പെരുമ്പാവൂര്‍: ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. അതേസമയം, അമിയുര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ ഇയാള്‍ മുന്‍പും പീഡനം നടത്തിയിട്ടുണ്ടോ എന്നറിയാം.
കൊലപാതകം അറിഞ്ഞിട്ടും മറച്ചുവെയ്ക്കാന്‍ ശ്രമിച്ച അമിര്‍ ഉള്‍ ഇസ്ലാമിന്റെ കൂട്ടുകാരെയും പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ട്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രക്തം പുരണ്ട കത്തിയാണ് പ്രതി താമസിച്ചിരുന്ന ഇരുങ്ങോല്‍ വൈദ്യശാലപ്പടിയിലെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. സംഭവ ദിവസം പ്രതി ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവ പൊലീസ് ക്ലബ്ബില്‍ വച്ചാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ജിഷയുടെ കൊലപാതകത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നിര്‍ണായകമായി മാറിയ തെളിവായ ചെരുപ്പില്‍ നിന്ന് ലഭിച്ച രക്ത കോശങ്ങള്‍ ജിഷയുടേതെന്ന് തിരിച്ചറിഞ്ഞത് കേസില്‍ വഴിത്തിരിവായിരുന്നു. കൂടാതെ ജിഷയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് ലഭിത്ത പ്രതിയുടെ തൊലിയും ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരും പരിശോധന നടത്തി ഡിഎന്‍എ തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ അമിയുറിന്റെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്ന് രണ്ടുഫലവും ഒന്നാണെന്ന് കണ്ടെത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പിടികൂടിയ പ്രതിയെ കനത്ത പൊലീസ് സുരക്ഷയിലാണ് ആലുവയിലെത്തിച്ചത്. നാലു ദിവസങ്ങളായി ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. വിജയകരമായ വിചാരണയാണ് ലക്ഷ്യമിടുന്നതെന്ന് സന്ധ്യ സൂചിപ്പിച്ചു. തിരിച്ചറിയല്‍ പരേഡും റിമാന്‍ഡ് റിപ്പോര്‍ട്ടും മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. തിരിച്ചറിയല്‍ പരേഡ് ആവശ്യമായതിനാല്‍ പ്രതിയെ മാധ്യമങ്ങളെ കാണിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.