കണ്ണൂര്‍: ഭൂമി ഇടപാട് കേസില്‍ കാന്തപുരം കുടുങ്ങാന്‍ സാധ്യത. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി കൈമാറ്റക്കേസിലാണ് കാന്തപുരം അന്വേഷണം നേരിടുന്നത്.
തലശേരി വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്. കാന്തപുരത്തിന്റെ പേര് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ച് എ.കെ ഷാജി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം കാന്തപുരം വിലയ്ക്കു വാങ്ങുകയും പിന്നീട് മുക്ത്യാര്‍ അടിസ്ഥാനത്തില്‍ പഴയങ്ങാടിയിലെ ഒരു വ്യവസായിക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. കറപ്പത്തോട്ടമായിരുന്ന സ്ഥലം രേഖകളില്‍ ഗാര്‍ഡന്‍ എന്നാക്കി ഉപയോഗിച്ചുവെന്നാണ് പരാതി. പരാതിയില്‍ തലശേരിയില്‍ വിജിലന്‍സ് കോടതി കേസെടുത്ത് അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു.
എന്നാല്‍ കാന്തപുരത്തിന്റെ പേര് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാലാണ് കാന്തപുരത്തെ പ്രതിപട്ടികയില്‍ ചേര്‍ക്കാതിരുന്നതെന്ന് വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ശൈലജന്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം തുടരുകയാണെന്നും. തെളിവ് കിട്ടിയാല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ പ്രതിചേര്‍ക്കുന്നതില്‍ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.