ജിഷയുടെ കൊലപാതകി അമീറുള്‍ ഇസ്ലാമിനെ ജിഷയുടെ അയല്‍വാസി തിരിച്ചറിഞ്ഞു. ജിഷയുടെ വീടിന്റെ പിന്‍വശത്തിലൂടെ അമീറുള്‍ കനാലിലേക്ക് ഇറങ്ങുന്നതായി കണ്ടെന്നും അയല്‍വാസിയായ വീട്ടമ്മ ശ്രീലേഖ പറഞ്ഞു. തിരിച്ചറിയല്‍ പരേഡിലൂടെയാണ് ഇയാളെ അയല്‍വാസി തിരിച്ചറിഞ്ഞത്.
കാക്കനാട് ജയിലിലായിരുന്നു തിരിച്ചറിയല്‍ പരേഡ് നടന്നത്. എഴുപേര്‍ക്കായി സമന്‍സ് നല്‍കിയിരുന്നുവെങ്കിലും ഒരാള്‍ മാത്രമാണ് തിരിച്ചറിയല്‍ പരേഡിന് എത്തിചേര്‍ന്നത്. പ്രതിയെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതിരുന്നത് തന്നെ ഈ തിരിച്ചറില്‍ പരേഡ് പൂര്‍ത്തിയാകുന്നതിനു വേണ്ടിയായിരുന്നു. സമന്‍സ് നല്‍കിയിരുന്നവരില്‍ ജിഷയുടെ സമീപവാസികളായ മൂന്ന് പേരും പ്രതി അമീറുല്‍ ഇസ്ലാം ചെരുപ്പ് വാങ്ങിയ കടക്കാരനും പ്രതിയോടൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന സുഹൃത്തുക്കളും ഉള്‍പ്പെടും.
കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി 9ലെ മജിസ്ട്രേറ്റ് ഷിബു ഡാനിയേലാണ് തിരിച്ചറിയല്‍ പരേഡിന് മേല്‍നോട്ടം വഹിച്ചത്. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ മുഖം മറക്കാതെ പൊതുജനത്തിന് മുന്നിലെത്തിക്കും.
അതേസമയം പ്രതിക്ക് പൊലീസ് പുറത്തിറക്കിയ രേഖാചിത്രവുമായി ഒരു സാമ്യവുമില്ലെന്നാണ് പൊലീസിലെ ഒരു വിഭാഗം പറയുന്നത്. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തില്‍ അനേഷണം നടത്തിയതാണ് പ്രതിയിലേക്ക് എത്താന്‍ വൈകിയതെന്നും അന്വേഷണ ഉദ്യാഗസ്ഥര്‍ക്കിടയില്‍ അടക്കം പറച്ചിലുണ്ട്. പൊലീസിന്റെ കുളിക്കടവ് കഥ പൊതുജനം വിശ്വസിക്കാത്ത സാഹചര്യത്തില്‍ രേഖാചിത്രവുമായി സാമ്യമില്ലാത്ത പ്രതിയെ എങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.