കോയമ്പത്തൂര്‍ :കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനെ പോലീസ് അറസ്റ്റു ചെയ്തു.കോയമ്പത്തൂരില്‍ വച്ചാണ് കര്‍ണനെ അറസ്റ്റ് ചെയ്‍തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ച ജസ്റ്റിസ് കര്‍ണന്‍ ഒന്നരമാസത്തിനു ശേഷമാണ് പിടിയിലാകുന്നത്.അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ രമേശ് ഇക്കാര്യം സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മേയ് ഒന്പതുമുതല്‍ കര്‍ണന്‍ ഒളിവിലായിരുന്നു.സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും മറ്റും കത്ത് എഴുതിയ കേസിലാണ് സുപ്രീംകോടതി ഏഴംഗബെഞ്ച് ജസ്റ്റിസ് കര്‍ണനെതിരെ സ്വമേധയാ കേസെടുത്തത്.
2017 ജൂണ്‍ 12നാണ് കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഒളിവില്‍ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയായിരുന്നു കര്‍ണന്‍. സഹജഡ്ജിമാര്‍ക്കും സുപ്രീംകോടതിയ്ക്കുമെതിരെ ആരോപണമുന്നയിച്ചതിന് കഴിഞ്ഞ മാസം ഒന്‍പതാം തീയതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കര്‍ണനെ സുപ്രീംകോടതി ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത്. പല തവണ കര്‍ണന്‍റെ അഭിഭാഷകന്‍ ശിക്ഷയില്‍ ഇളവ് തേടിയെങ്കിലും സുപ്രീംകോടതി അപേക്ഷകള്‍ നിരസിക്കുകയായിരുന്നു.
ഇന്ത്യന്‍ നീതിന്യായസംവിധാനത്തില്‍ ന്യായാധിപനെന്ന പദവിയിലിരിയ്ക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കര്‍ണന്‍. മാനസികനില ശരിയല്ലെന്ന് പറഞ്ഞ് സുപ്രീംകോടതി മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിയ്ക്കാനുത്തരവിട്ട ആദ്യ ജഡ്ജി. താന്‍ ന്യായാധിപനായ മദ്രാസ് ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന്‍ ബെഞ്ചിലേയ്ക്ക് അതിക്രമിച്ചുകയറി, സഹജഡ്ജിമാരുടെ സ്ഥാനക്കയറ്റം തടയണമെന്ന കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട ആദ്യത്തെയാള്‍, എസ്‍ സി എസ് ടി കമ്മീഷന് മുമ്പാകെ സഹജഡ്ജിമാരുടെ പീഡനത്തെക്കുറിച്ച് പരാതി നല്‍കിയ ആദ്യ ന്യായാധിപന്‍ തുടങ്ങി വിചിത്രമായ നടപടികളിലൂടെ ഇന്ത്യന്‍ നീതിന്യായചരിത്രത്തില്‍ത്തന്നെ പല റെക്കോഡുകളുണ്ട് ജസ്റ്റിസ് കര്‍ണന്‍റെ പേരില്‍.
വിചാരണനടപടികളുമായി സഹകരിക്കാത്ത ജസ്റ്റിസ് കര്‍ണ്ണന്‍ ചീഫ്ജസ്റ്റിസ് ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ തുടര്‍ച്ചയായി ഉത്തരവുകള്‍ പുറപ്പെടുവിച്ചതും സുപ്രീംകോടതിയെ ചൊടിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറുമാസം ശിക്ഷിക്കുകയായിരുന്നു. മെയ് 9ന് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ ഉള്‍പ്പടെയുള്ള ഏഴംഗ ബെഞ്ചാണ് കര്‍ണ്ണനെ ശിക്ഷിച്ചത്. ഇതേത്തുടര്‍ന്ന് പത്താം തീയതി കര്‍ണ്ണന്‍ ഒളിവില്‍ പോവുകയായിരുന്നു.