പ്രേംജി & ഡോ. പ്രീത
നാരായണഗുരുവിനോളം കേരളത്തെയറിഞ്ഞവര്‍ ആരും തന്നെയില്ല, അതുകൊണ്ടാണല്ലോ ഏതാണ്ട് നൂറു വര്‍ഷം മുമ്പ് കേരളത്തെ രക്ഷപ്പെടുത്താനുള്ള പ്രായോഗിക പദ്ധതിയ്ക്ക് അദ്ദേഹം രൂപം നല്കിയത്. ശിവഗിരി തീർത്ഥയാത്രയുടെ ഉദ്ദേശങ്ങൾ – സാധിയ്ക്കേണ്ട കാര്യങ്ങൾ- അതിന്റെ ലക്ഷ്യം ഇവയെല്ലാം കേവലം എട്ട് വാക്കുകളിലൂടെ തന്റെ അനുയായികള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍, അത് നമ്മുടെ കൊച്ചു കേരളത്തെ സമൂലം രക്ഷപ്പെടുത്താനുള്ള ഒന്നാണെന്ന് അവരില്‍ എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ടാവും?
അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്തൊക്കെയായിരുന്നുവെന്ന് നമുക്കൊന്ന് പരിശോധിക്കാം. 1) വിദ്യാഭ്യാസം, 2) ശുചിത്വം, 3) ഈശ്വരഭക്തി, 4) സംഘടന, 5) കൃഷി, 6) കച്ചവടം, 7) കൈത്തൊഴിൽ, 8) സാങ്കേതികപരിശീലനങ്ങൾ. ഈ എട്ട് വിഷയങ്ങളില്‍ മുന്നേറിയാല്‍ മാത്രമേ കേരളം അഭിവൃദ്ധി പ്രാപിക്കുകയുള്ളൂവെന്ന് അദ്ദേഹം അസന്ദിഗ്ദമായി പറഞ്ഞുവയ്ക്കുന്നു. വരാന്‍ പോവുന്ന കോവിഡനാന്തരകാലത്തും ഏറെ പ്രസക്തമാണ് ഗുരുവിന്റെ വാക്കുകള്‍.
വരും കാലത്ത് അദ്ദേഹം പറഞ്ഞ വാക്കുകള്‍ക്ക് എന്തു പുതിയ പരിപ്രേക്ഷ്യമാണ് നല്കാന്‍ കഴിയുക? ഒന്നുമില്ല, നമ്മള്‍ അടിമുടി മാറേണ്ടിയിരിക്കുന്നു, എന്തെന്നാല്‍ കോവിഡ് കേരളത്തിന് മുന്നില്‍ തുറന്നു വയ്ക്കുന്ന സാധ്യതകള്‍ അനന്തമാണ്. ഇപ്പോള്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍, പിന്നീടൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് അസാധ്യം! സാമൂഹ്യ-അകലം എന്ന വാക്കുതന്നെ വ്യവസായമേഖലയില്‍ കൊണ്ടുവരാന്‍ പോവുന്ന മാറ്റങ്ങള്‍ നമ്മുടെയൊക്കെ ചിന്തകള്‍ക്കും അപ്പുറമാണ്. കോവിഡ് 19 മൂലമുണ്ടായ തൊഴില്‍ നഷ്ടം എത്രയും വേഗത്തില്‍ പരിഹരിക്കപ്പെടണം എന്നത് കേരളത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്.
#വിദ്യാഭ്യാസം
ഏറ്റവുമുയര്‍ന്ന തോതിലുള്ള സാക്ഷരത, അതാണ് കേരളത്തിന് എക്കാലവും തുണയും വിനയും. ഇത്തിരി എന്തെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കില്‍ മേലനങ്ങിയുള്ള ഒരു പണിയും ചെയ്യില്ലെന്ന ആ പഴയ ധാര്‍ഷ്ട്യമൊക്കെയെടുത്ത് കടലിലിടുക, വേറെ വഴിയില്ല. ഇനി നമുക്ക് 100% വിജയം എന്നൊക്കെയുള്ള സ്ഥിരം പ്രഘോഷണങ്ങളൊക്കെ മറക്കാം, എന്തെന്നാല്‍ നിലവാരമില്ലാത്ത ഒന്നിന്നും കോവിഡനന്തരകാലത്ത് പ്രസക്തിയില്ല. നിങ്ങള്‍ക്ക് നല്ല അറിവുണ്ടോ, അതിനെ പ്രായോഗിക തലത്തിലേയ്ക്ക് മാറ്റാന്‍ ആവശ്യമായ ക്ഷമതയുണ്ടോ, അടാപ്ടിബിലിറ്റിയുണ്ടോ ഇതൊക്കെയാവും പുതിയ മാനകങ്ങള്‍.
