ന്യൂഡല്‍ഹി: സമീപ ദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ മൂന്ന് പ്രസംഗങ്ങളെ മുന്‍നിര്‍ത്തി ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം നടത്തിയ ഓണ്‍ലൈന്‍ പോളില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനൈയ്യ കുമാര്‍ ഒന്നാം സ്ഥാനത്ത്. ഓണ്‍ലൈന്‍ പോളില്‍ 55 ശതമാനം പേരാണ് കനൈയ്യയുടെ പ്രസംഗത്തിന് വോട്ട് നല്‍കിയത്. മോദിയുടെ പ്രസംഗത്തിന് 42 ശതമാനം പേരുടെ പിന്തുണയെ യുള്ളു. മൂന്നാമത് രാഹുല്‍ ഗാന്ധിയാണ്.
മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗം വാര്‍ത്തയായിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ മോദി നടത്തുന്നത് ഫെയര്‍ ആന്‍ഡ് ലൗലി പദ്ധതിയാണെന്നും രാഹുല്‍ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് മോദി രാജ്യസഭയില്‍ രാഹുലിനെ വ്യക്തിപരമായി ആക്രമിച്ച് പ്രസംഗിച്ചത്. ചിലര്‍ അപകര്‍ഷത മൂലം പാര്‍ലിമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുവെന്ന് മോദി ആരോപിച്ചു. രാജ്യ ദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് 22 ദിവസം ജയിലില്‍ കിടന്നതിന് ശേഷം തിരിച്ചെത്തി കനൈയ്യ കുമാര്‍ നടത്തിയ പ്രംസഗമാണ് ഓണ്‍ലൈന്‍ പോളിലെ മറ്റൊരു പ്രസംഗം.
കനൈയ്യ കുമാറിന്റെ പ്രസംഗം ഒറ്റ ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്‌യുന്നു. പ്രധാനമന്ത്രിയേയും സ്മൃതി ഇറാനിയേയും പൊലീസിനേയും മാധ്യമങ്ങളേയും കണക്കിന് പരിഹസിച്ചാണ് കനൈയ്യ കുമാര്‍ കയ്യടി നേടിയത്. നിരവധി പ്രമുഖരാണ് കനൈയ്യയ്ക്ക് പിന്തുണയുമായി എത്തിയത്.