കൊച്ചി : കെ. സുരേന്ദ്രന്‍ ബിജെപി അധ്യക്ഷസ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. കുഴല്‍പ്പണ വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദം ഒതുക്കാന്‍ കെ. സുരേന്ദ്രന്‍ മാറ്റിനിര്‍ത്താന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സി.പി. രാധാകൃഷ്‌ണനോ ഇ ശ്രീധരനെ താല്‍ക്കാലികമായി ചുമതലയേല്‍പ്പിക്കാനും സാധ്യതകളുണ്ട്.സംസ്‌ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്‌ണനായിരിക്കും പുതിയ അധ്യക്ഷനെ നിയോഗിക്കുംവരെ പകരക്കാരന്‍ ആകാൻ സാധ്യത കൂടുതൽ. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നത്.
കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേതൃസ്ഥാനം കൈമാറാന്‍ കെ. സുരേന്ദ്രന് താല്‍പ്പര്യമില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക സ്ഥാനത്തേക്ക് ഇ ശ്രീധരനെ പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. സന്ദീപ് വാര്യരെ നിര്‍ണായക സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നും സൂചനയുണ്ട്.പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയും കുഴല്‍പ്പണ വിവാദവും വലിയ ആഘാതം സൃഷ്ടിച്ചുവെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. പുതിയ സാഹചര്യത്തില്‍ താല്‍ക്കാലികമായെങ്കിലും കറപുരളാത്ത നേതാവിനെ നേതൃ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു.
കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ചില നേതാക്കള്‍ വരും ദിവസങ്ങളില്‍ കെ. സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തുവരുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം തടയിടാന്‍ നേതാക്കള്‍ ശ്രമിക്കുന്നതായിട്ടാണ് സൂചന. ഇ ശ്രീധരന്‍ താല്‍ക്കാലികമായി സ്ഥാനമേറ്റെടുക്കും, പ്രശ്‌നങ്ങള്‍ ഒതുങ്ങിയ ശേഷം കുമ്മനം രാജശേഖരന് സ്ഥാനമേല്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ തീരുമാനം പ്രാവര്‍ത്തികമായാല്‍ സുരേന്ദ്രന് രാഷ്ട്രീയ തിരിച്ചടിയുണ്ടാകും. പ്രസീത അഴിക്കോട് ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടതും സുരേന്ദ്രന് തിരിച്ചടിയായിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിയെ സ്വാധീനിച്ച് പത്രിക പിന്‍വലിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്ന സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ സുന്ദരയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നല്‍കിയ പത്രിക പണം നല്കി പിന്‍വലിപ്പിച്ചെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. സംഭവത്തില്‍ കെ സുരേന്ദ്രനെതിരെ കഴിഞ്ഞ ദിവസം ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിവി രമേശന്‍ കാസർകോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ബിജെപിയുടെ കൂടുതല്‍ പ്രാദേശിക നേതാക്കളെ പ്രതിചേര്‍ത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
കലക്ടര്‍ക്കും എസ്പിക്കും വിവി രമേശ് പരാതി നല്‍കിയിരുന്നെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് സിപിഎം നേതാവ് കോടതിയ സമീപിച്ചത്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത വകുപ്പുകള്‍ പ്രകാരം സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിക്കില്ലെന്ന പ്രത്യേകതയും ഉണ്ട്. ഇതിന് കോടതിയുടെ അനുമതി കൂടെ വേണം.
അതേസമയം സുരേന്ദ്രനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം തെളിഞ്ഞാല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്കടക്കം ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. . ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 (ബി), 171(ഇ) (തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) എന്നീ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റം തെളിഞ്ഞാല്‍ ശിക്ഷ എത്ര കുറവാണെങ്കിലും പിന്നീട് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ടാവും. യുവമോര്‍ച്ച നേതാവും കൊടകര കുഴല്‍പ്പണക്കേസില്‍ ആരോപണം നേരിടുന്ന സുനില്‍ നായിക്കാണ് സുന്ദരക്ക് പണമെത്തിച്ചതെന്ന നിഗമനത്തില്‍ പൊലിസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്.
കേസില്‍ പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ വകുപ്പും ചുമത്തിയേക്കാം. പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മൊഗേര സമുദായത്തില്‍ നിന്നുള്ള അംഗമാണ് സുന്ദര. തിരഞ്ഞെടുപ്പില്‍ പട്ടിക വിഭാഗക്കാര്‍ പത്രിക നല്‍കുന്നതു തടയുന്നതും നൽകിയ പത്രിക പിൻവലിപ്പിക്കുന്നതും പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിൽ 3(എൽ) വകുപ്പുപ്രകാരം കുറ്റമാണ്.
ഈ കുറ്റം തെളിഞ്ഞാല്‍ 6 മാസം മുതൽ 5 വർഷംവരെ തടവാണ് ശിക്ഷ. അതേസമയം കുറ്റാരോപിതര്‍ക്ക് പിടിവള്ളിയാകുന്ന കാര്യവും കേസില്‍ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പട്ടിക വിഭാഗക്കാരൻ എന്നതിനാലുള്ള പീഡനമെങ്കിലാണ് നിയമത്തിന്റെ പരിധിയിൽ വരികയെന്ന സൂപ്രീം കോടതി വാഗ്ദാനമാണ് കേസിലെ ആ പിടിവള്ളി.
അതേസമയം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നാണ് കേസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സുന്ദരയുടെ മൊഴി ബദിയടുക്ക പോലീസ് എടുത്തിരുന്നു.ബിജെപി നേതാക്കളില്‍ നിന്നും ഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സുന്ദരയുടെ സുരക്ഷയ്ക്കായി മൂന്ന് പോലീസുകാരെ നിയമിച്ചിട്ടുണ്ട്. ഫ്ലയിങ് സ്ക്വാഡിന്റെ ജീപ്പ് വീടിന്റെ പരിസരത്തുണ്ട്. ഷേണിയിലെ ബന്ധു വീട്ടില്‍ കഴിയുന്ന സുന്ദരയ്ക്ക് 24 മണിക്കൂര്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.