ന്യൂഡൽഹി:ഇന്ത്യയിൽ വേരറ്റു വീണിരിക്കുന്നു കോൺഗ്രസിന്റെ ദയനീയതക്ക് കാരണം ഇപ്പോഴത്തെ പെട്ടിത്തൂക്കികൾ ആണെന്ന് പരസ്യ വിമർശനം .ഗാന്ധി കുടുംബത്തിലെ ആരുടെയെങ്കിലും മുഖം കറുത്താൽ ഓടികൂടി ഒപ്പാരുവയ്ക്കുന്ന കാലം അവസാനിച്ചുവെന്ന് വ്യക്തമാക്കുന്നത് ആയിരുന്നു മുതിർന്ന 23 കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിക്കും ഗാന്ധികുടുബത്തിനും എതിരെ ശബ്ദമുയർത്തിയത് അതിനു കാരണം കേരളത്തിൽ നിന്നുള്ള കേസിവേണുഗോപാൽ ആണെന്നും ആരോപണം ഉയരുന്നു.എഐസിസി ജനറൽ സെക്രട്ടറികൂടിയായ കെ സി വേണുഗോപാൽ കോൺഗ്രസിന് ബാധ്യതയാകുന്നു എന്നാണു മുതിർന്ന നേതാക്കളുടെ ആരോപണം .
രാഹുൽഗാന്ധിയുമായി അടുത്തുനിൽക്കുന്ന വേണുഗോപാലിന്റെ പ്രവർത്തനശൈലിയാണ് കോൺഗ്രസിലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് പ്രധാന കാരണം. ‘തുഗ്ലക് ലൈൻ സംഘം’ എന്നറിയപ്പെടുന്ന ഉപജാപകവൃന്ദമാണ് രാഹുൽഗാന്ധിയെ നിയന്ത്രിക്കുന്നതെന്നാണ് മുതിർന്ന നേതാക്കളുടെ ആക്ഷേപം. ആരോപണത്തിന്റെ പ്രധാന ലക്ഷ്യം വേണുഗോപാലാണ്.
തുഗ്ലക് ലൈനിലെ രാഹുൽഗാന്ധിയുടെ ഔദ്യോഗിക വസതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെ ലക്ഷ്യമിട്ടാണ് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. വേണുഗോപാലിനെ വർക്കിങ് പ്രസിഡന്റായി നിയമിക്കാനുള്ള നീക്കം സജീവമായതോടെയാണ് കത്ത് പുറത്തുവന്നത്. കൈ നനയാതെ മീൻപിടിക്കുന്ന ശൈലിയാണ് വേണുഗോപാലിന്റേതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പാർടി നിർദേശിച്ചിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ മത്സരിച്ചില്ല. പിന്നീട് രാജസ്ഥാനിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് നിർദേശിച്ചവരെ പരിഗണിക്കാതെ വേണുഗോപാൽ മത്സരിച്ചു.
ഇതേത്തുടർന്നുണ്ടായ സംഭവവികാസങ്ങൾ കോൺഗ്രസിന്റെ മാനംകളഞ്ഞു.കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ എഐസിസി ചുമതലക്കാരനായി എത്തിയ വേണുഗോപാലിന്റെ നിലപാട് കോൺഗ്രസിനെ ദുർബലപ്പെടുത്തി. ആർക്കും ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോൾ കോൺഗ്രസിന് ഉറച്ച നിലപാട് സ്വീകരിക്കാനായില്ല. ഇതര മതനിരപേക്ഷ പാർടികളുടെ ഇടപെടലാണ് ജെഡിഎസ്–-കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കിയത്. സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകാനും കോൺഗ്രസിനു സാധിച്ചില്ല.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഷ്‌ക്രിയമായി. തൂക്കുസഭ വന്നശേഷവും കാഴ്‌ചക്കാരായി. വേണുഗോപാലും മറ്റും മുംബൈയിൽ പോയി നടത്തിയ ചർച്ചകൾ ഫലംകണ്ടില്ല. എൻസിപി അധ്യക്ഷൻ ശരദ് പവാർ മുൻകൈ എടുത്താണ് സഖ്യസർക്കാർ രൂപീകരിച്ചത്. മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ തകർന്നപ്പോഴും ഇടപെടാനായില്ല. മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി നിർദേശിച്ചിട്ടും എഐസിസി നിരീക്ഷകരുടെ പേരുകൾ പ്രഖ്യാപിക്കാൻ വേണുഗോപാൽ കാലതാമസം വരുത്തിയെന്ന് പരാതിയുയർന്നു.
ആഗസ്‌ത് 15ന് എഐസിസി ഓഫീസിൽ ദേശീയപതാക ഉയർത്താൻ രാഹുൽഗാന്ധിയെയാണ് ആദ്യം ക്ഷണിച്ചത്. അദ്ദേഹം എ കെ ആന്റണിക്ക് ചുമതല കൈമാറി. അധ്യക്ഷനായി വേണുഗോപാലിന്റെ പേരും നിർദേശിച്ചു. രണ്ട് പേരും കേരളത്തിൽനിന്നുള്ളവരാണെന്ന് കൂട്ടത്തിൽ ചിലർ പറഞ്ഞപ്പോഴാണ് അധീർ രഞ്‌ജൻ ചൗധരിയെ രാഹുൽ നിർദേശിച്ചത്.
