കൊച്ചി : കല്യാൺ ഷോറൂമുകളിൽ വിൽക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് . തമിഴ്‌നാട് സർക്കാർ ദീപാവലി-പൊങ്കൽ വിശേഷ ദിനങ്ങളോടനുബന്ധിച്ച് ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്ത സാരികൾ കല്യാൺ സിൽക്‌സിന്റെ പാലക്കാട് ഷോറൂമിൽ വിൽക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത് . ഇതോടെ വിവിധ ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞു. തമിഴ്‌നാട് സർക്കാർ പാവങ്ങൾക്ക് വേണ്ടി നൽകുന്ന വസ്ത്രങ്ങൾ എങ്ങനെ കല്യാൺ സിൽക്‌സിൽ എത്തുന്നു? മാത്രമല്ല, ഇതിന് പിന്നിലെ ഇടപാടുകൾ എന്തൊക്കെയാണ് എന്നു കൂടി വ്യക്തമാക്കേണ്ട കാര്യം സ്ഥാപനത്തിനുണ്ട്.
മലയാളത്തിലെ പ്രിയ നടൻ പൃഥ്വിരാജിനെ മുൻനിർത്തി ചെയ്യുന്ന പരസ്യം പ്രകാരമാണ് കോമ്പോ ഓഫർ. 299 രൂപയ്ക്ക് മൂന്നു സാരികളാണ് നൽകുന്നത്. ഇങ്ങനെ വിറ്റഴിക്കുന്ന സാരികൾ ആകട്ടെ തമിഴ്‌നാട് സർക്കാർ ജനങ്ങൾക്ക് സൗജന്യമായി കൊടുത്ത സാരികളും. ഇതാണ് ഓഫറുകളുടെ പേരിൽ വിറ്റഴിക്കുന്നത്. പരസ്യത്തിൽ പറയുന്നതുപോലെ ഇതിലും വലിയ ഓഫർ സ്വപ്നത്തിൽ മാത്രമാണെന്ന് പറയേണ്ടിയും വരും. എന്നാൽ, എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തിരയുമ്പോൾ ചെന്നെത്തുന്നത് തമിഴ്‌നാട് സർക്കാറിന്റെ മുദ്രയിലേക്കാണ്. തമിഴ്‌നാട് സർക്കാർ പാവങ്ങൾക്ക് നൽകാൻ മുദ്രപതിച്ച സാരികളാണ് കല്യാണിൽ വിറ്റഴിക്കുന്നത്.
പാലക്കാടുള്ള കല്യാൺ സിൽക്‌സിന്റെ ഷോറൂമിൽ നിന്ന് ഇക്കഴിഞ്ഞ ഡിസംബർ മാസം ആറിന് ബിൽ നമ്പർ. 35635 പ്രകാരം കോഡ് നമ്പർ 181319594, 181320478, 181318857 പ്രകാരം എം.ആർ.പി. 127 രൂപ വിലയിട്ട സാരികൾ ഒന്നിന് 99.67 രൂപ പ്രകാരം മൂന്നെണ്ണം 299.01 രൂപക്ക് വിറ്റതിന്റെ രേഖകൾ പ്രമുഖ ഓൺലൈൻ മറുനാടൻ പുറത്തുവിട്ടിരിക്കയാണ്. GST NO:32AABCK5929J1ZH ഇന്ത്യൻ സമയം 1:36 PMനാണ് ഈ ബിൽ അടിച്ചിരിക്കുന്നത്. ഈ ബില്ലിന്മേലുള്ള അന്നേ ദിവസത്തെ ക്യാഷ് കളക്ഷൻ സ്ലിപ്പും വാർത്തക്കൊപ്പം ഞങ്ങൾ നൽകുന്നു.