നമ്മുടെ വിദ്യാഭ്യാസരീതികളും സിലബസ്സുമൊക്കെ അടിമുടി പരിഷ്കരിക്കേണ്ടതുണ്ട്. പ്ലസ് 2 മുതല്‍ 50% സബ്ജക്ടുകള്‍ ഓണ്‍ലൈന്‍ സെല്‍ഫ് ലേണിംഗ് മോഡിലെയ്ക്കായി മാറ്റണം. അതിന്റെ പരീക്ഷകള്‍ ഓണ്‍ലൈന്‍ മോഡില്‍ നടത്തുകയും വേണം. ഏറ്റവും കുറഞ്ഞത് 40% സമയമെങ്കിലും വിദ്യാര്‍ത്ഥികളുടെ സ്കില്‍ ഡെവലപ്പ്മെന്‍റിന് വേണ്ടി മാറ്റിവയ്ക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏത് കോഴ്സിനുമൊപ്പം സ്കില്‍ ഡെവലപ്പ്മെന്‍റ് കൂടി വിളക്കിച്ചേര്‍ക്കണം. അവിടെയും, ക്രെഡിറ്റ് റേറ്റിംഗ് കുറവുള്ള എല്ലാ വിഷയങ്ങളും ഓണലൈന്‍ മോഡിലേയ്ക്ക് മാറണം. എന്തുമാകാം, ഉദാഹരണം സ്മാര്‍ട്ട് ഫോണ്‍ അസംബ്ളിംഗ്. ഏത് കോളേജില്‍ വേണമെങ്കിലും ഉച്ചയ്ക്ക് ശേഷം അതൊക്കെ ചെയ്യാവുന്നതേയുള്ളൂ. ഓരോ വിദ്യാലയവും ഒട്ടനവധി വ്യവസായങ്ങളുടെ ഭാഗമാവേണ്ടിയിരിക്കുന്നു.
ഇന്നത്തെ കേരളത്തില്‍ ഐ ടി ഐ കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒഴികെ ആര്‍ക്കുണ്ട് സ്കില്‍? കോവിഡനാന്തര കാലത്ത് ഇന്ദ്യയിലേയ്ക്ക് വരാനായി നിരവധി കമ്പനികള്‍ ക്യൂ നില്ക്കുന്നു. അവരുടെ തൊഴില്‍ സേനയിലേയ്ക്ക് ചേരാന്‍ യോഗ്യരായ എത്രപേര്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഇടയിലുണ്ട്? തീര്‍ച്ചയായും ചിന്തിക്കേണ്ട വിഷയമാണിത്. ഓരോ വിദ്യാര്‍ഥിയുടെയും കൃത്യമായ കഴിവുകള്‍ കണ്ടെത്തി, അവയ്ക്കു ഉതകുന്ന രീതിയിലുള്ള പ്രയോഗിക വിദ്യാഭ്യാസം നല്‍കുകയെന്നതാണ് ഇവിടെ കരണീയമായ മാര്‍ഗ്ഗം. അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സവിശേഷമായ അതിനു ആവശ്യമാണ്, അതായത് ഹൈലി ഇന്‍ഡിവിഡ്വലൈസ്ഡ് എഡ്യൂക്കേഷന്‍.
