വലത് പാര്‍ട്ടികള്‍ ജാതിയുടെ പേരില്‍ വിഷം കുത്തിവയ്ക്കുന്നു: കമലഹാസന്‍; ബിജെപി വിഷം പ്രചരിപ്പിക്കുന്നു

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദവും ജാതിയുടെ പേരിലുള്ള വിദ്വേഷവും കുത്തിവയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി നടന്‍ കമലഹാസന്‍. വലതു പക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഇവയെല്ലാം ഗ്രസിച്ചിരിക്കുകയാണെന്ന്. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് കമല്‍ പറഞ്ഞു. തമിഴ് മാസികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം.

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ല. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണ്- കമല്‍ വ്യക്തമാക്കി. ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയായാണ് കമലഹാസന്‍ നിലപാട് വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സത്യമേവ ജയതേ എന്ന ആപ്ത വാക്യത്തിലുള്ള വിശ്വാസം ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കയ്യൂക്കാണ് ശരി എന്നാണ് ഇപ്പോള്‍ അവരുടെ വിശ്വാസം. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നതെന്നും കമല്‍ പറഞ്ഞു.

ജന്മദിനമായ നവംബര്‍ ഏഴിന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായി കമല്‍ എത്തുമെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നവംബര്‍ ഏഴിന് ഒരു വലിയ വാര്‍ത്ത കേള്‍ക്കാന്‍ തയ്യാറായിരിക്കൂ എന്നായിരുന്നു അടുത്തിടെ തന്റെ ആരാധകരോടുള്ള കമലിന്റെ ആഹ്വാനം.

Top