തിരുവനന്തപുരം: ബിജെപി നീക്കത്തിന് തടയിടാൻ കോൺഗ്രസ്. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അരമനകള്‍ സന്ദര്‍ശിക്കും. ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നടത്തിയ ‘സ്‌നേഹയാത്ര’യെ നേരിടുന്നതില്‍ നടത്തിയ പ്രചാരണം വിചാരിച്ചത്ര ഫലം കണ്ടില്ലെന്ന് കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബിഷപ്പുമാരെ ഉള്‍പ്പടെ സന്ദര്‍ശിച്ച് വോട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഇന്ന് വൈകീട്ട് കെ സുധാകരൻ തലശ്ശേരി ബിഷപ്പിനെ കാണും. അടുത്ത ആഴ്ച കർദിനാൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും കെ സുധാകരൻ കാണും.
അതേസമയം, ഈസ്റ്റർ ദിനത്തിലെ സ്നേഹയാത്രയുടെ തുടർച്ചയായി വിഷുവിന് ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ബിജെപിയുടെ രാഷ്ടീയ നീക്കം. കൈ നീട്ടം അടക്കം നൽകിയായിരുന്നു സൗഹൃദം ഉറപ്പിക്കൽ. വോട്ട് ലക്ഷ്യമിട്ടല്ല സന്ദർശനമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. പരസ്പരമുള്ള സൗഹൃദ കൂട്ടായ്മ എല്ലാ മാസവും നടത്താനാണ് ബിജെപിയുടെ തീരുമാനം. പെരുന്നാളിന് മുസ്ലീം വിശ്വാസികളുടെ വീടുകൾ സന്ദർശിക്കാനും ബിജെപി തീരുമാനമുണ്ട്.
ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉറപ്പിക്കാൻ പ്രതി മാസ സമ്പർക്ക പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ഈസ്റ്റർ ദിനത്തിലെ സ്നേഹ യാത്രയുടെ തുടർച്ച ആയി വിശ്വാസികളുടെ വീടുകൾ ഓരോ മാസവും സന്ദർശിക്കാൻ ബിജെപി ഭാരവാഹി യോഗത്തിൽ തീരുമാനമായി. പെരുന്നാൾ ദിനത്തിൽ തെരഞ്ഞെടുത്ത മുസ്ലിം വിശ്വാസികളുടെ വീട് സന്ദർശിച്ചും ആശംസ നേരും.