കണ്ണൂര്‍ വിമാനത്താവളം: വീണ്ടും സ്ഥലമെടുക്കാന്‍ നീക്കം; 200ഓളം കുടുംബങ്ങളെ ബാധിക്കും

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനായി വീണ്ടും സ്ഥലമെറ്റെടുക്കാന്‍ നീക്കം. റണ്‍വേയ്ക്കായിട്ടാണ് പുതുതായി സ്ഥലം ഏറ്റെടുക്കാന്‍ കിയാല്‍ ശ്രമിക്കുന്നത്. ഇതിന്റെ മുന്നോടിയായി കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കാനുള്ള റവന്യൂ വകുപ്പിന്റെ സാമൂഹ്യ ആഘാതപഠനം പൂര്‍ത്തിയായി. മൂന്നുമാസം കൊണ്ട് ഒരു സ്വകാര്യ ഏജന്‍സിയാണ് പഠനം പൂര്‍ത്തിയാക്കി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇതോടെ സര്‍ക്കാരിന് ഉടന്‍ സ്ഥലമെടുപ്പ് വിജ്ഞാപനമിറക്കാനാകും. തിരുവനന്തപുരത്തുള്ള ഏജന്‍സിയാണു പഠനം നടത്തിയത്. 3050 മീറ്റര്‍ റണ്‍വേയിലാണു നിലവില്‍ വിമാനത്താവള പ്രവര്‍ത്തനം. റണ്‍വേ 4000 മീറ്ററായി ഉയര്‍ത്താന്‍ 230 ഏക്കര്‍ (99.3235) ഭൂമിയാണു വിമാനത്താവള കമ്പനിയായ കിയാലിന് ആവശ്യം. റണ്‍വേ വികസനത്തിനു കീഴല്ലൂര്‍ വില്ലേജിലെ കാനാട്, കീഴല്ലൂര്‍ പ്രദേശത്തെ ഭൂമിയാണ് ഏറ്റെടുക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുവിചാരണ വേളയില്‍ അക്വസിഷന്‍ അതോറിറ്റിയായ കിന്‍ഫ്രയെയോ പൊന്നുംവില ഓഫിസര്‍മാരെയോ പങ്കെടുപ്പിച്ചില്ലെന്നും ഭൂവുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനുള്ള അവസരം ലഭിക്കാതെ പോയെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട് ചെയ്യുന്നു. റണ്‍വേ വികസനത്തിനു കൂടി സ്ഥലമെടുക്കുമ്പോള്‍ കീഴല്ലൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം കൂടുതല്‍ രൂക്ഷമാകും.

നിലവില്‍ വിമാനത്താവളത്തിനായി ഏറ്റെടുത്ത ഹെക്ടര്‍ കണക്കിനുള്ള ഭൂമി ഇടിച്ചുനിരപ്പാക്കിയതിനാല്‍ മൂന്നുവര്‍ഷത്തോളമായി കുടിവെള്ളത്തിന്റെ കുറവ് പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. ഇതിനു സ്ഥായിയായ പരിഹാരം കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷകാലത്ത് മഴവെള്ളം കുത്തിയൊലിച്ച് ജനവാസകേന്ദ്രങ്ങളിലും കാര്‍ഷിക ഭൂമിക്കും ഭീഷണിയുണ്ട്. കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം സര്‍ക്കാര്‍ അനുവദിക്കേണ്ടിവരും. റണ്‍വേ വികസനത്തിന് ആവശ്യമായ മറ്റൊരു സ്ഥലമെടുപ്പ് ഭാവിയില്‍ സാധ്യമല്ല. സ്ഥലമെടുക്കുമ്പോള്‍ ഇരുന്നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. പ്രദേശത്തെ അഞ്ചു ക്ഷേത്രങ്ങളും മുസ്ലിം പള്ളിയും നെയ്ത്തുശാലയും അങ്കണവാടിയുമുണ്ട്. ഇവ പൂര്‍ണമായും നീക്കേïിവരുമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റണ്‍വേ വികസനത്തിനു 62 മീറ്ററോളം ഉയരത്തിലും ഒരുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും മണ്ണിട്ട് നികത്തേണ്ടി വരും. റണ്‍വേ ദീര്‍ഘിപ്പിക്കുമ്പോള്‍ നിലവിലെ വിമാനത്താവളത്തില്‍ നിന്ന് ഒഴുകിവരുന്ന വെള്ളത്തിനു തടസം നേരിടും. ഇതിനായി സ്ഥായിയായ സംവിധാനം ഏര്‍പ്പെടുത്തേണ്ടിവരും. ഇതിനായി പദ്ധതി നടപ്പാക്കുമ്പോള്‍ തെരൂര്‍ പാലയോട്-കീഴല്ലൂര്‍ റോഡ് ഗതാഗതം തടസപ്പെടും. സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയാല്‍ എട്ടുമാസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥലമെടുപ്പ് നടത്താനാകുമെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു. നിലവില്‍ 2062 ഏക്കര്‍ ഭൂമിയാണു വിമാനത്താവളത്തിനുള്ളത്. 230 ഏക്കര്‍ കൂടി ഏറ്റെടുക്കുന്നതോടെ വിമാനത്താവള ഭൂമി 2292 ഏക്കറായി ഉയരും. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമിയുള്ള വിമാനത്താവളമാണ് കണ്ണൂര്‍. റണ്‍വേ 4000 മീറ്ററായി ഉയര്‍ത്തുന്നതോടെ രാജ്യത്തെ വലിയ വിമാനത്താവളങ്ങളായ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് എന്നിവയ്ക്കൊപ്പമായിരിക്കും കണ്ണൂരിന്റെ സ്ഥാനം.

Top