1999ൽ നടന്നതിന് സമാനമായ നടപടികളാണ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ അരങ്ങേറിയത്. രണ്ടും സോണിയഗാന്ധിയുടെ നേതൃത്വത്തിന് എതിരെ. 99ൽ ശരത് പവാറിന്റെ നേതൃത്വത്തിലായിരുന്നു ആ ശ്രമം. മുതിർന്ന നേതാക്കളായ താരീഖ് അൻവറും പി.എ.സാങ്മയും ഒപ്പമുണ്ടായിരുന്നു. മുപ്പതോളം നേതാക്കളാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ. സോണിയഗാന്ധിയുടെ വിദേശപൗരത്വമുയർത്തിയായിരുന്നു പവാറും മറ്റ് നേതാക്കളും വിമതസ്വരമുയർത്തിയത്. സോണിയഗാന്ധിയെ തന്നെ തള്ളിപറയുന്നതാണ് ഇപ്പോഴത്തെ നീക്കം.
അന്നത്തെ ആ ശ്രമത്തിന് പിന്നാലെ പാർട്ടിയിൽ വൻമാറ്റങ്ങളുണ്ടായി. പാർട്ടിയിലെ അതിശക്തനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ശരത് പവാറും വിമതസ്വരമുയർത്തിയ മറ്റ് നേതാക്കളും പുറത്തായി. സമാന ശ്രമം നടത്തിയ നേതാക്കൾക്ക് ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല. അവർ ഇപ്പോഴും പാർട്ടിയിൽ തന്നെയുണ്ട്. അതേ പദവികളിലും അതേ പവറിലും. അവരെ പുറത്താക്കണമെന്ന് ഒരു നേതാവും ആവശ്യപ്പെട്ടില്ല. അതാണ് 99ലും ഇപ്പോഴും നടന്ന ശ്രമങ്ങളുടെ വ്യത്യാസം.തൊണ്ണൂറ്റി ഒൻപതും രണ്ടായിരത്തി ഇരുപതുംശരത് പവാറും താരീഖ് അൻവറും പി.എ.സാങ്മയും നടത്തിയത് അട്ടിമറി ശ്രമമാണ്. പാർട്ടി പിടിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ഇന്നത്തെ പോലെയായിരുന്നില്ല അന്ന് കോൺഗ്രസ് പാർട്ടി. അന്നത്തെ പാർട്ടി പിടിച്ചെടുത്താൽ കാര്യമുണ്ടായിരുന്നു. അന്ന് അണികളും വേരുമുള്ള പാർട്ടിയായിരുന്നു കോൺഗ്രസ്. നയിക്കാൻ ആളില്ലാത്തത് കൊണ്ടുണ്ടായ വീഴ്ചയായിരുന്നു അന്നത്തെ പ്രതിസന്ധി. ആ പ്രതിസന്ധി മറികടക്കാൻ കുടുംബ വാഴ്ചക്കാരും തിരുത്താൻ ഇറങ്ങിയവരും തമ്മിലുള്ള പോരായിരുന്നു 99ൽ നടന്നത്. കുടുംബവാഴ്ചക്കാർ വിജയിച്ചു. തിരുത്താൻ ഇറങ്ങിയവർ പുറത്തുമായി.ഇപ്പോൾ നേതൃത്വം മാത്രമല്ല കോൺഗ്രസ് പാർട്ടിക്ക് ഇല്ലാത്തത്. അണികളുമില്ല, വേരുമറ്റു. കേരളത്തിൽ നിന്ന് നോക്കുമ്പോൾ പലരും ഇത് കാണുന്നില്ലെന്ന് മാത്രം.
അതുകൊണ്ടാണ് സോണിയഗാന്ധിയുടെ നേതൃത്വത്തിനെതിരെ ഇരുപത്തി മൂന്ന് നേതാക്കൾ പരസ്യമായി നടത്തിയ നീക്കം കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാനുള്ള ശ്രമമായിട്ട് വിലയിരുത്തപ്പെടുന്നത്. വിശേഷിപ്പിക്കപ്പെടുന്നത്. ഇന്നത്തെ അവസ്ഥയിൽ ഈ പാർട്ടി പിടിച്ചെടുത്തത് കൊണ്ട് ആർക്കും പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ആര് നേതൃത്വത്തിലെത്തിയാലും അത്ഭുതങ്ങളൊന്നും സംഭവിക്കില്ല. പിന്നെ എന്തിനായിരുന്നു ഈ നീക്കം. രാഷ്ട്രീയ നിലനിൽപ് എന്നതാണ് ഒറ്റവാക്കിലുള്ള ഉത്തരം.നടപടി ആലോചനയിൽ പോലും ഇല്ലാത്തത് എന്തുകൊണ്ട് ?അഞ്ചുമാസം മുമ്പ് തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം സോണിയഗാന്ധിയുടെ നേതൃത്വത്തിനെതിരെ പുറത്ത് വന്ന ആ കത്ത്.
ശശിതരൂർ എംപിയുടെ വസതിയിൽ നടന്ന അത്താഴ വിരുന്നിലാണ് ആദ്യ വിത്ത് പാകപ്പെട്ടതെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. അത് എന്തായാലും കോൺഗ്രസിന് മുഴുവൻ സമയം പ്രസിഡന്റ് വേണമെന്ന് പരസ്യമായി പറഞ്ഞ നേതാക്കളിൽ ഒരാളാണ് ശശി തരൂർ. രാഹുലിനും പ്രിയങ്കയ്ക്കും താൽപര്യമില്ലെങ്കിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ആൾവരണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളുടെ കൂട്ടത്തിലും തരൂർ മുന്നിൽ തന്നെയുണ്ടായിരുന്നു. ഇത് തരൂരിന്റെ മാത്രം ആഗ്രഹമല്ലെന്നും കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കള്‍ മുതൽ ചെറുപ്പക്കാർ വരെ ഇതാഗ്രഹിക്കുന്നുവെന്നും വ്യക്തമായത് 23 നേതാക്കളുടെ കത്ത് പുറത്ത് വന്നപ്പോഴാണ്.