ബെംഗളൂരു: കര്‍ണാടകയെ മുഴുവന്‍ നിശ്ചലമാക്കിയാണ് ഇത്തവണ ബന്ദ് ആചരിക്കുന്നത്. തമിഴ്്നാടിന് കാവേരി നദിയില്‍ നിന്ന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് കര്‍ഷക-കന്നഡ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രൈവറ്റ് വാഹനങ്ങള്‍ പോലും തടയുകയാണ്. നഗരങ്ങള്‍ നിശ്ചലം…
ബെംഗളൂരുവിലെ ഐടി കമ്പനികള്‍ പോലും അടഞ്ഞുകിടക്കുന്നു. രണ്ടായിരത്തോളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ്. സംസ്ഥാന സര്‍ക്കാരും ബന്ദിന് പരോക്ഷ പിന്തുണ നല്‍കുന്നു. ബന്ദിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ കേരളത്തില്‍ നിന്നും തിരിച്ചുമുള്ള പകല്‍ സര്‍വീസുകള്‍ തടസ്സപ്പെടും. വൈകിയാണെങ്കിലും കൂടുതല്‍ ബസുകള്‍ ഓടിക്കുമെന്നു കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.
ഓട്ടോ, ടാക്സി, ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. ഇതോടെ കര്‍ണാടകം നിശ്ചലമാകും എന്നുറപ്പായി. അക്രമസംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കനത്ത മുന്‍കരുതല്‍ എടുത്തിട്ടുണ്ട്.
ബന്ദിനോട് അനുബന്ധിച്ച് കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് ഇന്ന് ഉച്ചവരെ കെഎസ്ആര്‍ടിസി ബസുകള്‍ ഓടില്ല. രാവിലെ ഏഴ്, ഏഴര, എട്ട് എന്നീ മൂന്നു സര്‍വീസുകളാണ് റദ്ദാക്കിയത്. എന്നാല്‍ ഉച്ചയ്ക്കു ശേഷം ഒന്നര മുതല്‍ സര്‍വീസുകള്‍ ഓടിത്തുടങ്ങും. ഇന്നലെ രാത്രി നടത്തേണ്ട എല്ലാ ബസുകളും വൈകുന്നേരം നാലുമുതല്‍ തന്നെ ഓടിത്തുടങ്ങിയിരുന്നു. നാല് അധിക സര്‍വീസുകള്‍ അടക്കം വ്യാഴാഴ്ച 11 ബസുകള്‍ ബംഗളൂരുവിലേക്ക് ഓടിത്തുടങ്ങി. ഈ ബസുകള്‍ വെള്ളിയാഴ്ച പകല്‍ ബംഗളൂരുവില്‍ തങ്ങിയ ശേഷം രാത്രിയാണ് തിരിച്ച് പുറപ്പെടുക.