കാര്‍ത്ത്യായനി അമ്മയെ കാണാന്‍ അന്താരാഷ്ട്ര സംഘമെത്തുന്നു…

തൊണ്ണൂറ്റിയാറാം വയസ്സിലെ ഒന്നാം റാങ്ക് ജേതാവ് കാര്‍ത്ത്യായനിയമ്മയെ കാണാനും ആദരിക്കാനുമായി അന്താരാഷ്ട്ര സംഘമെത്തും. കോമണ്‍വെല്‍ത്ത് പ്രതിനിധിസംഘമാണ് റാങ്ക് ജേതാവിനെ കാണാന്‍ ആലപ്പുഴയിലെത്തുക. ഈ പ്രായത്തില്‍ പഠനം തുടങ്ങിയതും റാങ്ക് നേടിയതും അന്താരാഷ്ട്ര സമൂഹം അത്ഭുതത്തോടെയാണ് കാണുന്നത്.

വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ രൂപംകൊടുത്ത കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ലേണിംഗ് പ്രതിനിധികളാണ് കാര്‍ത്ത്യായനിയമ്മയെ കാണാന്‍ എത്തുന്നത്. കാര്‍ത്ത്യായനിയമ്മയുടെ നേട്ടം അന്താരാഷ്ട്ര തലത്തില്‍ വിദൂരവിദ്യാഭ്യാസത്തിന്റെയും സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെയും പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ശ്രമിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനായാണ് കാര്‍ത്ത്യായനിയമ്മയെ നേരിട്ട് കാണുന്നത്. വ്യാഴാഴ്ച സംഘം കാര്‍ത്ത്യായനിയമ്മയുമായി കൂടിക്കാഴ്ച നടത്തും. കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ഡോ. ബാലസുബ്രഹ്മണ്യനാണ് സംഘത്തെ നയിക്കുന്നത്. എന്നാല്‍ സംസ്ഥാന സാക്ഷരതാമിഷന്‍ ചടങ്ങിന്റെ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല. ആലപ്പുഴയിലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളാണ് സാക്ഷരതാമിഷന്റെ പരിഗണനയിലുള്ളത്. ചടങ്ങില്‍ ഉപഹാരവും സമ്മാനിക്കും. സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷര ലക്ഷം പേര്‍ എഴുതിയ പരീക്ഷയിലാണ് ഇവര്‍ ഒന്നാംറാങ്ക് സ്വന്തമാക്കിയത്.

രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവും കാര്‍ത്ത്യായനിയമ്മയാണ്. സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്കിരിക്കാന്‍ അക്ഷരലക്ഷം പരീക്ഷ ജയിക്കണം. പള്ളിക്കൂടത്തില്‍ പോയിട്ടില്ലാത്ത കാര്‍ത്ത്യായനിയമ്മ നാലാംക്ലാസ് ലക്ഷ്യമിട്ടാണ് അക്ഷരലക്ഷം പരീക്ഷ എഴുതിയത്. തുടര്‍ന്ന് ഏഴ്, പത്ത് ക്ലാസുകളിലെ തുല്യതാ പരീക്ഷ ജയിച്ചുകയറി. അക്ഷരലക്ഷം പരീക്ഷയുടെ പുരസ്‌കാരദാന ചടങ്ങില്‍ കംപ്യൂട്ടര്‍ പഠിക്കണമെന്ന് കാര്‍ത്ത്യായനിയമ്മ ആഗ്രഹം പ്രകടിപ്പിച്ചു. കൂടാതെ ജോലിയും ചെയ്യണം.

കാര്‍ത്ത്യായനിയമ്മയുടെ ആഗ്രഹം അറിഞ്ഞ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ലാപ്‌ടോപ്പ് സമ്മാനിച്ചു. ഇപ്പോള്‍ എഴുത്തും വായനയ്ക്കുമൊപ്പം കംപ്യൂട്ടര്‍ പഠിക്കുകയാണ് കേരളത്തിന്റെ അക്ഷരമുത്തശ്ശി. 100-ാം വയസ്സില്‍ 10-ാം ക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങുക, ഇതാണിനി കാര്‍ത്ത്യായനി അമ്മയുടെ അടുത്ത ലക്ഷ്യം.

Top