കണ്ണൂര്‍: ദേശാടനപ്പക്ഷികളുടെയും പക്ഷിനിരീക്ഷകരുടെയും തീര്‍ത്ഥാടന കേന്ദ്രമാണ് കണ്ണൂരിലെ മാടായിപ്പാറ. ഇപ്പോഴിതാ അത്യപൂര്‍വ്വമായി മാത്രം കാണുന്ന അമുര്‍ ഫാല്‍ക്കണ്‍ എന്നറിയപ്പെടുന്ന മംഗോളിയന്‍ പരുന്തിനെ ഇവിടെ കണ്ടെത്തിയിരിക്കുന്നു. കേരളത്തില്‍ മുമ്പ് കാലത്ത് ചിലയിടങ്ങളില്‍ ഈ പക്ഷിയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മാടായിപ്പാറയില്‍ ഇവയെ കാണുന്നത്. മംഗോളിയയില്‍ കണ്ടുവരുന്ന അമുര്‍ ഫാല്‍ക്കണ്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് ദേശാടനം തുടങ്ങുക. ജയന്‍ തോമസ് എന്ന പക്ഷി നിരീക്ഷകനാണ് ഈ മംഗോളിയന്‍ പ്രാപ്പിടിയനെ മാടായിപ്പാറയില്‍ കണ്ടെത്തിയത്. 5600 കിലോ മീറ്റര്‍ താണ്ടി ഇവ ആദ്യം വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ എത്തിച്ചേരുകയും പിന്നീട് 22000 കിലോമീറ്റര്‍ താണ്ടി ദക്ഷിണാഫ്രിക്കയിലും പോയതിനു ശേഷമാണ് മംഗോളിയയിലേക്ക് തിരിച്ചു പറക്കുക. നാഗലാന്റില്‍ വ്യാപകമായി ഈ പക്ഷികളെ ഇറച്ചിക്കും മറ്റും വേട്ടയാടിയതിനാല്‍ 2011ല്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സാധാരണ പരുന്തുകളെപ്പോലെ മംഗോളിയന്‍ പരുന്തുകളും മാംസാഹാരപ്രിയരാണ്. ചെറുപ്രാണികളെയും ചിതലുകളെയുമാണ് ഇവ തിന്നുക. ജയന്‍ തോമസ് അമുര്‍ ഫാല്‍ക്കണെ ഇവിടെ കണ്ടെത്തിയ കാര്യം പക്ഷി ശസ്ത്രജ്ഞരായ സി ശശികുമാറും ജെ പ്രവീണും സ്ഥിരീകരണം നടത്തുകയും ചെയ്തിരുന്നു.