ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്. നാളെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിക്കുക. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായും പത്മജ ചർച്ച നടത്തി. ബിജെപിയിൽ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു പോസ്റ്റും പത്മജ നീക്കം ചെയ്തിട്ടുണ്ട്. കോൺഗ്രസിൻ്റെ രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് അടുത്തിടെ പത്മജയെ നാമനിർദ്ദേശം ചെയ്തിരുന്നു.
സഹോദരൻ കെ മുരളീധരൻ വടകരയിൽ നിന്നും മത്സരിക്കാനിരിക്കെ പത്മജയുടെ നീക്കം കോൺഗ്രസിന് തിരിച്ചടിയാകും. മുൻ മുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരൻ്റെ മകളെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാളയത്തിലെത്തിക്കാൻ കഴിഞ്ഞത് ബിജെപി പ്രചാരണ ആയുധമാക്കും. നേരത്തെ എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയും ബിജെപി പാളയത്തിലെത്തിയിരുന്നു.
നേരത്തെ ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങൾ പത്മജ നിഷേധിച്ചിരുന്നു.കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യസങ്ങളുണ്ട്. എന്നാല്‍ മറ്റൊരു പാര്‍ട്ടിയില്‍ പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നായിരുന്നു പത്മജയുടെ പ്രതികരണം. മണ്ഡലം കമ്മിറ്റി പുനഃസംഘടനയില്‍ തന്റെ നിര്‍ദേശം പരിഗണിച്ചില്ല. പാര്‍ട്ടിയില്‍ ഏറെക്കാലമായി തഴയപ്പെടുകയാണെന്നും പത്മജ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് നീക്കത്തിന് പിന്നിലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാകും മാറ്റമെന്നുമായിരുന്നു റിപ്പോര്‍ട്ട്. പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും പത്മജയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.