
കണ്ണൂര്‍: തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാനായി കണ്ണൂരില്‍ നിന്ന് നാടുവിട്ടത് പത്ത് പേര്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പൂതപ്പാറയിലെ രണ്ട് കുടുംബങ്ങളിലുള്ളവരാണ് നാടുവിട്ടത്. മൈസൂരിലേക്ക് യാത്രപോകുന്നു എന്ന് അടുപ്പമുള്ളവരോട് പറഞ്ഞാണ് ഇവര്‍ കഴിഞ്ഞ മാസം ഇരുപതിന് നാട് വിട്ടത്. ഇതുവരെയും മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവില്‍ ഇവര്‍ രാജ്യം വിട്ടതായി കാണ്ടെത്തുകയായിരുന്നു.
ഇന്ത്യയില്‍ നിന്നും ഇവര്‍ യു.എ.ഇയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ഇവിടെ നിന്നും മുങ്ങിയെന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. ഐഎസിലേക്ക് ചേരാനായി ഈ പത്ത്പേരും അഫ്ഗാനിസ്ഥാനിലേക്ക് എത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ് ഇപ്പോള്‍. ഇതിന് മുന്‍പും കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവര്‍ അഫ്ഗാനിസ്ഥാനിലാണ് എത്തിയിരുന്നത്.
ഇതിന് മുമ്പ് ഐഎസില്‍ ചേരാനായി പോയവരൊന്നും ഇപ്പോള്‍ ജീവനോടെയുള്ളതായിട്ടുള്ള വിവരം ലഭ്യമല്ല. അഫ്ഗാനിസ്ഥാനില്‍ ഭീകര കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ മിസൈലാക്രമണങ്ങളില്‍ ഇവരെല്ലാം കൊല്ലപ്പെട്ടതായിട്ടാണ് വിവരം. സിറിയയിലും, ഇറാഖിലെയും ഐസിസ് കേന്ദ്രങ്ങള്‍ ഭൂരിഭാഗവും ആക്രമണങ്ങളില്‍ തകര്‍ന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനില്‍ ഐസിസ് കേന്ദ്രീകരിക്കുന്നത്.