മുംബൈ: ശ്രീശാന്തിനും സഞ്ജു വി സാംസണിനും പിന്നാലെ മലയാളിക്ക് അഭിമാനമായി കരുണ്‍ നായരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിനുശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഈ പുതിയമുഖം കൂടി കടന്നുവരുന്നത്.
സിംബാബ്വേയ്ക്കെതിരായ പരമ്പരയിലേക്കുള്ള ടീമിലാണ് കരുണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ മലയാളികളാണെങ്കിലും കരുണ്‍ ജനിച്ചത് രാജസ്ഥാനിലെ ജോധ്പൂരിലാണ്. വലം കൈയന്‍ ബാറ്റ്സ്മാനനും ഓഫ് സ്പിന്നറൂുമാണ്. ഐപിഎല്ലില്‍ 2012 സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിലും 2014ല്‍ രാജസ്ഥാന്‍ റോയല്‍സിലും കളിച്ചു. ഇപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമംഗമാണ്.
ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ 19 കളി കളിച്ച കരുണ്‍ 1358 റണ്‍ സ്വന്തമാക്കിയിട്ടുണ്ട്. നാലു സെഞ്ചുറുകളും രണ്ട് അര്‍ധസെഞ്ചുറികളും നേടി. 2014-15ലെ രഞ്ജി ട്രോഫി ഫൈനലില്‍ 560 പന്തില്‍ നേടിയ 328 റണ്‍സാണ് മികച്ച പ്രകടനം. നിരവധി റെക്കോഡുകളിട്ട ഇന്നിംഗ്സായിരുന്നു അത്.