മാണി കോൺഗ്രസ് വരുന്നതോടെ തുടർഭരണവും നാലു ജില്ലകളിൽ സമഗ്രാധിപത്യവും!കോൺഗ്രസ് തകരും.യുഡിഎഫിനെയും ബിജെപിയും ദുർബലപ്പെടുത്തും. സിപിഎം കണക്കുകൂട്ടൽ

കോട്ടയം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം കൂടി വന്നാൽ കേരളത്തിൽ യുഡിഎഫിനെയും ബിജെപിയും ദുർബലപ്പെടുത്താൻ കഴിയുകയും ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ മേൽക്കൈ ഉണ്ടാകുമെന്നും സിപിഎം കണക്കുകൂട്ടൽ. ജോസ് വിഭാഗം എൽ ഡി എഫിൽ വരുന്നതിനെ ശക്തമായി പിന്തുണക്കുന്ന കോട്ടയം ജില്ലാ നേതൃത്വത്തിന്റെതാണ് ഈ വിലയിരുത്തൽ. ജോസഫ് വിഭാഗത്തെ അപേക്ഷിച്ച് ജോസ് കെ മാണി പക്ഷത്തിന് ജില്ലയിൽ മികച്ച സ്വാധീനമുണ്ടെന്നും പാർട്ടി ജില്ലാ ഘടകം കണക്കാക്കുന്നു.ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ യുഡിഎഫ് അവസാനിപ്പിച്ചതോടെ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശം ഏറെക്കുറേ ഉറപ്പായിരിക്കയാണ് .

ജോസ് വിഭാഗത്തിന് മധ്യകേരളത്തിലെ നാലു ജില്ലകളിൽ കാര്യമായ ശക്തിയുണ്ടെന്നാണ് സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. എന്തു വിവാദം ഉണ്ടായാലും എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ജോസ് കെ മാണി കൂടി എത്തിയാൽ അത് കൂടുതൽ ഗുണം ചെയ്യും. കോട്ടയത്തിനു പുറമെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ സീറ്റു നിലയിൽ ഗണ്യമായ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തൽ. ആറു ശതമാനത്തിനു മേലെ വോട്ട് കേരളാ കോൺഗ്രസിൽ നിന്നും ലഭിക്കും. ഇതിൽ പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, ചങ്ങനാശേരി, കോതമംഗലം രൂപതകളിലെ അംഗങ്ങളായ നിലവിൽ ഇടതു മുന്നണിക്ക് വോട്ടു ചെയ്യാത്തവരും ജോസ് വരുമ്പോൾ വരും എന്നതാണ് വിലയിരുത്തൽ.

2016 തെരഞ്ഞെടുപ്പിൽ നാലു ജില്ലകളിലായി ആകെയുള്ള 33 സീറ്റുകളിൽ 18 യുഡിഎഫിനും 14 എൽഡിഎഫിനും ഒരെണ്ണം പിസി ജോർജിനും ആയിരുന്നു.ആകെയുള്ള 33 സീറ്റിൽ കുറഞ്ഞത് 24 എങ്കിലും ഇടതു മുന്നണിക്ക് ലഭിക്കും എന്നതാണ് സെപ്റ്റംബർ ആദ്യ വാരത്തിലെ വിലയിരുത്തൽ. ഇതു വഴി മറ്റിടങ്ങളിൽ ഉണ്ടായേക്കാവുന്ന തിരിച്ചടി മറികടക്കാനും ഭരണത്തുടർച്ച ഉറപ്പാക്കാനും കഴിയും എന്ന് ഉറപ്പിച്ചാണ് ഭാവി കാര്യങ്ങൾ തീരുമാനിച്ചിട്ടുള്ളത്.ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ ഉടൻ തന്നെ സീറ്റു ചർച്ചകൾ തുടങ്ങാൻ എൽഡിഎഫ് തയ്യാറെടുത്തിട്ടുണ്ട്.

 

Top