പാലക്കാടുള്ള ഉപഭോക്താവ് ഞങ്ങൾക്ക് അയച്ചുതന്ന ബില്ലിലെ കോഡ് നമ്പർ 181319594, 181320478, 181318857 കോട്ടൻ സാരികളുടെ ചിത്രങ്ങളാണ് ഞങ്ങൾ ഈ വാർത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. ചിത്രത്തിൽ തമിഴ് എഴുത്തും മുദ്രയുമൊക്കെ പതിപ്പിച്ച സാരികൾ കാണാം. തമിഴ്‌നാട് സർക്കാർ ദീപാവലി-പൊങ്കൽ വിശേഷ ദിനങ്ങളോട് അനുബന്ധിച്ച് ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്ത ഈ സാരികളിന്മേൽ തമിഴിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ‘സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി’ സംഘത്തിന്റെ റജി.നമ്പർ: ടൈപ്പ്; ബാച്ച് നമ്പർ: കോപ്‌ട്ടെക്‌സ്.
ഇതോടെയാണ് എങ്ങനെ തമിഴ്‌നാട സർക്കാർ ജനങ്ങൾക്ക് വിതരണം ചെയ്യുന്ന വസ്ത്രം കല്യാൺ പോലൊരു സ്ഥാപനത്തിൽ കോമ്പോ ഓഫറിൽ വിൽക്കുന്നത് എന്ന ചോദ്യം ഉയർന്നത്. കല്യാൺ സിൽക്‌സ് വസ്ത്രങ്ങൾ സാധാരണക്കാർക്ക് എത്തിക്കാൻ ചുമതലപ്പെടുത്തിയ സംഘങ്ങൾ വഴി സ്വന്തമാക്കി എന്നു കരുതേണ്ടി വരും. ‘സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി’ പ്രകാരമുള്ള സാരികൾ എങ്ങനെ കല്യാൺ സിൽക്‌സ് ഉടമ സ്വന്തമാക്കി എന്നതിന് വിശദമായ അന്വേഷണം വേണ്ടിവരും
ഒരു പക്ഷെ തമിഴ്‌നാട് സർക്കാർ മുഖാന്തിരമാവാം അതുമല്ലെങ്കിൽ തമിഴ്‌നാട് സർക്കാരിന ുവേണ്ടി ഈ മുണ്ടുകളും സാരികളും നിർമ്മിച്ചു നൽകിയ തുണി മില്ലുകൾ വഴിയാവാം ഇവ കല്യാൺ സിൽക്‌സിന്റെ ഷോറൂമുകളിൽ എത്തിയതെന്നും വാദങ്ങൾ ഉയരുന്നുണ്ട്. രണ്ട് വഴിക്കായാലും ഇവിടെ അഴിമതിയുടെ നിഴൽ ഉണ്ടുതാനും. അതേസമയം വിൽപ്പന നടത്തിയിരിക്കുന്നത് നിയമവിധേയമായി തന്നെയാണ്. എംആർപി രേഖപ്പെടുത്തിയും നിയമപ്രകാരമുള്ള നികുതികളും ചമുത്തിയാണ് വസ്ത്രവിൽപ്പന. ഇങ്ങനെ വിൽക്കുന്ന വസ്ത്രങ്ങളിൽ എങ്ങനെ സർക്കാർ മുദ്രവന്നുവെന്ന് പറയേണ്ടി വരും.
തമിഴ്ഭാഷാ സ്വാധീനമുള്ള പാലക്കാട് ജില്ലയിൽ തന്നെ സൗജന്യ മുണ്ട് – സാരി വിതരണ പദ്ധതിയുടെ വസ്ത്രങ്ങൾ വിതരണം ചെയ്യാൻ തീരുമാനിച്ച കല്യാണിന്റെ തൊലിക്കട്ടി സമ്മതിച്ചേ മതിയാകൂ എന്നാണ് ഉയരുന്ന ആക്ഷേപം. പാവങ്ങൾക്ക് നൽകുന്ന വസ്ത്രങ്ങള് അവരിലേക്ക് എത്തുന്നുണ്ടോ എന്ന ആശങ്കയും ഇതോടെ ഉയരുന്നുണ്ട്. തൃശൂർ അടക്കം കല്യാൺ സിൽക്‌സിന്റെ മറ്റു ഷോറൂമുകളിലും കോമ്പോ ഓഫർ പ്രകാരം വിൽപ്പന നടക്കുന്നുണ്ട്. ഇങ്ങനെ വിറ്റതും തമിഴ്‌നാട് ലേബൽ ഒട്ടിച്ച വസ്ത്രങ്ങളാണോ എന്നാണ് ഇനി അറിയേണ്ടത്.