തിരുവനന്തപുരം: അന്തരിച്ച ബോക്‌സിംഗ് താരം മുഹമ്മദ് അലിക്ക് അനുശോചനം രേഖപ്പെടുത്തി വിവാദത്തില്‍ കുടുങ്ങിയ കായിക മന്ത്രി ഇ പി ജയരാജനെതിരെ നേതാക്കളും രംഗത്ത്. ഒരു വിവരവുമില്ലാത്ത ആളെ മന്ത്രിയാക്കിയെന്നാണ് ആരോപണം. വിവരദോഷിയായ ജയരാജനെ മന്ത്രിസ്ഥാനത്തു മാറ്റണമെന്നാവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ്.
കായികമന്ത്രിയെ മാറ്റാന്‍ പിണറായി വിജയന്‍ തയ്യാറവണമെന്ന് കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. വളപട്ടണത്ത് കണ്ടല്‍ പാര്‍ക്കല്ല. റിസോര്‍ട്ട് പണിയാനാണ് സിപിഐഎം നീക്കമെന്നും അധികാരത്തിന്റെ ഹുങ്കില്‍ പാര്‍ക്ക് വീണ്ടും തുറന്നാല്‍ ചോരയും നീരും ഒഴുക്കി നേരിടുമെന്നും കെ സുധാകരന്‍ പറഞ്ഞു.
മുഹമ്മദ് അലി കേരളത്തിന്റെ അഭിമാനതാരമാണെന്നും സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ടെന്നുമുള്ള ഇ പി ജയരാജന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. അമേരിക്കയില്‍ വെച്ച് നമ്മുടെ മുഹമ്മദലി മരിച്ചതായി അറിഞ്ഞു, കേരളത്തിനു വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ മുഹമ്മദ് അലി കേരളത്തിന്റെ കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ കൊണ്ട് വന്നു, തുടങ്ങിയ പരാമര്‍ശത്തെ പൊളിച്ചടുക്കി ട്രോളര്‍മാര്‍ രംഗത്ത് വരികയായിരുന്നു. തിരുവഞ്ചൂരൊക്കെ എത്രയോ ഭേദമാണ് തുടങ്ങിയ പരമാര്‍ശങ്ങളോടെയാണ് കായികമന്ത്രിയെ സോഷ്യല്‍ മീഡിയ വരേവേറ്റത്.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി ഇപി ജയരാജന്‍ രംഗത്തു വന്നിരുന്നു. 40 വര്‍ഷം മുമ്പ് കളിക്കളം വിട്ട ലോക ബോക്സിംഗ് ഇതിഹാസം അമേരിക്കന്‍ പൗരനായ, സാമൂഹ്യ പ്രതിബന്ധതയുള്ള മുഹമ്മദ് അലിയാണ് മരിച്ചതെന്ന് അപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. ഉടന്‍ തന്നെ വിശദമായി അന്വേഷിക്കുകയും എല്ലാ വാര്‍ത്താ ചാനലുകളിലും അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് അനുശോചനം അറിയിക്കുകയും പത്രങ്ങള്‍ക്ക് അനുശോചന കുറിപ്പ് നല്‍കുകയും ചെയ്തെന്ന് ജയരാജന്‍ വ്യക്തമാക്കുന്നു. എന്നാല്‍ സത്യം മറച്ചു പിടിച്ച് ദുര്‍വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഈ കുപ്രചരണം തള്ളിക്കളയണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും ജയരാജന്‍ പറഞ്ഞു.