വിഭ്യാഭ്യാസം നിലവാരമുയര്‍ത്താന്‍ സമഗ്രമായ ഒരു ഓണ്‍ലൈന്‍ അക്കാദമിക് മോണിറ്ററിംഗ് സിസ്റ്റം കേരളത്തില്‍ നടപ്പില്‍ വരുത്തേണ്ടതായുണ്ട്. വലിയ അപ്ഡേഷന്‍ ഒന്നുമില്ലാതെ മുന്നേറുന്ന അധ്യാപക സമൂഹത്തിനു ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡനന്തരകാലത്തെ വിദ്യാഭ്യാസം. വരും കാലങ്ങളില്‍ ഒരു വിദ്യാര്‍ഥിയുടെ സമഗ്രമായ ഡേറ്റായില്ലാതെ അവന് തൊഴില്‍ ലഭിക്കുമോയെന്ന കാര്യവും സംശയമാണ്. ആയതിനാല്‍, അത്തരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടി കേരളം അനുവര്‍ത്തിക്കേണ്ടതുണ്ട്. പുതുലോകം സുതാര്യമാണ്, അത്ര മാത്രം മനസ്സിലാക്കിയാല്‍ മതി. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ നമ്മുടെ കുട്ടികള്‍ക്ക് നല്ല രീതിയിലുള്ള പ്രവീണ്യം ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണ്. വൈദേശിക ഭാഷകളിലുള്ള പരിജ്ഞാനം വളരെയധികം തൊഴില്‍ സാധ്യതകള്‍ ഭാവിയില്‍ കേരളത്തിലെ യുവാക്കള്‍ക്കു നല്കും. എന്തിന് സംസ്കൃതഭാഷയ്ക്കുപോലും അതിന്റെതായ സാധ്യതകള്‍ ഉണ്ട്.
ലോകത്തില്‍ എന്തു പുതുമയുള്ള സാങ്കേതികവിദ്യ വന്നാലും അത് നമ്മുടെ ഏതെങ്കിലും പഠനപദ്ധതിയില്‍ അപ്പോള്‍ തന്നെ ഉള്‍പ്പെടുത്തുകയും വേണം. സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് ഒക്കെ പോയി, ഇപ്പോള്‍ സര്‍വൈവല്‍ ഓഫ് ദി ക്വിക്കസ്റ്റ് ആണെന്ന് മനസ്സിലാക്കുക. എന്തും വളരെ പെട്ടെന്ന് തന്നെ അഡാപ്റ്റ് ചെയ്യുക, അല്ലെങ്കില്‍ തുലയുക. കലാലയങ്ങളിലെ അമിത രാഷ്ട്രീയം, പഠിപ്പുമുടക്കല്‍ സമരം ഇതിനൊക്കെ ഗുഡ്ബൈ പറയുക. രാഷ്ട്രീയമൊന്നും നവലോകത്തില്‍ ഒരു ജീവിത മാര്‍ഗ്ഗമാവില്ല, കാരണം നിങ്ങളെ ഓരോ നിമിഷവും ചോദ്യം ചെയ്യാന്‍ വിവരമുള്ള തലമുറ വരും. ഉന്നത നിലവാരമുള്ള, പ്രായോഗികാടിസ്ഥാനത്തിലുള്ള, ഏറ്റവും ആധുനികമായ വിദ്യാഭ്യാസം നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കാന്‍ ഗവണ്‍മെന്‍റ് കിണഞ്ഞു പരിശ്രമിക്കണം. അദ്ധ്യാപകരെയും അതേ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയെടുക്കണം. വിദ്യാഭ്യാസത്തിന്റെ ലിബറലൈസേഷന്‍ ക്വാണ്ടിറ്റി മാത്രം സൃഷ്ടിക്കുന്നു, അത് ക്വാളിറ്റിയിലേയ്ക്ക് മാറാതെ നമുക്ക് മുന്നോട്ട് പോകാനാവില്ല. അത് മനസ്സിലാക്കണമെങ്കില്‍ ആപ്പിള്‍ കമ്പനി എന്തുകൊണ്ട് ചൈനയിലേക്ക് പോയി എന്ന ടിം കുക്കിന്റെ പ്രസംഗം കേട്ടാല്‍ മതി.
പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു. ഒട്ടനവധി വിദേശ യൂണിവേര്‍സിറ്റികള്‍ ഓണ്‍ലൈന്‍ മോഡ് പഠനവും ഫ്രാഞ്ചൈസീ മോഡ് ലാബുകളുമായി വരുമ്പോള്‍, കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറയുമെന്ന കാര്യം അദ്ധ്യാപകര്‍ മനസ്സിലാക്കിയാല്‍ നന്ന്. തലയുള്ളവര്‍ മൂന്നു വര്‍ഷ കോഴ്സോക്കെ ഒന്നോ ഒന്നരയോ കൊല്ലം കൊണ്ട് തീര്‍ത്ത് ജോലിയ്ക്ക് കയറും. നമ്മുടെ യൂണിവേര്‍സിറ്റികള്‍ വേള്‍ഡ് ക്ലാസ് കോഴ്സ് കണ്ടന്‍റുമായി വന്നില്ലായെങ്കില്‍, അതിന്റെ കാര്യവും തീരുമാനമാവും. ഇനി ഹോം സ്കൂളിങ് ഒക്കെ വളരെ കോമണ്‍ ആയി മാറും. അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇപ്പോഴേ തന്നെ ഉണ്ടാക്കിയാല്‍ നന്ന്. വിദ്യാഭ്യാസമേഖലയിലെ സമഗ്രമായ മാറ്റങ്ങള്‍ നിലവിലുള്ള അദ്ധ്യാപകരുടെ തൊഴില്‍ ഘടനയ്ക്ക് ഒരു ഭീഷണി തന്നെ ആയിരിക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.
#ശുചിത്വം
കോവിഡ് തകര്‍ത്താടുന്ന ഈ സമയത്ത് ശുചിത്വത്തിന്റെ പ്രസക്തി പറയാതെ തന്നെ എല്ലാവര്ക്കും അറിയാവുന്നത്. വ്യക്തി ശുചിത്വവും പരിസരശുചിത്വവും സാമൂഹ്യശുചിത്വവുമൊക്കെ നിരന്തരം പാലിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. നമ്മുടെ പാഠപുസ്തകങ്ങളില്‍ ഇക്കാര്യങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും കുട്ടികളെ അത്തരത്തില്‍ പരിശീലിപ്പിക്കുകയും വേണം. എന്തും വലിച്ചെറിയുകയെന്ന അടിസ്ഥാന സ്വഭാവത്തില്‍ നിന്നും മലയാളി മുക്തനാവേണ്ടതുണ്ട്. അവനവന് ആവശ്യമുള്ള വസ്തുക്കള്‍ മാത്രം വാങ്ങുകയെന്ന സംസ്കാരത്തിലേയ്ക്ക് നമ്മള്‍ മാറുമ്പോള്‍ വേസ്റ്റ് ജനറേഷന്‍ കുറയാതെ തരമില്ല. റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ എന്ന അടിസ്ഥാന സിദ്ധാന്തം വിട്ടു കേരളത്തിന് വളര്‍ച്ചയില്ല. വേസ്റ്റില്‍ നിന്നും വാല്യൂ ആഡഡ് പ്രോഡക്ട്സ് ഉണ്ടാക്കാന്‍ പ്രാപ്തമായ ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം കേരളത്തില്‍ അങ്ങോളമിങ്ങോളം നടപ്പിലാക്കേണ്ടതുണ്ട്. അത് ഏറ്റവും ഡീസെന്‍ററലൈസ്ഡ് ആയി വേണം നടപ്പിലാക്കാന്‍. ചെന്നയിലെ ക്യാന്‍കോ ക്ലീന്‍ടെക്ക് എന്ന കമ്പനി ഡെവലപ്പ് ചെയ്ത പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ ടെക്നോളജിയ്ക് കേരളത്തില്‍ അനന്തസാധ്യതയാനുള്ളത്. ഇതും ഫ്രാഞ്ചൈസീ ബേസില്‍ സ്വകാര്യ മേഖലയില്‍ നടത്താവുന്നതാണ്, നിയന്ത്രണം സര്‍ക്കാരിനും. അഞ്ചു പൈസ ചെലവില്ലാതെ സര്‍ക്കാരിന് മോസ്റ്റ് എഫക്ടീവ് വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം ഉണ്ടാക്കിയെടുക്കാം. സര്‍ക്കാരിന് നല്ലൊരു വരുമാനം ആവുകയും ചെയ്യും.
കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഓരോ സ്ഥാപനത്തിന്റെയും മലിനീകരണം കൃത്യമായി മോണിട്ടര്‍ ചെയ്യാനുള്ള, ബ്ളോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ, ഒരു വെബ് പോര്‍ട്ടല്‍ ആരംഭിക്കണം. അതില്‍, എവിടെ നിന്നെല്ലാം മലിനീകരണം ഉണ്ടാകുന്നുവോ, ആ വിവരങള്‍ മുഴുവന്‍ രേഖപ്പെടുത്തണം, ആരെങ്കിലും എന്തെങ്കിലും ലംഘനം നടത്തുന്നുവെങ്കില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും വേണം. ലോക്ക് ഡൌണ്‍ കാരണം പരോക്ഷമായി വൃത്തിയായ നമ്മുടെ പരിസരവും അന്തരീക്ഷവും വീണ്ടും മലിനമാക്കപ്പെടുന്നത് നീതീകരിക്കാനാവില്ല.
സ്പ്രിങ്ക്ളര്‍ വിവാദമൊക്കെ കത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് എന്താണ് ഹെല്‍ത്ത് ഡേറ്റയുടെ പ്രസക്തിയെന്ന് എല്ലാവര്‍ക്കുമറിയാം. നമ്മള്‍ മലയാളികള്‍ എല്ലാവരുടെയും ആരോഗ്യ/ ചികില്‍സ രേഖകള്‍ എല്ലാം തന്നെ ബ്ളോക്ക് ചെയിന്‍ ടെക്നോളജിയില്‍ അധിഷ്ഠിതമായ ഒരു ഹെല്‍ത്ത് പ്പോര്‍ട്ടല്‍ വഴി ശേഖരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. ഇത്തരത്തിലുള്ള ഡേറ്റായില്ലാതെ നമുക്ക് ഭാവിയില്‍ മുന്നോട്ടുപോകാനാവില്ല. പൊതുജനാരോഗ്യം ശക്തമാക്കാനും, മെഡിക്കല്‍ രംഗത്തെ കൊള്ള ഇല്ലാതാക്കാനും ഇത് വഴി സാധിയ്ക്കും.
കേരളത്തിന് അതി ശക്തമായി മുന്നോട്ടുപോകാന്‍ കഴിയുന്ന ഒരു മേഖലയാണ് മരുന്ന് നിര്‍മാണം. ഗവണ്‍മെന്‍റ് തലത്തിലും അല്ലാതെയുമുള്ള മെഡിസിന്‍ റിസര്‍ച്ചുകള്‍ക്ക് മുകളില്‍ പറഞ്ഞ ഡേറ്റാ ഉപയോഗപ്പെടും. രോഗികള്‍ക്കും അതൊരു വലിയ ആനുകൂല്യമാണ്, എന്തെന്നാല്‍ അവരുടെ ചികില്‍സ ചരിത്രം എവിടെ നിന്നു വേണമെങ്കിലും ആക്സസ് ചെയ്യാം. കേരളത്തിലെ ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചും, എന്തിന് പഞ്ചായത്ത് ലെവലില്‍ പോലുമുള്ള ഡേറ്റാ അനലൈസ് ചെയ്താല്‍, പ്രിവെന്‍റീവ് മെഡിസിന്‍ പോലും എപ്പോള്‍ വേണമെങ്കിലും ലഭ്യമാക്കാന്‍ പോരുന്ന തലത്തില്‍ നമ്മുടെ ആരോഗ്യ മേഖലയെ മാറ്റിയെടുക്കാം. വീണ്ടുമൊരു പാന്‍ഡെമിക്കിനെ താങ്ങാന്‍ നമുക്കു കരുത്തില്ലല്ലോ.
ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘത്തെക്കുറിച്ച് നമ്മള്‍ കുറെ നാളായി കേള്‍ക്കുന്നു. എന്തുകൊണ്ടു അത്തരം ഒരു സംഘത്തെക്കുറിച്ച് കേരളത്തിന് ആലോചിച്ചുകൂടാ? അതിലൂടെ സര്‍ക്കാരിനും വരുമാനം ഉണ്ടാക്കിക്കൂടാ? മിടുക്കാരായ വിദ്യാര്‍ത്ഥി തെരഞ്ഞെടുത്ത്, സര്ക്കാര്‍ ചെലവില്‍ പഠിപ്പിച്ച്, അടിയന്തിര ഘട്ടങ്ങളില്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് അയക്കാനുള്ള മെഡിക്കല്‍ സംഘത്തെ റെഡിയാക്കിക്കൂടാ?
