രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട മദ്യത്തിന്റെ നിര്‍മ്മാതാവ് വിടപറഞ്ഞു; രണ്ട് പെഗ് കഴിച്ച് ആദരവ് അര്‍പ്പിക്കുന്ന ആരാധകര്‍

ന്യൂഡല്‍ഹി: ജനങ്ങളെ ലഹരിയില്‍ ആറാടിച്ച കപില്‍ മോഹന്‍ വിടപറഞ്ഞു. സമാധാനത്തോടെ പൊയ്‌ക്കൊള്ളൂ…ഓള്‍ഡ് മങ്ക് അനാഥമാവില്ല…ഞങ്ങളുണ്ട് കൂടെ…എന്നും.. എന്ന് ആരാധകരുടെ ട്വീറ്റ്. ഓള്‍ഡ് മങ്ക് എന്ന സ്വന്തം റമ്മിനെ ഇന്ത്യയുടെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കി വളര്‍ത്തിയ കപില്‍ മോഹന്റെ വേര്‍പാടില്‍ ആരാധകരുടെ അനുശോചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്നു.

സുഗന്ധദ്രവ്യങ്ങളും വാനിലയുടെ രുചിയും ചേര്‍ത്ത ഓള്‍ഡ് മങ്കിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിട്ട. ബ്രിഗേഡിയര്‍ കപില്‍ മോഹന്‍(88) കഴിഞ്ഞ ശനിയാഴ്ചയാണ് അന്തരിച്ചത്. സൈന്യത്തില്‍ വിശിഷ്ട സേവനത്തിനുള്ള മെഡലും അദ്ദേഹത്തിന് ലഭിച്ചു.രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാസിയാബാദിലെ വസതിയില്‍ അവശ നിലയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതം മൂലമായിരുന്നു. പുഷ്പ മോഹന്‍ ആണ് ഭാര്യ. ഓള്‍ഡ് മങ്ക് റം നിര്‍മ്മിക്കുന്ന മോഹന്‍ മീക്കിന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു അദ്ദേഹം.

1954 ഡിസംബര്‍ 19നാണ് ഓള്‍ഡ് മങ്ക് റം വിപണിയില്‍ എത്തിയത്. ഒരുകാലത്ത് ലോകത്തെ തന്നെ ഏറ്റവും വില്പനയുള്ള റം ആയി ഓള്‍ഡ് മങ്കിനെ വളര്‍ത്തിയത് കപില്‍ മോഹനാണ്. സോളാന്‍ നമ്പര്‍ വണ്‍ വിസ്‌കി, ഗോള്‍ഡന്‍ ഈഗിള്‍ ബിയര്‍ എന്നീ ബ്രാന്‍ഡുകളുടെ സ്രഷ്ടാവും അദ്ദേഹമാണ്. ഈ മദ്യങ്ങളുടെയെല്ലാം സ്രഷ്ടാവായ കപില്‍ മോഹന്‍ മദ്യം കഴിക്കില്ലായിരുന്നു എന്നതാണ് വിരോധാഭാസം.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനി വന്‍ വളര്‍ച്ച നേടി. പുതിയ 3 ഡിസ്റ്റിലറികള്‍ ഉള്‍പ്പെടെ വിവിധ കമ്പനികള്‍ സ്ഥാപിച്ചു. ഇപ്പോള്‍ 400 കോടിയാണ് വിറ്റുവരവ്. മോഹന്‍ കമ്പനിയില്‍ നിന്ന് പിരിഞ്ഞതോടെ ഓള്‍ഡ് മങ്കിന്റെ പ്രതാപം ക്ഷയിച്ചു. വില്പന കുറഞ്ഞതിനാല്‍ ഓള്‍ഡ് മങ്ക് ഉത്പാദനം നിറുത്താന്‍ പോകുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ട്വിറ്ററിലാണ് കപില്‍ മോഹന് ഏറ്റവുമധികം അനുശോചനം വരുന്നത്. പലരും മദ്യത്തിന്റെ പേരിനെ ഹാഷ്ടാഗാക്കി. ഓള്‍ഡ് മങ്കിന്റെ ചിത്രവും ആരാധകര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. രണ്ട് പെഗ് ഓള്‍ഡ് മങ്ക് കഴിച്ച് ആദരവ് അര്‍പ്പിക്കുന്നു എന്നാണ് ചില സന്ദേശങ്ങള്‍.

Top