ഭീകരപ്രവര്‍ത്തനം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന…കതിരൂര്‍ മനോജ് വധക്കേസിൽ ജയരാജനെതിരെ യുഎപിഎ ചുമത്തി; കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചു !

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നത് യു.എ.പി.എ അടക്കം 15ലേറെ വകുപ്പുകള്‍. ജയരാജനു നേര്‍ക്കുണ്ടായ വധശ്രമമാണ് മനോജിന്റെ കൊലപാതകത്തിനു കാരണമെന്ന് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ 25 ആം പ്രതിയാണ് ജയരാജന്‍. കൊലപാതത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട കുറ്റപത്രമാണ് ഇന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യു.എ.പി.എ.)ത്തിലെ 18 എന്ന വകുപ്പ് കൂടി ജയരാജനെതിരെ സി.ബി.ഐ. ഉള്‍പ്പെടുത്തിയിട്ടുണ്ട്.രണ്ടാം ഘട്ട കുറ്റപത്രത്തില്‍ പി ജയരാജന്‍ ഉള്‍പ്പടെ ആറു പ്രതികളാണ് ഉള്ളത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ ജയരാജനാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൂടാതെ കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.

കിഴക്കെ കതിരൂരിലെ വീട്ടില്‍നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയില്‍നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. പി. ജയരാജന്‍, പാര്‍ട്ടി പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ എന്നിവരടക്കം 25 സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് 2016 ഫെബ്രുവരി 12നു കോടതിയില്‍ കീഴടങ്ങിരുന്നു. റിമാന്‍ഡ് ചെയ്യപ്പെട്ട ജയരാജന് മാര്‍ച്ച് 24നാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലാണു കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. ഭീകരപ്രവര്‍ത്തനം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയതിനു യുഎപിഎ 18-ാം വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണു ജയരാജനെതിരെ സിബിഐ കേസ് എടുത്തിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയും വധശ്രമവും കൊലപാതകവും അടക്കമുള്ള വകുപ്പുകളും സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും കേസുണ്ട്.

പി. ജയരാജനു മനോജിനോടുള്ള വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവുമാണു കൊല ആസൂത്രണം ചെയ്യാന്‍ ജയരാജനെ പ്രേരിപ്പിച്ചതെന്നു സിബിഐ പറയുന്നു. മനോജ് വധക്കേസില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും മനോജുമായി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പി. ജയരാജനു മാത്രമാണു വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 1999 ഓഗസ്റ്റ് 25ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായിരുന്നു മനോജ് – ഇതാണു ജയരാജനു മനോജിനോടു വ്യക്തി വൈരാഗ്യത്തിനുള്ള കാരണമെന്നു സിബിഐ വ്യക്തമാക്കുന്നു.

സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി പാര്‍ട്ടിയില്‍നിന്നു കൊഴിഞ്ഞുപോയി ബിജെപിയില്‍ ചേര്‍ന്നതിനു കാരണമായതു മനോജാണെന്നതാണു രാഷ്ട്രീയ വൈരാഗ്യത്തിനു കാരണം. ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് 2014 ഓഗസ്റ്റ് 24നു കണ്ണൂരില്‍ സ്വീകരണം നല്‍കിയതിനു പിന്നില്‍ മനോജാണെന്നതും വിദ്വേഷം വര്‍ധിക്കാനുള്ള കാരണമായി.

മനോജിന്റെ വധം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 25-ാം പ്രതി പി. ജയരാജന്റെ സഹായത്തോടെ ഒന്നാം പ്രതി വിക്രമന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി സിപിഎം പ്രവര്‍ത്തകരെ സംഘടിപ്പിച്ചു കൊലപാതകം നടത്തുകയായിരുന്നുവെന്നാണു സിബിഐയുടെ റിപ്പോര്‍ട്ട്. നേരത്തേ, കൊലപാതകക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Top