പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടത്തിരുന്നാളിന് 52കാരിയെ തടഞ്ഞ കേസില്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യമില്ല. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കെ സുരേന്ദ്രന് രണ്ട് കേസുകളില്‍ കോഴിക്കോട് കോടതി ജാമ്യം അനുവദിച്ചെങ്കിലും പത്തനംതിട്ട കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ആണ് ഇപ്പോള്‍ ജാമ്യം കിട്ടിയിട്ടുള്ളത്. കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനെ തുടര്‍ന്ന് എടുത്ത കേസിലും തീവണ്ടി തടഞ്ഞ കേസിലും ആണ് ജാമ്യം കിട്ടിയത്.
ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ സ്ത്രീയെ തടഞ്ഞ കേസില്‍ ആണ് സുരേന്ദ്രന്റെ ജാമ്യ ഹര്‍ജി തള്ളിയത്. 52 വയസ്സായ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തി എന്നതായിരുനനു സുരേന്ദ്രനെതിരെയുള്ള കേസ്.കേസിലെ ഒന്നാം പ്രതി ഇലന്തൂർ സ്വദേശി സൂരജിനും ജാമ്യം അനുവദിച്ചില്ല. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചു. ട്രെയിന്‍ തടഞ്ഞു, കമ്മീഷണർ ഓഫിസ് മാർച്ചിലെ സംഘർഷം തുടങ്ങിയ കേസുകളിലാണ് ജാമ്യം അനുവദിച്ചത്.
തൃശൂർ സ്വദേശിനിയെ തടഞ്ഞ സംഭവത്തിലെ ഗൂഢാലോചനയിൽ സുരേന്ദ്രന് പങ്കുണ്ടെന്നതായിരുന്നു കേസ്. സൂരജുമായി സുരേന്ദ്രൻ സംസാരിച്ചെന്നതിന് പൊലീസ് തെളിവ് നൽകി. നേരത്തേ റാന്നി കോടതിയും ഇതേ കേസിൽ സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. ഇനി ഹൈക്കോടതിയെ സമീപിക്കുകയാണ് സുരേന്ദ്രന് മുന്നിലുള്ള വഴി.
നിരോധനം ലംഘിച്ച് നിലയ്ക്കലില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ശബരിമലയിലെത്തിയ 52കാരിയെ ആക്രമിച്ച കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്തായിരുന്നു ഈ കേസ്. ഇതോടെയാണ് സുരേന്ദ്രന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായത്.
ഇപ്പോള്‍ സുരേന്ദ്രനെതിരെ ഏഴ് കേസുകളാണുള്ളത്. ഏറ്റവും ഒടുവില്‍ രജിസ്റ്റര്‍ ചെയ്തത് നെടുമ്പാശേരി പൊലീസാണ്. ശബരിമലയിലേക്ക് വന്ന തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തില്‍ തടഞ്ഞുവെച്ചുവെന്നാണ് കേസ്. സുരേന്ദ്രനെതിരെ പുതിയ ആരോപണമാണ് ഇപ്പോള്‍ പൊലീസ് ഉന്നയിക്കുന്നത്. സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പറയുന്നത്. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറണ്ട് നിലവിലില്ല എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ഇത് തെറ്റാണെന്ന് പൊലീസ് പറയുന്നു.