കൊച്ചി:കര്‍ണാടക വിഷയത്തില്‍ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ നാളെ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ നടപടി ആരംഭിച്ചു. ഗവര്‍ണര്‍ വാജുഭായ് വാല നിയമവിദഗ്ധരുമായി ഇപ്പോള്‍ കൂടിക്കാഴ്ച നടത്തുകയാണ്. നാളെ വൈകിട്ട് നാലിന് തന്നെ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാനുള്ള പരീക്ഷ നടക്കും.ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. നാളെതന്നെ നിയമസഭ വിളിച്ചുചേര്‍ക്കുമെന്നും ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും അദേഹം പ്രതികരിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം നാളത്തെ സമ്മേളനത്തില്‍ പ്രോ ടേം സ്പീക്കറാകും. ഹൈദരാബാദിലേക്ക് മാറ്റിയ തങ്ങളുടെ എംഎല്‍എമാരെ നാളെ ഉച്ചയ്ക്ക് മുമ്പ് കര്‍ണാടകയില്‍ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും ശ്രമം ആരംഭിച്ചു.
സുപ്രീംകോടതിയുടേത് ചരിത്രവിധിയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നാളെ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ യെദ്യൂരപ്പയ്ക്ക് യാതൊരു തീരുമാനങ്ങളും എടുക്കാനാവില്ല. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി മാധ്യമങ്ങളോട് പറഞ്ഞു.
യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയും ഗവർണറുടെ നിലപാടും ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ, എസ്.എ.ബോബ്ഡെ എന്നിവരുൾപ്പെട്ട ബെഞ്ചാണ് രാജ്യം ശ്രദ്ധിച്ച വിധി പ്രസ്താവിച്ചത്.യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് റദ്ദാക്കിയില്ല എന്നത് മാത്രമാണ് ബിജെപിക്കുണ്ടായ ഏക ആശ്വാസം. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം പരമാവധി നീട്ടിയെടുക്കാനുള്ള ബിജെപി അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ ശ്രമം ഒന്നും കോടതിയിൽ വിലപ്പോയില്ല.
ഭൂരിപക്ഷം ശനിയാഴ്ച തെളിയിക്കാൻ കഴിയുമോ എന്ന് കോടതി ആദ്യം ചോദിച്ചപ്പോൾ എതിർക്കാതിരുന്ന ബിജെപി, ഒടുവിൽ തിങ്കളാഴ്ച വരെയെങ്കിലും സമയം നൽകണമെന്ന് അപേക്ഷിച്ചു. എന്നാൽ കോടതി ഇക്കാര്യവും പരിഗണിച്ചില്ല. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് വേണമെന്ന് കേന്ദ്ര സർക്കാരിന്‍റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നത് വരെ സുപ്രധാനമായ ഒരു തീരുമാനവും എടുക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്ന അംഗത്തെ പ്രോടേം സ്പീക്കറായി നിയോഗിക്കണമെന്നും എംഎൽഎമാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ എല്ലാ സൗകര്യവും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
അധികാരമേറ്റയുടൻ പോലീസ് തലപ്പത്തും സുപ്രധാന സ്ഥാനങ്ങളിലും അടുപ്പക്കാരെ നിയോഗിച്ച യെദിയൂരപ്പയുടെ നടപടിക്ക് കോടതി ഉത്തരവ് തിരിച്ചടിയായി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളിയ സുപ്രധാന തീരുമാനവും യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു.
അന്പത് മിനിറ്റ് നീണ്ട ശക്തമായ വാദമാണ് സുപ്രീംകോടതിയിൽ നടത്തത്. യെദിയൂരപ്പയ്ക്ക് വേണ്ടി മുകുൾ റോഹ്ത്തഗിയും കോണ്‍ഗ്രസിന് വേണ്ടി അഭിഷേക് മനു സിംഗ്‌വിയും ആദ്യ ഘട്ടത്തിൽ വാദങ്ങൾ നിരത്തി. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് യെദിയൂരപ്പ ഗവർണർക്ക് നൽകിയ കത്ത് ഹാജരാക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. അതിനാൽ രാവിലെ വാദം തുടങ്ങിയപ്പോൾ തന്നെ യെദിയൂരപ്പ ഗവർണർക്ക് നൽകിയ രണ്ടും കത്തും മുകുൾ റോഹ്ത്തഗി കോടതിക്ക് സമർപ്പിച്ചു. കത്തിന്‍റെ ഉള്ളടക്കം വായിച്ചുകൊണ്ടാണ് അദ്ദേഹം കത്ത് കോടതിക്ക് നൽകിയത്. തുടർന്ന് കത്തിന്‍റെ പകർപ്പ് എതിർ കക്ഷികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു.
ആവശ്യമായ ഭൂരിപക്ഷം ബിജെപിക്കുണ്ടെന്നും കോണ്‍ഗ്രസിലെയും ജെഡിഎസിലെയും പല എംഎൽഎമാരും ബിജെപി സർക്കാരിന് അനുകൂലമാണെന്നും റോഹ്ത്തഗി വാദിച്ചു. തുടർന്നാണ് ഭൂരിപക്ഷം ശനിയാഴ്ച തെളിയിക്കാൻ കഴിയുമോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്.പിന്നാലെ കോണ്‍ഗ്രസിന്‍റെ വാദങ്ങൾ നിരത്തിയ അഭിഷേക് മനു സിംഗ്‌വി ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്തത്. എന്നാൽ യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടപടി റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി സൂചന നൽകിയതോടെ കോണ്‍ഗ്രസ് നിലപാട് മാറ്റി. ശനിയാഴ്ച നിയമസഭയിൽ ബജെപി ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന കോടതി നിർദ്ദേശം കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു.
കുമാരസ്വാമിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഗവർണറുടെ നടപടി ചോദ്യം ചെയ്യുകയാണ് ആദ്യം ചെയ്തത്. എന്നാൽ കോടതി ഇക്കാര്യം മുഖവിലയ്ക്കെടുക്കാതെ വന്നതോടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന നിലപാടിലേക്ക് അദ്ദേഹവും മാറി.ഇതോടെ തിരിച്ചടി മനസിലാക്കിയ ബിജെപിയുടെ അഭിഭാഷകൻ വിശ്വാസ വോട്ടെടുപ്പ് പരമാവധി നീട്ടാനുള്ള ശ്രമം തുടങ്ങി. തിങ്കളാഴ്ച വരെയെങ്കിലും സമയം അനുവദിക്കണമന്ന് അപേക്ഷിച്ചെങ്കിലും കോടതി ശനിയാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഉത്തരവിടുകയായിരുന്നു.


