പാലക്കാട്: ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. ലോക്സഭാ കാലാവധി കഴിഞ്ഞ ശേഷം പൊതുരംഗം വിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തനിക്കും ചിലതു പറയാനുണ്ടെന്നും മുരളീധരന്‍ അറിയിച്ചു.
പുതുപ്പള്ളി കഴിഞ്ഞാല്‍ ഞാനും ചില കാര്യങ്ങള്‍ പറയാം. തിരുവനന്തപുരത്തെ കെ. കരുണാകരന്‍ സ്മാരകത്തിന്റെ പണി ഇനിയും ആരംഭിച്ചിട്ടില്ല. ലോക്സഭാ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തിലൊക്കെ കൂടുതല്‍ ഒന്നു ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്ത് മാറണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വിശദമായ കാര്യങ്ങള്‍ ആറാം തിയതിക്കുശേഷം പറയാം-മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ രമേശ് ചെന്നിത്തല തഴഞ്ഞപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. പുതുപ്പള്ളി ഫലം പ്രഖ്യാപിക്കുന്ന ആറാം തിയതിക്കുശേഷം പ്രതികരിക്കാമെന്ന് നേരത്തെ ചെന്നിത്തലയും പറഞ്ഞിരുന്നു. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പാണു മുന്നിലുള്ള മുഖ്യ അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.