരാതി ലഭിച്ചിട്ടുള്ളവരുടെ കുടുംബങ്ങളുടെ രക്തസാംപിള്‍ പോലീസ് പരിശോധിക്കാന്‍ തീരുമാനിച്ചു. ഇക്കൂട്ടത്തില്‍ ജസ്‌നയുടെ പിതാവ് ജെയിംസിന്റെ രക്തസാംപിളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം. ഇതിന് കോടതിയുടെ അനുമതി ആവശ്യമാണ്. കോടതിയില്‍ പ്രത്യേക അപേക്ഷ പോലീസ് നല്‍കിയിട്ടുണ്ട്. കോടതി അനുമതി ലഭിച്ചാല്‍ ഡിഎന്‍എ പരിശോധന നടക്കും. വിദ്യാര്‍ഥിയുടെ അപ്രത്യക്ഷമാകലും ശരീരവശിഷ്ടങ്ങള്‍ കണ്ടെത്തിയതും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ പരിശോധനയില്‍ ബോധ്യമാകും.

ഡിഎന്‍എ ഫലം വന്നാല്‍ മാത്രമേ ബാക്കി കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്നാണ് പോലീസ് പറയുന്നത്. ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികള്‍ ഒരു ഭാഗത്ത് സ്വീകരിക്കുമ്പോള്‍ തന്നെ പോലീസ് അന്വേഷണം മറ്റു വഴിക്കും നീങ്ങുന്നുണ്ട്. നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ എന്താണ് ലഭ്യമായ വിവരങ്ങള്‍ എന്ന് വ്യക്തമാക്കിയില്ല. വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധ്യമല്ലെന്നാണ് പോലീസ് പറഞ്ഞത്. അന്വേഷണം തുടരുന്നുണ്ടന്നും കോടതിയെ അറിയിച്ചു.

Top