#ഈശ്വരഭക്തി
നവകാലത്തിലെ ഈശ്വരഭക്തിയ്ക്ക് മതപരമായ പ്രധാന്യം കൊടുക്കേണ്ടതില്ല, മറിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഒരു സമൂഹം, ആത്യന്തികമായി കൈവരിക്കേണ്ട സാഹോദര്യവും സൌഹാര്‍ദവുമായി മാത്രം കണ്ടാല്‍ മതി. നമ്മുടെ കേരള സമൂഹത്തെ അതിന്റെ മതപരവും രാഷ്ട്രീയപരവുമായ വേര്‍തിരിവുകളില്‍ നിന്നും പുരോഗതിയുടെ നവപാതയിലേക്ക് നയിക്കേണ്ടതുണ്ട്. അതിനു എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണം, എന്നുകരുതി അത് ഒരു മതത്തെയും ആക്ഷേപിച്ചു കൊണ്ടാകരുത്. കേരളത്തിന്റെ സമഗ്രമായ പുരോഗതി, അതുതന്നെയാവട്ടെ നമ്മുടെ ഔദ്യോഗിക മതം. കേരളത്തിന്റെ സ്വയംപര്യാപ്തത, അതുതന്നെ നമ്മുടെ ഭക്തിമാര്‍ഗ്ഗവും.
#സംഘടന
കേരളം നേരിടുന്ന, കോവിഡ് അനന്തരം നേരിടാന്‍ പോവുന്ന, ഒട്ടുമിക്ക പ്രശ്നങ്ങളും ആഴത്തില്‍ മനസ്സിലാക്കുവാനും, അവയ്ക്കു പ്രായോഗികമായ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന രീതിയിലുള്ള, ഫുള്‍ ടൈം ഓണ്‍ലൈന്‍ കണക്ടിവിറ്റിയുള്ള, ഒന്നാംതരം സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘടന കേരളത്തിന് അത്യന്താപേക്ഷിതമാണ്. അതില്‍ ഓരോ വ്യക്തിയും അയാള്‍ ജീവിക്കുന്ന സമൂഹത്തില്‍, ആഴ്ചയില്‍ നാലോ അഞ്ചോ മണിക്കൂര്‍ സന്നദ്ധപ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. അതിനു ഓണ്‍ ലൈന്‍ അക്കൌണ്ടബിലിറ്റി ഉണ്ടാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം.
ഉദാഹരണത്തിന് : നമുക്ക് 10 ഏക്കര്‍ നെല്‍കൃഷി അത്യാവശ്യമായി കൊയ്തെടുക്കണം. യന്ത്രങ്ങളെയോ തൊഴിലാളികളെയോ കിട്ടാനില്ല. ഒരു ഹൈലി ഡൈനാമിക് സൊസൈറ്റി ആയി നമ്മള്‍ മാറേണ്ടതുണ്ട്. കേരളത്തെ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്നു ഉപയോഗം, മദ്യാസക്തി, അമിതമായ തോതിലുള്ള കുറ്റവാസനകള്‍ ഇവയില്‍ നിന്നൊക്കെ കേരളത്തെ രക്ഷിക്കാന്‍ ഇത്തരത്തിലുള്ള സംഘടനയ്ക്ക് കഴിയും, എന്തെന്നാല്‍ അവര്‍ സമൂഹത്തിന്റെ കണ്ണും കാവലാളും ആയിരിയ്ക്കും. അവരെയും ഗവണ്‍മെന്‍റ് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കണം. Vigilantkerala.in എന്ന കേരള സര്‍ക്കാരിന്റെ പോര്‍ട്ടല്‍ പുനരുജ്ജീവിപ്പിക്കേണ്ടിയിരിക്കുന്നു.
