രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ശേഷം മോചിതനായ ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യകുമാര്‍ വീണ്ടും വിവാദത്തില്‍. കാശ്മീരിലെ യുവതികളെ സൈന്യം ബലാത്സംഗം ചെയ്യുന്നു എന്ന് പ്രസംഗിച്ചുവെന്ന കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരിക്കയാണ് ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ച. കനയ്യയുടെ പ്രസ്താവനയ്‌ക്കെതിരെ രാജ്യദ്രോഹ പരാതി ഉന്നയിച്ചാണ് യുവമോര്‍ച്ച രംഗത്തുവന്നത്. ജെഎന്‍യുവില്‍ നടന്ന സ്ത്രീപക്ഷ പരിപാടിയില്‍ സൈനികരോട് അങ്ങേയറ്റം ബഹുമാനം നിലനില്‍ക്കുമ്പോള്‍ തന്നെ കശ്മീരിലെ യുവതികളെ ഇന്ത്യന്‍ സൈന്യം ബലാല്‍സംഗം ചെയ്യുകയാണെന്ന പ്രസ്താവന കനയ്യ നടത്തിയിരുന്നു. ഇതിനെതിരെയാണ് പരാതി.
കാശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ കനയ്യ കുമാര്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. എന്നാല്‍ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന കനയ്യയുടെ ജാമ്യ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് ഇതെന്നാണ് യുവമോര്‍ച്ചയുടെ പക്ഷം. നിങ്ങള്‍ എത്ര തടയാന്‍ ശ്രമിക്കുന്നുവോ അത്ര തന്നെ മനുഷ്യാവകാശ ലംഘനത്തിനെതിരേ ഞങ്ങള്‍ ശബ്ദമുയര്‍ത്തും. അഫ്‌സപയ്‌ക്കെതിരേ ശബ്ദമുയര്‍ത്തുന്ന ഞങ്ങള്‍ സൈനികരോട് അങ്ങേയറ്റം ബഹുമാനം കാട്ടുമ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിച്ചിച്ചീന്തുന്ന കശ്മീരി സ്ത്രീകളുടെ കാര്യവും പറയുമെന്ന് ചൊവ്വാഴ്ച രാത്രിയില്‍ നടന്ന വനിതാദിന റാലിയില്‍ പങ്കെടുത്തു സംസാരിക്കവേ കനയ്യ പറഞ്ഞു.
‘യുദ്ധസമയത്ത് റ്വാണ്ടയില്‍ 1000 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ആഫ്രിക്കയില്‍ വംശീയ സംഘര്‍ഷ സമയത്ത് സൈന്യം എതിര്‍ സംഘത്തെ ആക്രമിക്കുകയും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഗുജറാത്ത് ഒരു ഉദാഹരണമായെടുക്കാം. കലാപത്തില്‍ സ്ത്രീകള്‍ കൊല്ലപ്പെടുക മാത്രമല്ല, അതിനു മുമ്പ് അവര്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു’ കനയ്യ കുമാര്‍ പറഞ്ഞു.
കനയ്യയ്‌ക്കൊപ്പം ഫെബ്രുവരി 9 ന് നടത്തിയ പ്രസ്താവനയുടെ പേരില്‍ ജെഎന്‍യു പ്രൊഫസര്‍ നിവേദിതാ മേനോനെതിരേയും പരാതി നല്‍കിയിട്ടുണ്ട്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും അനധികൃതമായി കൈയേറിയതാണ് കാശ്മീരെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നുമാണ് നിവേദിത മേനോന്‍ പറഞ്ഞത്.