കോടതിവിധി തിരിച്ചടി;പി. ജയരാജന്‍ രാഷ്‌ട്രീയ വനവാസത്തിൽ!.നിയമസഭാ സീറ്റ്‌ സാധ്യതയും മങ്ങി.

കണ്ണൂർ :ആര്‍.എസ്‌.എസ്‌. നേതാവ്‌ കതിരൂര്‍ എളന്തോടത്ത്‌ മനോജ്‌ വധക്കേസില്‍ പി .ജയരാജനെതിരേ യു.എ.പി.എ. നിലനില്‍ക്കുമെന്ന കോടതിവിധി കനത്ത തിരിച്ചടിയാണ് ജയരാജന് നൽകിയിരിക്കുന്നത് ഇതോടെ കണ്ണൂരില്‍ സി.പി.എമ്മിലെ അതികായനായ പി. ജയരാജന്‍ രാഷ്‌ട്രീയവനവാസത്തിൽ എത്തുമെന്നുറപ്പാണ്. കേസില്‍ 25-ാം പ്രതിയായ ജയരാജനാണു കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നാണു സി.ബി.ഐ. കണ്ടെത്തല്‍. സി.പി.എം. പയ്യന്നൂര്‍ ഏരിയ മുന്‍ സെക്രട്ടറി ടി.ഐ. മധുസൂദനന്‍, തലശേരി ഈസ്‌റ്റ്‌ കതിരൂര്‍ സ്വദേശികളായ കുന്നുമ്മല്‍ റിജേഷ്‌, കട്ട്യാല്‍ മീത്തല്‍ മഹേഷ്‌, കുളപ്പുറത്തുകണ്ടി സുനില്‍കുമാര്‍, കണ്ണൂര്‍ കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ മംഗലശേരി വി.പി. സജിലേഷ്‌ എന്നിവരാണു മറ്റുപ്രതികള്‍. ആര്‍.എസ്‌.എസ്‌. കണ്ണൂര്‍ ജില്ലാ ശാരീരിക്‌ ശിക്ഷണ്‍പ്രമുഖായിരുന്ന മനോജ്‌ 2014 സെപ്‌റ്റംബര്‍ ഒന്നിനാണു കൊല്ലപ്പെട്ടത്‌.

വ്യക്‌തിപൂജാ വിവാദത്തിനുശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്‌ഥാനം നഷ്‌ടപ്പെട്ട പി. ജയരാജന്‍ ഏറെക്കാലമായി സാന്ത്വനപരിചരണ പ്രവര്‍ത്തനത്തിലാണു സജീവമായുള്ളത്‌. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ അദ്ദേഹം തിരിച്ചുവരുമെന്ന അണികളുടെ പ്രതീക്ഷയ്‌ക്കാണു കോടതിവിധിയിലൂടെ തിരിച്ചടിയേറ്റത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂരില്‍ എം.വി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായശേഷം പൊതുപരിപാടികളില്‍ പി. ജയരാജന്റെ സാന്നിധ്യം കുറവാണ്‌. സംസ്‌ഥാനസമിതിയംഗമെന്ന നിലയില്‍ കണ്ണൂരിലെ പാര്‍ട്ടി പരിപാടികള്‍ക്ക്‌ അദ്ദേഹം നേതൃത്വം നല്‍കിയിട്ടു കാലങ്ങളായി. വടകര ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിക്കുശേഷം തലശേരി, കൂത്തുപറമ്പ്‌ മേഖല കേന്ദ്രീകരിച്ചു മാത്രമാണു ചെറിയതോതിലെങ്കിലുമുള്ള പ്രവര്‍ത്തനം. >കേരളപര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ബര്‍ണശേരി നായനാര്‍ അക്കാഡമിയില്‍ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പി. ജയരാജനു വേദിയില്‍ ഇടംലഭിച്ചിരുന്നില്ല.  ഔദ്യോഗികപദവികളൊന്നുമില്ലാത്ത എം.വി. ഗോവിന്ദന്‍, പി.കെ. ശ്രീമതി തുടങ്ങിയ നേതാക്കള്‍ക്കെല്ലാം വേദിയില്‍ ഇരിപ്പിടം കിട്ടിയെങ്കിലും ജയരാജന്റെ സ്‌ഥാനം ആള്‍ക്കൂട്ടത്തിലായിരുന്നു.

ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ ആഭ്യന്തരവകുപ്പിനെതിരേ പയ്യന്നൂര്‍ പോലീസ്‌ സ്‌റ്റേഷന്റെ വരാന്തയില്‍ കയറി പ്രസംഗിച്ചതാണു മുഖ്യമന്ത്രിയുടെ അനിഷ്‌ടത്തിനിടയാക്കിയ ആദ്യസംഭവം. തലശേരി നിയമസഭാമണ്ഡലത്തില്‍ മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ജയരാജന്റെ പേരുണ്ടെങ്കിലും കോടതിവിധിയുടെ സാഹചര്യത്തില്‍ ഇനി പരിഗണിക്കപ്പെടുമോയെന്ന്‌ ഉറപ്പില്ല. കതിരൂര്‍ കേസില്‍ അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്നത്‌. 1999 ഓഗസ്‌റ്റ്‌ 25-നു പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്‌. ബി.ജെ.പിയിലേക്കുള്ള സി.പി.എം. പ്രവര്‍ത്തകരുടെ ഒഴുക്ക്‌ തടയാന്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ കൊലപാതകമായിരുന്നു മനോജിന്റേതെന്നാണു സി.ബി.ഐ. ആരോപണം.

Top