ഒരേ വിമാനത്തില്‍ വന്നിറങ്ങി; എതിരേറ്റത് മുഖ്യമന്ത്രിയെ

മന്ത്രിമാരുടെ സ്വീകരണത്തേച്ചൊല്ലി കണ്ണൂര്‍ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍. ഒരേ വിമാനത്തില്‍ വന്നിറങ്ങിയെങ്കിലും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ പരിഗണിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം സ്വീകരണം നല്‍കിയതിനെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരും നിതിന്‍ ഗഡ്കരിയെ സ്വീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകരും മട്ടന്നൂര്‍ വിമാനത്താവളത്തിന് പുറത്ത് കാത്തിരുന്നു. ഇരുനേതാക്കളും ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍.

ഫയര്‍ എക്‌സിറ്റ് വഴിയാകും ഇവരെത്തുകയെന്ന് വിവരം കിട്ടിയതോടെ സിപിഐഎം പ്രവര്‍ത്തകര്‍ മാത്രം അങ്ങോട്ടെത്തി. ആദ്യം മുഖ്യമന്ത്രി കാറില്‍ പുറത്തേയ്ക്ക്. സ്വീകരണത്തിനായി കാര്‍ നിര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രിയെ ചുവപ്പുഷാള്‍ അണിയിച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പിന്നാലെയെത്തിയ കാറിലുണ്ടായിരുന്ന കേന്ദ്രമന്ത്രിയെ സിപിഐഎം പ്രവര്‍ത്തകര്‍ തിരിഞ്ഞുനോക്കിയില്ല. ഗഡ്കരി പുറത്തിറങ്ങുന്നത് മറ്റൊരു വഴിയാണെന്ന കാര്യം ബിജെപി പ്രവര്‍ത്തകര്‍ വൈകിയാണ് അറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപ്പോഴേക്കും ഗഡ്കരിയുടെ കാര്‍ പുറത്തെത്തിയിരുന്നു. കാറില്‍ ഒപ്പമുണ്ടായിരുന്ന വി മുരളീധരന്‍ എംപിയെ വിളിച്ച് നേതാക്കള്‍ പരാതി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ കാര്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റിനടുത്തേക്ക് തിരിച്ചുവിട്ടു. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സികെ പത്മനാഭന്‍, ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് തുടങ്ങിയവര്‍ ഗഡ്കരിയെ ഔപചാരികമായി സ്വീകരിച്ചു.

കേന്ദ്രമന്ത്രിയെ സിപിഐഎം അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം. ഉദ്ഘാടനത്തിന് മുന്‍പ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയത് വിവാദത്തിന് വഴിവെച്ചിരുന്നു. ‘ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് അവരോട് പറഞ്ഞേക്കൂ’ എന്ന് അമിത് ഷാ എയര്‍പോര്‍ട്ട് ജീവനക്കാരോട് പറയുകയും ചെയ്തു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ടിലെത്തുന്ന രണ്ടാമത്തെ യാത്രക്കാരി.

Top