പാർട്ടിയിൽ ഏകാധിപതിയായി ജോസ് കെ.മാണി..! ഒറ്റയ്ക്കു പാർട്ടിയെ കൈപ്പിടിയിലാക്കാൻ ശ്രമം; കടുത്ത പ്രതിഷേധവുമായി ജോസ് കെ.മാണിയുടെ ഒപ്പമുള്ളവർ; സ്റ്റീഫൻ ജോർജിനെതിരെ പ്രതിഷേധം ശക്തം

കോട്ടയം: മുതിർന്ന നേതാക്കളെയെല്ലാം പടിക്കു പുറത്താക്കി പാർട്ടി പിടിച്ചെടുത്ത ജോസ് കെ.മാണി കേരള കോൺഗ്രസിൽ ഏകാധിപതിയായി മാറുന്നു. നിലവിൽ ജോസ് കെ.മാണിയ്‌ക്കൊപ്പമുള്ള മുതിർന്ന നേതാക്കൾക്കും, എം.എൽ.എമാർക്കും മറ്റു ജനപ്രതിനിധികൾക്കും പാർട്ടിയിൽ ശബ്ദമില്ലാത്തതും ജോസ് കെ.മാണിയ്‌ക്കൊപ്പമുള്ള ഒരു കോക്കസ് പാർട്ടിയെ നിയന്ത്രിക്കുന്നതുമാണ് ഇപ്പോൾ പാർട്ടിയിൽ വിവാദമായി മാറിയിരിക്കുന്നത്. കടുത്ത അതൃപ്തിയിലാണ് മുതിർന്ന നേതാക്കൾ അടക്കമുള്ളവരെങ്കിലും, പാർട്ടിയിലെ ഐക്യം മാത്രം ലക്ഷ്യമിട്ടാണ് ഇവർ മൗനം പാലിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

കേരള കോൺഗ്രസ് പാർട്ടിയിൽ നിന്നും ജോസഫ് വിഭാഗം പുറത്തു പോയപ്പോൾ മുതൽ പാർട്ടിയെ ഒറ്റയ്ക്ക് കൈപ്പിടിയിലാക്കാനുള്ള ശ്രമമാണ് ജോസ് കെ.മാണി നടത്തുന്നതെന്നാണ് ആരോപണം. ജോസ് കെ.മാണിയുടെ വിശ്വസ്തനായി സ്റ്റീഫൻ ജോർജ് രംഗത്ത് എത്തിയതോടെയാണ് പാർട്ടിയിൽ അനൈക്യവും, അഭിപ്രായ വ്യത്യാസവും ഉടലെടുത്തു തുടങ്ങിയത്. മുതിർന്ന നേതാക്കളും എം.എൽ.എമാരുമായ റോഷി അഗസ്റ്റിനോടും, എൻ.ജയരാജിനോടും എം.പി തോമ്‌സ് ചാഴികാടനോടും കാര്യങ്ങൾ ഒന്നും ആലോചിക്കാൻ ജോസ് കെ.മാണി തയ്യാറാകുന്നില്ലെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് പാർട്ടിയിൽ കടുത്ത അഭിപ്രായ വ്യത്യാസത്തിനു കാരണമായിട്ടുണ്ട്. ഇടതു മുന്നണി യോഗത്തിൽ ജോസ് കെ.മാണി എം.എൽ.എമാരെ ആരെയും ഒപ്പം കൂട്ടാതെ സ്റ്റീഫൻ ജോർജിനെയുമായാണ് പോകുന്നത്. ഇത് പാർട്ടിയിൽ വൻ എതിർപ്പാണ് ഉയർത്തുന്നത്. പാർട്ടിയിലെ പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കുന്നത് സ്റ്റീഫൻ ജോർജുമായി മാത്രം ആലോചിച്ചാണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്. മുതിർന്ന നേതാക്കളെ എല്ലാം ജോസ് കെ.മാണി തഴയുന്നത് പാർട്ടിയിൽ വൻ എതിർപ്പിനാണ് ഇടയാക്കിയിരിക്കുന്നത്.

