സര്‍ക്കാര്‍ ചെലവില്‍ സി.പി.എം നേതാക്കളുടെ വിമാനയാത്രാ ധൂര്‍ത്ത്.മുഖ്യമന്ത്രിയും മന്ത്രിമാരുടെയും വിമാനയാത്ര വിവാദത്തിൽ !ചെലവുചുരുക്കൽ കാലത്ത് സർക്കാർ പൊടിച്ചത് 2,28,000 രൂപ !..

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ വിമാന യാത്ര വിവാദമാകുന്നു. മുഖ്യമന്ത്രിയും കുടുംബവും, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള 63 പേരാണ് കണ്ണൂരില്‍ ഗോ എയര്‍ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്.യാത്ര ടിക്കറ്റുകളും തുകയായ 2,28,000 രൂപ തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെക് വഴി അടപ്പിച്ചു എന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്.അതേസമയം പെട്ടെന്നുള്ള സംവിധാനമായതിനാല്‍ കൂട്ട ബുക്കിങ്ങിനായി ഏജന്‍സി എന്ന നിലയില്‍ ഒഡേപേക്കിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.പ്രളയത്തിന്‍റെ പേരിൽ സംസ്ഥാന സ്കൂൾ കലോത്സവം ഉള്‍പ്പെടെ ചെലവ് ചുരുക്കി നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിമാനയാത്രാ ധൂർത്ത് നടന്നത്.

സർക്കാരിന്‍റെ കീഴിലുള്ള ഒഡപാക്ക് എന്ന റിക്രൂട്ട്മെന്‍റ് സ്ഥാപനമാണ് കണ്ണൂർ എയർപോർട്ടിൽ നിന്ന് ആദ്യ ആഭ്യന്തര സർവീസ് നടത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരുടെ ചെലവ് വഹിച്ചത്. വിമാനത്തിൽ യാത്ര ചെയ്തതാകട്ടെ മുഖ്യമന്ത്രിയും മന്ത്രിമാരും മന്ത്രി കുടുംബാംഗങ്ങളും സി പി എം പ്രാദേശിക നേതാക്കളും മട്ടന്നൂർ നഗര സഭാ ചെയർപേഴ്സണും വൈസ് ചെയർമാനും അടക്കം 64 പേർ. 64 യാത്രക്കാരുടെ ചിലവിനത്തിൽ ഒഡപാക്ക് നൽകിയതാകട്ടെ രണ്ടു ലക്ഷത്തി ഇരുപത്തി എണ്ണായിരം രൂപയും.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ശൈലജ ടീച്ചർ, എ.കെ ശശീന്ദ്രൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി എം പി, സി.കെ.നാണു എന്നിവർ വിമാനത്തിൽ യാതക്കാരായി ഉണ്ടായിരുന്നു. അവർക്കൊപ്പം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനിയും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവും ഉൾപ്പെടുന്നു. പി.കെ ശ്രീമതി യും മകൻ സുധീർ പി.കെയും കുടുംബവും ആദ്യ യാത്രക്കാരായി ഇവർക്കൊപ്പം തിരുവനന്തപുരത്ത് ഇറങ്ങി, മന്ത്രി കെ.കെ ശൈലജയുടെ പേഴ്സണൽ സ്റ്റാഫംഗവും, ഡിവൈഎഫ്ഐ നേതാവുമായ പി.സന്തോഷും, എം എൽ എ മാരായ എ.എൻ ഷംസീർ, ജയിംസ് മാത്യുവും ഇതേ വിമാനത്തിൽ സർക്കാർ ചെലവിൽ യാത്ര ചെയ്തു. ശൈലജ ടീച്ചറും ഭർത്താവ് ഭാസ്ക്കരൻ മാസ്റ്ററുമാണ് ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാർ. ഇടതുപക്ഷത്തെ കണ്ണൂരിലെ പ്രമുഖ നേതാക്കളും ഇതിൽ ഉൾപ്പെടുന്നു.

യാത്രക്കാരുടെ ചിലവ് എന്തിനു വഹിച്ചു എന്ന ചോദ്യത്തിന് മന്ത്രിമാർക്ക് പണം ഇത്തരത്തിൽ ചിലവാക്കാറുണ്ടെന്നും എന്നാൽ അത് പിന്നീട് തിരിച്ചടയ്ക്കാറുണ്ടെന്നുമാണ് ഒഡപാക്കിന്‍റെ വിശദീകരണം. എന്നാൽ മന്ത്രി മാരോടൊപ്പം യാത്ര ചെയ്ത മറ്റു യാത്രക്കാരുടെ ചിലവ് എന്തിനു വഹിച്ചു എന്നും അത് എങ്ങനെ ഈടാക്കുമെന്നും ഉള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.കെ.എസ് ശബരിനാഥന്‍ എം.എല്‍.എ ഫേയ്‌സ്ബുക്കില്‍ ഈ ആരോപണം ഉന്നയിക്കുകകൂടി ചെയ്തതോടെ സമൂഹമാധ്യമങ്ങളിലടക്കം വിഷയം ചര്‍ച്ചയായിരിക്കുകയാണ്.

കെ.എസ് ശബരിനാഥന്‍ എം.എല്‍.എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഇന്ന് വൈകുന്നേരം കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള ഗോ എയർ ഫ്ലൈറ്റിൽ ഒറ്റ PNR നമ്പറിൽ ടിക്കറ്റെടുത്ത് സഞ്ചരിച്ചത് 63 യാത്രക്കാർ. ഇതിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കുടുംബവും മന്ത്രിമാരും പരിവാരങ്ങളും ഗൺമാൻമാരും സഖാക്കളും DYFI നേതാക്കളും ഉൾപ്പെടുന്നു. സംശയിക്കേണ്ട, ഈ ശുഭയാത്രയ്ക്ക് Rs 2,28,000 രൂപ ചിലവഴിച്ചത് ODEPC എന്ന തൊഴിൽ വകുപ്പിന് കീഴിലുള്ള സർക്കാർ സ്‌ഥാപനമാണ്. എന്നുമാത്രമല്ല, മുഖ്യമന്ത്രിയുൾപ്പെടെ യാത്രചെയ്തപ്പോൾ ബില്ലിൽ കൊടുത്തിട്ടുള്ള ODEPC അഡ്രസ് പോലും വ്യാജമാണ്.

പണ്ട് രാജാക്കന്മാർ നായാട്ടിന്പോകുമ്പോൾ സർവ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാൻമാരുടെ ഈ ധൂർത്ത്.
വിപ്ലവാഭിവാദ്യങ്ങൾ.

അതേസമയം തറികളുടെ താളത്തിനും തിറകളുടെ മേളത്തിനുമൊപ്പം ഇനി വിമാനങ്ങളുടെ ഇരമ്പവും കണ്ണൂരിന്റെ ഹൃദയതാളത്തിന്റെ ഭാഗമാകയാണ്. മട്ടന്നൂർ മൂർഖൻപറമ്പിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ആദ്യയാത്രാവിമാനം ഇന്നു പറന്നുയർന്നു. രാവിലെ 9.55ന് ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർ‌വഹിച്ചു. ടെർമിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേർന്നു നിർവഹിച്ചിരുന്നു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യം കണ്ണൂരിൽനിന്ന് പറന്നുയർന്നത്.ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു . പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാൻ സൗജന്യ ബസ് സർവീസ് കിയാൽ (കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്) തയാറാക്കിയിരുന്നു. ബിജെപിയും കോൺഗ്രസും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചു.

Top