കർണാടകയിൽ വിജയം ഉറപ്പിക്കാൻ ബിജെപി !കുമാരസ്വാമിയെ നേരിടാന്‍ സുമലത!

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു. കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ പോരാട്ടം ശക്തമാക്കി കളം നിറയാനാണ് ബിജെപിയുടെ തീരുമാനം. ഈ പശ്ചാത്തലത്തില്‍ നടി സുമലത മാണ്ഡ്യയില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തില്‍ ജനവിധി തേടുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ജെഡിഎസിന്റെ മറ്റൊരു നേതാവാണ് മാണ്ഡ്യയിലെ സ്ഥാനാര്‍ഥി. എന്നാല്‍ അനാരോഗ്യം കാരണം അദ്ദേഹം പിന്മാറാനുള്ള സാധ്യതയും കല്‍പ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി മാണ്ഡ്യയിലും മല്‍സരിക്കുമെന്ന വാര്‍ത്തകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചന്നപട്‌ന മണ്ഡലത്തിലാണ് കുമാരസ്വാമി മല്‍സരിക്കുന്നത്. അതിന് പുറമെ മാണ്ഡ്യയിലും ജനവിധി തേടിയേക്കുമെന്നാണ് വാര്‍ത്തകള്‍. ഈ സാഹചര്യത്തില്‍ മാണ്ഡ്യ എംപി കൂടിയായ സുമലത മാധ്യമങ്ങളോട് നടത്തിയ പ്രതികരണം ചര്‍ച്ചകള്‍ക്ക് ചൂടേറി. ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഉറപ്പായും മാണ്ഡ്യയില്‍ മല്‍സരിക്കുമെന്ന് സുമലത പറഞ്ഞു.

നിഖിലിനെ തോല്‍പ്പിച്ച സുമലത ഇനി കുമാരസ്വാമിയെയും തോല്‍പ്പിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സുലമതയുടെ ഭര്‍ത്താവ് അന്തരിച്ച നടന്‍ അംബരീഷിന് വലിയ സ്വാധീനമുള്ള മേഖലയാണ് മാണ്ഡ്യ. അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെയാണ് സുമലതയ്ക്ക് പിന്നിലും. അതുകൊണ്ടുതന്നെ സുമലത സ്ഥാനാര്‍ഥിയായാല്‍ ജയിക്കുമെന്ന ഉറപ്പ് ബിജെപിക്കുണ്ട്. എന്തുവില കൊടുത്തും കൂടുതല്‍ സീറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

ഇതുവരെ സ്വതന്ത്രയായി നിന്നിരുന്ന സുമലത കഴിഞ്ഞ മാസം മോദി മൈസൂരിലെത്തിയ വേളയിലാണ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപി മാണ്ഡ്യയില്‍ മല്‍സരിപ്പിക്കുന്നത് അശോക് ജയറാമിനെയാണ്. ജെഡിഎസ് സ്ഥാനാര്‍ഥിയായി എം ശ്രീനിവാസും രംഗത്തുണ്ട്. ‘മദ്ദൂരിലെ ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കും. അഭിഷേക് അംബരീഷും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും’ സുമലത പറഞ്ഞു.

നിലവില്‍ മാണ്ഡ്യയിലെ സിറ്റിങ് എംഎല്‍എ ജെഡിഎസ് നേതാവ് ശ്രീനിവാസ് ആണ്. അദ്ദേഹത്തിന് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ശ്രീനിവാസ് പിന്മാറുമെന്നും കുമാരസ്വാമി സ്ഥാനാര്‍ഥിയാകുമെന്നും ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നു. രണ്ടിടത്തും കുമാരസ്വാമി ജയിച്ചാല്‍ മാണ്ഡ്യ സീറ്റ് ഭാര്യ അനിതയ്ക്ക് വേണ്ടി ഒഴിയുമെന്നും പ്രചാരണമുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നാണ് ജെഡിഎസിലെ ഒരു വിഭാഗം പറയുന്നത്.

Top