കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരായ കുറ്റപത്രം സ്വീകരിച്ചു.നവംബര്‍ 16 ന് പി ജയരാജന്‍ നേരിട്ട് ഹാജരാകണം

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യു.എ.പി.എ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം പ്രത്യേക സി.ബി.ഐ കോടതി സ്വീകരിച്ചു. യു.എ.പി.എ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചിട്ടുള്ളത്.

ഒരാഴ്ച മുമ്പാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 25 ാം പ്രതിയാണ് ജയരാജന്‍. ആദ്യ കുറ്റപത്രം നേരത്തെതന്നെ സമര്‍പ്പിച്ചിരുന്നു. അനുബന്ധ കുറ്റപത്രമാണ് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചത്. യു.എ.പി.എ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന വാദം കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട വേളയില്‍ പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യം കോടതി വിശദമായി പരിശോധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെതന്നെ കുറ്റപത്രം സ്വീകരിച്ചിട്ടുള്ളത്.കേസിന്റെ വിചാരണ വേളയില്‍ ഇതടക്കമുള്ള വാദങ്ങള്‍ ഉന്നയിക്കാമെന്ന് പ്രത്യേക സി.ബി.ഐ കോടതി ചൂണ്ടിക്കാട്ടി. നവംബര്‍ 16 ന് പി ജയരാജന്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂരിലെ എളന്തോട്ടത്ത് മനോജിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്. 2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കതിരൂരിലെ ഉക്കാസ്മെട്ടയില്‍ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ (യു.എ.പി.എ.) ത്തിലെ 18 എന്ന വകുപ്പ് അടക്കമുള്ളവയാണ് ജയരാജനെതിരെ സി.ബി.ഐ. ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഘട്ട കുറ്റപത്രത്തില്‍ പി ജയരാജന്‍ ഉള്‍പ്പടെ ആറു പ്രതികളാണ് ഉള്ളത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ ജയരാജനാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Top