സ്വന്തം ലേഖകൻ
സുള്ള്യ: മദ്യലഹരിയിൽ നടുറോഡിൽ അഴിഞ്ഞാടി ജഡ്ജിയുടെ പരാക്രമം. ഓട്ടോഡ്രൈവർമാരെ അസഭ്യം പറഞ്ഞ മജിസ്‌ട്രേറ്റ്, തടയാനെത്തിയ പൊലീസുകാരെയും ഭീഷണിപ്പെടുത്തി. വൈദ്യ പരിശോധനയ്ക്കായി കൊണ്ടു വന്ന ആശുപത്രിയിലും അതിക്രമം തുടർന്ന ഇദ്ദേഹത്തെ ഒടുവിൽ ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്. കാസർഗോട്ടെ മജിസ്‌ട്രേറ്റിനെതിരേയാണ് മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു പോലീസ് കേസെടുത്തത്. കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കൊല്ലം സ്വദേശി ഉണ്ണികൃഷ്ണനെ (42)തിരെയാണ് പോലീസ് കേസെടുത്തത്.
ഇന്നലെ ഉച്ചകഴിഞ്ഞ് സുള്ള്യ ടൗണിൽ മദ്യലഹരിയിൽ മജിസ്‌ട്രേറ്റ് ഓട്ടോഡ്രൈവർമാരുമായി സംഘർഷമുണ്ടാക്കി. ഓട്ടേ ഡ്രൈവർമാർ ആളറിയാതെ മജിസ്‌ട്രേറ്റിനെ മർദിച്ചെന്നും സൂചനയുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനിൽ വെച്ച് എസ്.ഐ അടക്കമുള്ളവരോട് പരാക്രമം കാണിക്കുകയും പോലീസുദ്യോഗസ്ഥനെ അടിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ആശുപത്രിയിൽവെച്ചും പരാക്രമം കാട്ടിയതായും പറയുന്നു. സംഭവം നടന്നയുടനെ പോലീസ് കാസർഗോഡ് പോലീസുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ സുള്ള്യയിലെ ഗസ്റ്റ്ഹൗസിൽ പാർപ്പിക്കുകയും അഡീ. പോലീസ് സൂപ്രണ്ട് അടക്കമുള്ളവർ എത്തുകയും ചെയ്തു. പിന്നീട് ജില്ലാ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാൻ കൊണ്ടുപോയി.


