ജനങ്ങള്‍ക്കെതിരെ വന്‍ സേനയെ വിന്യസിച്ച് കയ്യൂക്കിന്റെ ബലത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന കല്ലിടല്‍ പ്രഹസനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ ഐക്യദാര്‍ഢ്യ സമിതി. അങ്കമാലി എളവൂര്‍ ഗ്രാമത്തിലേക്ക് കെ റെയില്‍ ജീവനക്കാര്‍ക്കൊപ്പം മുന്നോറോളം സായുധ പോലീസ് സംഘത്തെ നിയോഗിച്ച പിണറായി സര്‍ക്കാര്‍ ജനസമരത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണെന്ന് വ്യക്തം.
കേരളത്തിലെ ജനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഒരു പദ്ധതിയെ വികസനമെന്ന ഓമനപ്പേരിട്ടു വിളിച്ച് നടപ്പാക്കാമെന്ന വ്യാമോഹമാണ് സര്‍ക്കാരിനുള്ളത്. സങ്കുചിത ലക്ഷ്യം മുന്‍ നിറുത്തി എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഇത് രാജവാഴ്ചയല്ല. ഇത്തരം ചെയ്തികള്‍ തുടര്‍ന്നാല്‍ അധികാര സോപാനങ്ങളില്‍ നിന്നും ജനം വലിച്ച് താഴെയിടുമെന്നതിന് ബംഗാള്‍ സിപിഎമ്മിന് പാഠമാകണമെന്നും ഐക്യദാര്‍ഢ്യ സമിതി സൂചിപ്പിച്ചു.
ഓണ്‍ലൈന്‍ യോഗത്തില്‍ സംസ്ഥാന രക്ഷാധികാരി സി.ആര്‍. നീലകണ്ഠന്‍, ഐക്യദാര്‍ഡ്യ സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ. അരവിന്ദാക്ഷന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിജെപി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ പാറേക്കാട്ട്, ആര്‍എസ്പി നേതാവ് കെ രജികുമാര്‍ , കേരളാ കോണ്‍ഗ്രസ്സ് (ജേക്കബ്) ഹൈപ്പര്‍ കമ്മിറ്റിയംഗം രാജു പാണാലിക്കല്‍, മൂലമ്പിള്ളി കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി.പി.വില്‍സണ്‍, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍, എസ്.യു.സി.ഐ.(കമ്മ്യൂണിസ്റ്റ് ) ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം. ദിനേശന്‍, എസ്ഡിപിഐ നേതാവ് അജ്മല്‍ കെ മുജീബ്, ജനകീയ പ്രതിരോധ സമിതി ജില്ലാ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍,കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ പ്രസിഡന്റ് വിനു കുര്യാക്കോസ്, കണ്‍വീനര്‍ സി.കെ.ശിവദാസന്‍,ഐക്യദാര്‍ഢ്യ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ.പി. സാല്‍വിന്‍, ഷിബു പീറ്റര്‍, ദേശീയ പാത സംയുക്ത സമരസമിതി നേതാവ് ഹാഷിം ചേന്ദാമ്പിള്ളി, ബ്രേക് ത്രു സയന്‍സ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്.ഹരികുമാര്‍, ജനകീയ സമിതി വനിതാ വിംഗ് നേതാവ് മാരിയ അബു, പി.പി.മുഹമ്മദ്, ടോമി പോള്‍, രഹനാസ്, ശോഭ കെ.കെ,തുടങ്ങിയവര്‍ പങ്കെടുത്തു.