എന്തൊക്കെയായിരുന്നു ‘മലപ്പുറം കത്തി, അമ്പും വില്ലും’ , റിലീസിങിനു മുന്‍പ് കൊട്ടിയാഘോഷിച്ചപ്പോള്‍ ഇത്ര ദയനീയമാണെന്ന് കരുതിയല്ല ആരും. രജനികാന്തിന്റെ ‘കബാലി’ യെ ക്കുറിച്ചുള്ള ചിലരുടെ അഭിപ്രായമാണിത്. കബാലി നെരുപ്പല്ല ചിലര്‍ക്ക് വെറുപ്പാണ് സമ്മാനിച്ചത്. ആദ്യ ഷോ ഏഴ് മണിക്ക് നടന്നപ്പോള്‍ സിനിമ തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പേ ആരാധകര്‍ തിയറ്ററിലെത്തിയിരുന്നു. ആവേശകരമായ കാത്തിരിപ്പിന് ഫലം ഉണ്ടായില്ല.
ആരാധകരെ ഇളക്കിയ കബാലിയെ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും പുലര്‍ച്ചെ തന്നെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. രജനീ ആരാധകര്‍ ആവേശപൂര്‍വ്വം പ്രതീക്ഷിച്ചിരുന്ന ഇഫക്ട് കബാലി നല്‍കുന്നില്ല എന്നതാണ് ചിത്രം കണ്ടിറങ്ങിയ പലരുടേയും അഭിപ്രായങ്ങള്‍. തിയറ്റര്‍ ഹൗസ് ഫുള്‍ ആണെങ്കിലും സിനിമ തുടങ്ങുമ്പോള്‍ ഉണ്ടായ ആവേശം തിയറ്ററില്‍ പിന്നീട് കണ്ടില്ല. രജനിയെ പോലുള്ള ഒരു സൂപ്പര്‍സ്റ്റാറിനെ ചൂഷണം ചെയ്തു നല്ലൊരു മാസ് പടം എടുക്കുന്നതില്‍ സംവിധായകന്‍ പാ രഞ്ജിത്തിന് ഒരു വന്‍ പരാജയമായി എന്നു പറയാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
വളരെ മന്ദഗതിയിലാണ് ചിത്രത്തിന്റെ പോക്കെന്ന് നിരാശാബോധത്തോടെ ഇവര്‍ പരിതപിക്കുന്നു. എന്നാല്‍, തമിഴര്‍ക്ക് കബാലി നെരുപ്പ് തന്നെ സമ്മാനിച്ചെന്നും പറയുന്നുണ്ട്. ചിത്രം റിയലിസ്റ്റിക് ആണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍പ്പുവിളികള്‍ക്കൊപ്പം മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സീനുകളും പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ ബ്രഹ്മാണ്ഡ രജനി ചിത്രത്തില്‍ ഉണ്ടെന്ന് അനുകൂലികള്‍ പറയുന്നു.
4,000 തിയ്യേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്ത 306 കേന്ദ്രങ്ങളിലും പുലര്‍ച്ചെ മുതല്‍ വലിയ ആള്‍ത്തിരക്കാണ് കാണാനാവുന്നത്. ആദ്യദിവസത്തെ കളക്ഷന്‍ കൊണ്ടുതന്നെ ചിത്രം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് കരുതുന്നത്.