അതിര്‍ത്തികളില്‍ പാക്ക് സേനയെ വിറപ്പിച്ച് ഇന്ത്യന്‍ മുന്നേറ്റം; കനത്ത പ്രത്യാക്രമണത്തില്‍ ഞെട്ടി പാക്കിസ്ഥാന്‍

ന്യഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നേറ്റത്തില്‍ വിറച്ച് പാക്ക്അതിര്‍ത്തികള്‍. സംഘര്‍ഷവും ഏറ്റുമുട്ടലും തുടരുമ്പോഴും കശ്മീര്‍ അതിര്‍ത്തിയില്‍ സമ്പൂര്‍ണ്ണ ആധിപത്യമുറപ്പിച്ച് ഇന്ത്യന്‍ സൈന്യമുന്നേറുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും മാസങ്ങളായുള്ള ഇന്ത്യയുടെ ആക്രമണോത്സുക നിലപാട് പാക്ക് സൈന്യത്തിന് കനത്ത ആള്‍നാശമുണ്ടാക്കിയട്ടുണ്ട്.

കോണ്‍ഗ്രസ് ഭരണകാലത്തെ ദുര്‍ബലമായ അതിര്‍ത്തി നയം മോദി സര്‍ക്കാര്‍ ഉപേക്ഷിച്ചതായി ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം സൂചിപ്പിക്കുന്നു. അതേസമയം, ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ പതറുകയാണെന്ന് പാക്ക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെടുന്ന സൈനികരുടെ കണക്കുകള്‍ വെളിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ വിസമ്മതിക്കുന്നതായി ഡോണ്‍ നല്‍കിയ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടി. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് തങ്ങളുടെ ശത്രു രാജ്യത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക്ക് മന്ത്രിയായ അബിദ് ഷേര്‍ അലി പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്താന്‍കോട്ട്, ഉറി ഭീകരാക്രണണങ്ങള്‍ക്ക് ശേഷമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നിലപാടെടുത്തത്. പോരാട്ടം ശക്തിപ്പെടുത്താനും ഭീകരരുടെയും പാക്ക് സൈന്യത്തിന്റെയും പ്രകോപനങ്ങള്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുകളില്‍ നിന്നുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സന്ദര്‍ഭത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ്ണ അധികാരവും നല്‍കി. പ്രതിരോധം മാത്രമല്ല, ആക്രമണവും ഇന്ത്യ ആവശ്യാനുസരണം ഇപ്പോള്‍ പുറത്തെടുക്കുന്നുണ്ട്.

സാഹചര്യത്തിനനുസരിച്ച് സ്വന്തം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതായി സൈന്യവും പരസ്യമായി വ്യക്തമാക്കി. ആക്രമണത്തെ തിരിച്ചടി മാത്രമായി വിശദീകരിച്ചിരുന്ന ഇന്ത്യ ഏതാനും ദിവസം മുന്‍പ് പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.
മിന്നലാക്രമണത്തിന് ശേഷം ഇന്ത്യയിലേക്ക് വന്‍തോതില്‍ ഭീകരരെ കയറ്റിയയക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചു. നുഴഞ്ഞുകയറ്റത്തിന് ഭീകരരെ സഹായിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിക്കുകയും ചെയ്യുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചു.

ഇതിന് ശക്തമായ ഭാഷയിലാണ് ഇന്ത്യയുടെ മറുപടി. വേനല്‍ക്കാലത്ത് മഞ്ഞുരുകി വഴികള്‍ തുറക്കുമെന്നതിനാല്‍ നുഴഞ്ഞുകയറ്റം വര്‍ദ്ധിക്കും. ഇതാണ് ഇപ്പോഴത്തെ തുടര്‍ച്ചയായ ഏറ്റുമുട്ടലിന് കാരണം. അതിര്‍ത്തി കടക്കുന്ന ഒരൊറ്റ ഭീകരനും ജീവനോടെയിരിക്കരുതെന്ന് ഉറപ്പിക്കുകയാണ് സൈന്യം ചെയ്യുന്നത്. അതിര്‍ത്തിയില്‍ത്തന്നെ ഭീകരരെ വധിക്കുന്നതാണ് കശ്മീരില്‍ ഏറ്റുമുട്ടല്‍ വര്‍ദ്ധിക്കുമ്പോഴും രാജ്യത്ത് ഭീകരാക്രമണം കുറയാന്‍ കാരണം. 38 ഭീകരരെ ഈ വര്‍ഷം ഇതുവരെ സൈന്യം വധിച്ചിട്ടുണ്ട്.

22 നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു. സ്ഥിതി തുടര്‍ന്നാല്‍ പാക്കിസ്ഥാന് ഇന്ത്യക്കെതിരായ നയം പുന:പരിശോധിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ വര്‍ദ്ധിച്ച വീര്യം പാക്കിസ്ഥാനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. മിന്നലാക്രമണം ഉള്‍പ്പെടെയുള്ള കടന്നു നീക്കങ്ങള്‍ ഇന്ത്യ വീണ്ടും സ്വീകരിക്കുമെന്നും പാക്കിസ്ഥാന്‍ ഭയപ്പെടുന്നു.

Top