അനൂപ് ജേക്കബിന്റെ കേരള കോൺഗ്രസ് പോലെ പാർട്ടിയിലെ ഏകാധിപതിയാകാനുള്ള ശ്രമമാണ് ഇപ്പോൾ ജോസ് കെ.മാണി നടത്തുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇടതു നിന്നപ്പോഴും, വലത്ത് നിന്നപ്പോഴും കടുത്തുരുത്തി സീറ്റിൽ മത്സരിച്ചു പരാജയപ്പെട്ട ആളാണ് സ്റ്റീഫൻ ജോർജ്. തന്റെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതിനു വേണ്ടി ഇദ്ദേഹം ജോസ് കെ.മാണിയെ ദുരുപയോഗം ചെയ്യുകയാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഇത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലേയ്ക്കു തള്ളിവിടുമെന്നും നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു.

നിലവിൽ ക്‌നാനായ സമുദായത്തിലെ അംഗമാണ് താൻ, അതുകൊണ്ടു തനിക്കു കൂടുതൽ പരിഗണന നൽകണമെന്ന നിലപാടാണ് സ്റ്റീഫൻ ജോർജ് ഉയർത്തിയിരിക്കുന്നത്. എന്നാൽ, ക്‌നാനായ സമുദായാംഗമായ തോമസ് ചാഴികാടൻ ഉള്ളപ്പോൾ സ്റ്റീഫൻ ജോർജിനെ പരിഗണിക്കേണ്ടെന്ന നിലപാടാണ് ഇപ്പോൾ പാർട്ടിയ്ക്കുള്ളിലും സഭയിലും ഉയരുന്നത്. ഇത് അംഗീകരിക്കാൻ ജോസ് കെ.മാണിയും, സ്റ്റീഫനും തയ്യാറായിട്ടില്ലെന്നും ഒപ്പം ഉള്ളവർ പറയുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി ഇപ്പോൾ അഗ്നിപർവതമായി പുകഞ്ഞു തുടങ്ങിയിരിക്കുന്നത്.

ഇതിനിടെ ജോസ് കെ.മാണിയുടെ വിശ്വസ്തരായിരുന്നവരും ഇപ്പോൾ പാർട്ടി വിട്ടവരുമായ വിക്ടർ ടി.തോമസിനെയും, തോമസ് ഉണ്ണിയാടനെയും പാർട്ടിയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള നീക്കം നടത്തുന്നതും സ്റ്റീഫൻ ജോർജാണ്. തിരുവല്ല സീറ്റും, ഇരിങ്ങാലക്കുട സീറ്റും വാഗ്ദാനം ചെയ്താണ് ഇരുവരെയും പാർട്ടിയിൽ തിരികെ എത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ഇത് പാർട്ടിയിൽ കൂടിയാലോചന നടത്താതെ തീരുമാനിക്കുന്നതാണ് നേതാക്കളിൽ എതിർപ്പിന് ഇടയാക്കുന്നത്.

ചങ്ങനാശേരിയിൽ ജോബ് മൈക്കിളിന് എതിർപ്പ് ശക്തമായി ഉണ്ട്. എന്നാൽ പോലും ജോബിനെ സ്ഥാനാർത്ഥിയാക്കാനാണ് ജോസ് കെ.മാണിയെ സ്്റ്റീഫൻ ഉപദേശിക്കുന്നത്. ജോബിനെ രാജ്യസഭയിലേയ്ക്കു അയച്ച ശേഷം പ്രമോദ് നാരായണനെ ചങ്ങനാശേരിയിൽ മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ താല്പര്യം. പൂഞ്ഞാറിൽ ഇക്കുറിയും ദുർബലനായ സ്ഥാനാർത്ഥിയുടെ പേരാണ് ജോസ് കെ.മാണിയ്ക്കു മുന്നിൽ എത്തിയിരിക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മണ്ഡലത്തിൽ ആഴത്തിൽ വേരുകളുള്ള ആളുമായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പരിഗണിക്കണമെന്ന നിർദേശം മുന്നിലുള്ളപ്പോഴാണ് ദുർബല സ്ഥാനാർത്ഥികൾക്കു പിന്നാലെ പാർട്ടി പോകുന്നത്. ഇതെല്ലാം കടുത്ത അതൃപ്തിയ്ക്കു ഇടയാക്കിയിട്ടുണ്ട്.

Top