കൊച്ചി: പെരുമ്പാവൂരിലെ ദലിത് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് പങ്കുണ്ടെന്ന് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. ജിഷയുടെ പിതാവ് കേരള രാഷ്ട്രീയത്തിലെ ഉന്നതനാണെന്ന് ആരോപിച്ചായിരുന്നു ജോമോന്‍ രംഗത്തെത്തിയത്. മുഖ്യന്ത്രി പിണറായി വിജയനും ഡിജിപിക്കും ജോമോന്‍ നല്‍കിയ പരാതി ഏറെ വിവാദ കോലാഹലങ്ങള്‍ക്കും വഴിവച്ചു. ഈ, ഉന്നതന്‍ യുഡിഎഫ് കണ്‍വീനര്‍ തങ്കച്ചന്‍ തന്നെയാണെന്ന് ജോമോന്‍ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പി.പി. തങ്കച്ചന്റെ മകളാണു ജിഷയെന്നും സ്വത്തു സംബന്ധിച്ച് ജിഷ ആവശ്യമുന്നയിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും ജോമോന്‍ തങ്ങളോട് വെളിപ്പെടുത്തിയതായി മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോപണം നിഷേധിച്ച തങ്കച്ചന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാകുമോ എന്നും ജോമോന്‍ വെല്ലുവിളിച്ചു.
തങ്കച്ചന്റെ പേരു പറയാതിരുന്നത് അദ്ദേഹത്തെ പേടിച്ചിട്ടല്ല. ഈ പരാതിയില്‍ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലാണ് പേരു വെളിപ്പെടുത്തേണ്ടത്. തങ്കച്ചന്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നു പറയുന്നു. അതു സ്വാഗതം ചെയ്യുന്നു. ജിഷയുടെ ആന്തരിക അവയവങ്ങള്‍ പൊലീസ് എടുത്തുവച്ചിട്ടുണ്ട്. തങ്കച്ചന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, തനിക്കെതിരായ ആരോപണം അസത്യമാണെങ്കില്‍, തങ്കച്ചന്റെ മകളല്ല ജിഷയെന്നുതെളിയിച്ച് അഗ്‌നിശുദ്ധി വരുത്താന്‍ അവസരം ലഭിച്ചിരിക്കുകയാണ്.
ഡിഎന്‍എ ടെസ്റ്റ് നടത്താതിരിക്കാന്‍ വേണ്ടിയാണ് ജിഷയുടെ മൃതദേഹം ആരുമറിയാതെ കത്തിച്ചുകളഞ്ഞതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. എടുത്തുവച്ചിട്ടുള്ള ആന്തരിക അവയവയങ്ങള്‍ ജിഷയുടേതു തന്നെയാണെന്ന് ആര്‍ക്ക് ആധികാരികമായി പറയാന്‍ കഴിയും? അതു ചോദ്യചിഹ്നമായി നില്‍ക്കുകയാണെന്ന് ജോമോന്‍ പറഞ്ഞു. ഇത്രയും ഒതുക്കിയ സാഹചര്യത്തില്‍ ആന്തരിക അവയവങ്ങള്‍ മാറ്റിയെന്നും സംശയിച്ചുകൂടേ. തങ്കച്ചനു വേണ്ടി ഇത്രയും ചെയ്ത പൊലീസ് ജിഷയുടേതാണെന്ന വ്യാജേന മറ്റൊരാളുടെ ആന്തരിക അവയവങ്ങള്‍ എടുത്തുവച്ചിരിക്കാനും സാധ്യതയുണ്ടെന്നും ജോമോന്‍ ആരോപിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ നിയമിച്ച ഉദ്യോഗസ്ഥരാണ് എസ്.ഐ. മുതല്‍ റൂറല്‍ എസ്പി. വരെയുള്ളവര്‍. പി.പി. തങ്കച്ചന്‍ പ്രതിക്കൂട്ടിലല്ലായിരുന്നുവെങ്കില്‍ ഏപ്രില്‍ 28 നടന്ന ഈ കൊലപാതകം മെയ് രണ്ടു വരെ അവര്‍ പുറംലോകം അറിയാതെ മൂടിവയ്‌ക്കേണ്ട കാര്യമില്ല.
മൂടിവച്ചില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫിനു 47 സീറ്റ് എന്നത് പകുതി പോലും ലഭിക്കാതെ വന്നേനെ. ജിഷയ്ക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്ന് കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാത്തത് ആരോപണവിധേയന്‍ തങ്കച്ചന്‍ ആയതുകൊണ്ടു മാത്രമാണ്. ജിഷ കൊല്ലപ്പെട്ട ഒറ്റമുറി വീടിന്റെ അരികില്‍ ഒരു കനാലുണ്ട്. കൊലപാതകം നടന്ന ദിവസം ആ കനാലില്‍ വെള്ളമില്ലായിരുന്നു. എന്നാല്‍ കനാലില്‍ വെള്ളം ഒഴുക്കിവിട്ട് തെളിവുകള്‍ നശിപ്പിച്ചു.
