കണ്ണൂര്‍: തലശ്ശേരി ഫസല്‍വധക്കേസില്‍ ഏഴും എട്ടും പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും മത്സരിപ്പിക്കാന്‍ സി.പി.എം നീക്കം. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാനസമിതിയെ അറിയിക്കും.ഇതേ കേസില്‍ പ്രതിയായ തലശ്ശേരി ഏരിയാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്ക് മത്സരിപ്പിക്കാനും സി.പി.എം. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ജാമ്യത്തിലാണ് ഇപ്പോള്‍ കാരായി രാജനും ചന്ദ്രശേഖരനും. ജില്ലാക്കമ്മിറ്റിക്ക് മുന്നോടിയായി നടന്ന സെക്രേട്ടറിയറ്റ് യോഗത്തിലാണ് കാരായിമാരെ മത്സരിപ്പിക്കുന്ന വിഷയം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അവതരിപ്പിച്ചത്.
രാജനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്നതായിരുന്നു ആവശ്യം. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ പാട്യം, കതിരൂര്‍ എന്നിവിടങ്ങളിലേതിലെങ്കിലും നിര്‍ത്താനായിരുന്നു ആലോചന. എന്നാല്‍, ഇതിനെ ഒരുവിഭാഗം എതിര്‍ത്തു. പകരം, മയ്യില്‍ എരിയാസെക്രട്ടറി ടി.കെ.ഗോവിന്ദനെ മത്സരിപ്പിക്കണമെന്നും ഇവര്‍ ഉന്നയിച്ചു. ഇതിനുശേഷമാണ് വിഷയം സംസ്ഥാനകമ്മിറ്റിക്ക് വിടാന്‍ യോഗം തീരുമാനിച്ചത്. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മത്സരിക്കണമെങ്കില്‍ സംസ്ഥാന കമ്മിറ്റിയുടെ അനുമതി വേണമെന്നതും ഇതിനുകാരണമായി. കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്ക് മത്സരിപ്പിക്കണമന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യം ജില്ലാക്കമ്മിറ്റി അംഗീകരിച്ചു. ചന്ദ്രശേഖരന്റെ സ്ഥലമായ തിരുവങ്ങാട് ഉള്‍പ്പെടുന്ന വാര്‍ഡിലായിരിക്കും അദ്ദേഹം മത്സരിക്കാന്‍ സാധ്യത.