അടുത്തത് മദ്ധ്യപ്രദേശ്: നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍; എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മന്ത്രിമാരെ നിയോഗിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കര്‍ണാടക മോഡല്‍ പരീക്ഷിക്കാന്‍ ബിജെപി. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. മറുകണ്ടം ചാടിക്കല്‍ പെട്ടെന്ന് വിജയം കാണുന്ന ഒരു ഫോര്‍മുലയായി ബിജെപി ഉപയോഗിക്കുകയാണ്. ഗോവയിലും പദ്ധതി വിജയിച്ചതോടെ അടുത്ത പരീക്ഷണം മദ്ധ്യപ്രദേശിലാക്കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്.

അതേസമയം മദ്ധ്യപ്രദേശിലെ സര്‍ക്കാരിന്റെ മറിച്ചിടാന്‍ തങ്ങളില്ലെന്നും അത് സ്വയം ഇല്ലാതാവുമെന്നുമാണ് ബി.ജെ.പി പറയുന്നത്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രസക്തി നിലനിറുത്താന്‍ പോരാടുമ്പോള്‍ സംസ്ഥാനങ്ങളിലെ ഭരണം നിലനിറുത്താന്‍ പെടാപ്പാട് പെടുകയാണെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. കര്‍ണാടകത്തിലെ പോലെ മദ്ധ്യപ്രദേശിലെയും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് കുറ്രപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാവരും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കണം. സര്‍ക്കാരിനെ മറിച്ചിടാനുള്ള ബി.ജെ.പിയുടെ കുതന്ത്രങ്ങളില്‍ വീണുപോകരുത്. ഏതുസമയവും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറായി നില്‍ക്കണമെന്നും കമല്‍നാഥ് പറഞ്ഞു. ബി.ജെ.പിയുടെ തന്ത്രങ്ങള്‍ ചെറുക്കാനായി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം നടന്നപ്പോള്‍ പ്രമുഖ നേതാവ് ഗുലാം നബി ആസാദും പങ്കെടുത്തിരുന്നു.

എം.എല്‍.എമാര്‍ ബി.ജെ.പിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് എക്‌സിറ്റ് പോള്‍ വന്നപ്പോള്‍ തന്നെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബി.ജെ.പി നേതാവായ മദ്ധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ആവശ്യപ്പെട്ടിരുന്നു. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് മന്ത്രിസഭയെ പിന്തുണയ്ക്കുന്ന മായാവതിയുടെ അകല്‍ച്ചയും സര്‍ക്കാരിന് ഭീഷണിയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗുണയിലെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നത് മായാവതിയെ ചൊടിപ്പിച്ചിരുന്നു.

വാജ്‌പേയിയെ താഴെ ഇറക്കിയവരാണ് തങ്ങള്‍, കമല്‍ നാഥിനെയും മറിച്ചിടാന്‍ മടികാണിക്കില്ലെന്നായിരുന്നു മായാവതി സൂചിപ്പിച്ചത്. 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുള്ളത്. രണ്ടംഗങ്ങളുള്ള ബി.എസ്.പിയും എസ്.പിയുടെ ഏക അംഗവും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. മറ്റു നാല് പേര്‍ സ്വതന്ത്രരാണ്.

Top