ഏപ്രില്‍ 28നു കൊല നടന്നതു മുതല്‍ സംഭവം വെളിയില്‍ വരുന്നതുവരെ പൊലീസ് ആരെ രക്ഷിക്കാന്‍ വേണ്ടിയാണ് അതു രഹസ്യമാക്കി വച്ചത്. കുറേ ദിവസം തെളിവ് നശിപ്പിക്കാന്‍ അവസരം കിട്ടി. ജിഷ ഒരു പെന്‍ ക്യാമറ സൂക്ഷിച്ചിരുന്നു. അതു പൊലീസിന്റെ െകെയിലുണ്ടോയെന്നും അതില്‍ എന്തൊക്കെ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. ജിഷയുടെ ഡയറി എവിടെയാണെന്നും അതിലെന്താണെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഉന്നത നേതാവിന്റെ സ്വത്തില്‍ അവകാശവാദം ഉന്നയിച്ചിട്ട് ലഭിക്കാതെ വന്നപ്പോള്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തുമെന്നും ഉന്നത നേതാവിന്റെ മകളാണെന്നു തെളിയിക്കുമെന്നും ജിഷ വെല്ലുവിളിച്ചിരുന്നുവെന്നും ജോമോന്‍ പറഞ്ഞു.
20 വര്‍ഷം പി.പി.തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന് പറയിപ്പിക്കാന്‍ വേണ്ടിയാണ് തങ്കച്ചന്‍ മുന്‍െകെയെടുത്ത് 15 ലക്ഷം കൊടുത്തതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. തെരഞ്ഞെടുപ്പ് മുറുകിനില്‍ക്കുന്ന സമയത്ത് യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ പി.പി. തങ്കച്ചന്‍ നടത്തിയ പത്രസമ്മേളനത്തില്‍, വീട്ടിനു തൊട്ടടുത്തായിരുന്നിട്ടും എന്തുകൊണ്ടാണ് ജിഷയുടെ വീട്ടില്‍ പോകാത്തത് എന്ന് ആരോ ചോദിച്ചു. താനങ്ങനെ കൊല്ലപ്പെട്ട വീട്ടില്‍ പോകുന്ന ആളല്ലെന്നായിരുന്നു തങ്കച്ചന്റെ മറുപടി.
കെപിസിസി 15 ലക്ഷം നല്‍കിയതിന് പിന്നിലെ ചേതോവികാരം തങ്കച്ചനാണെന്നും ജോമോന്‍ ആരോപിച്ചു.
ഡി.എന്‍.എ. ടെസ്റ്റ് നടത്തി പി.പി. തങ്കച്ചന്‍ നിരപരാധിത്വം തെളിയിച്ചാല്‍ താന്‍ എന്തു ശിക്ഷ വേണമെങ്കിലും സ്വീകരിക്കാം. പി.പി. തങ്കച്ചന്‍ മഹാനാണെന്നും താന്‍ പാപിയാണെന്നും പറയാം. ജിഷ തങ്കച്ചന്റെ മകളാണെന്നോ അല്ലയോ എന്ന് അമ്മ പറഞ്ഞാലും ഡി.എന്‍.എ. ടെസ്റ്റ് നടത്താതെ അതു നിയമപരമായി നിലനില്‍ക്കില്ലെന്നും ജോമോന്‍ പറഞ്ഞു.
ജോമോനെതിരെ കേസെടുത്തു
അതേസമയം ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ച് പിതാവ് ബാബു പൊലീസ് ഐ.ജിക്കു നല്‍കിയ പരാതിയില്‍ ജോമോന്‍ പുത്തന്‍ പുറയ്ക്കലിനെതിരെ പൊലീസ് കേസെടുത്തു എസ്.സി/എസ്.ടി. പീഡനനിരോധന നിയമപ്രകാരമുള്ള പരാതിയിലാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരേ കേസെടുത്തിരിക്കുന്നത്. ജിഷയുടെ പിതാവ് പ്രമുഖ രാഷ്ട്രീയ നേതാവാണെന്നും ജിഷയുടെ പിതാവെന്നും അദ്ദേഹവുമായുള്ള സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി അയച്ചിരുന്നു. ഇത്തരത്തില്‍ ഒരു പരാതി നല്‍കാന്‍ എസ്.സി/എസ്.ടി. നിയമപ്രകാരം സാധിക്കില്ലെന്നാണ് ബാബുവിന്റെ വാദം. ജിഷ തന്റെ മകള്‍ തന്നെയാണെന്നും ബാബുവിന്റെ പരാതിയില്‍ പറയുന്നു.