#കൃഷി
ഒരു കാലത്ത് കൃഷിയായിരുന്നു കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോയിരുന്നത്. എപ്പോള്‍ നമ്മള്‍ കൃഷിയില്‍ നിന്നും അകന്നുപോയോ, അപ്പോള്‍ മുതല്‍ നമ്മുടെ പതനവും ആരംഭിച്ചിരിക്കുന്നു എന്നതാണു സത്യം. കേരളം മനസ്സ് വച്ചാല്‍ ഇന്ദ്യയുടെ തന്നെ ഓര്‍ഗാനിക് ഫുഡ് ക്യാപ്പിറ്റല്‍ ആയി മാറാം.
കേരളത്തില്‍ കൃഷിയിറക്കപ്പെടാതെ കിടക്കുന്ന സകല ഭൂമിയിലും കൃഷി നടക്കണം. കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവന് ഭൂമിയില്ല, ഭൂമിയുള്ളവന് കൃഷി ചെയ്യാന്‍ തല്‍പര്യവുമില്ല. ഇതാണ് നമ്മുടെ പൊതുസ്ഥിതി. ഇതിനൊരു മാറ്റം ആവശ്യമാണ്. ഭൂമിയുള്ളവര്‍ എന്തുകൊണ്ട് പാട്ടത്തിന് വസ്തു കൊടുക്കാന്‍ വിമുഖത കാട്ടുന്നു? കൊടുത്താല്‍ പിന്നീട് പാരയാകുമോ എന്ന ഭയം! കേരള ഗവണ്‍മെന്‍റ് ഒരു ‘ലാന്ഡ് ബാങ്ക്’ ആരംഭിക്കണം, വസ്തു ഉടമകള്‍ക്ക് തങ്ങളുടെ കാളി കിടക്കുന്ന കൃഷി ഭൂമി ഗവണ്‍മെന്‍റിനെ ഏല്‍പ്പിക്കാം. ഗവണ്‍മെന്‍റിന് അത് കൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് ഒരു നിശ്ചിത വാടകയ്ക്കു നല്കാം. ആ തുക വസ്തു ഉടമയ്ക്ക് ലഭിക്കുകയും ചെയ്യും. പക്ഷേ, ഒരു വര്‍ഷത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള കൃഷികള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. അതല്ല, കൂടുതല്‍ കാലാവധി വേണ്ട വിളവുകള്‍ ഉണ്ടാക്കണമെങ്കില്‍, ഭൂമിയുടമയും കര്‍ഷകനും ഗവന്‍മെന്‍റും തമ്മില്‍ വേറെ എഗ്രിമെന്‍റുകള്‍ കൂടി ഉണ്ടാക്കണം. കാലാവധി കഴിഞ്ഞാല്‍ ഭൂമി ഭൂവുടമയില്‍ത്തന്നെ നിക്ഷിപ്തമായിരിക്കും. ആരും വസ്തു കയ്യേറുമെന്ന ഭയം വേണ്ട, കുടികിടപ്പ് അവകാശം ചോദിക്കുമെന്ന ഭയം ഒട്ടും വേണ്ട. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിനു ഏറ്റവും വലിയ നേട്ടം ലാന്ഡ് ബാങ്ക് പ്രസ്ഥാനത്തിലൂടെ നേടിയെടുക്കാം.
‘ഓര്‍ഗാനിക് കേരള’ എന്ന പേരില്‍ നമുക്ക് കേരളത്തിന്റെ സ്വന്തം ഓര്‍ഗാനിക് ഫുഡ് പ്രൊഡ്യൂസ് മാര്‍ക്കറ്റ് ചെയ്യാനും കഴിയും. ഒരു ഓണ്‍ലൈന്‍ ഫുഡ് മാര്‍ക്കറ്റ് കൂടി കുടുംബശ്രീയ്ക്ക് കൊടുത്താല്‍, പച്ചക്കറികള്‍, പാല്‍, കോഴിമുട്ട, വളര്‍ത്ത്മീന്‍ എന്നു വേണ്ട പൊതിച്ചോര്‍ വരെ അവര്‍ക്ക് വിപണിയിലെത്തിക്കാം. അതിന്റെ ഏറ്റവും വലിയ നേട്ടം ലഭിക്കുക നമ്മുടെ ആരോഗ്യ മേഖലയ്ക്ക് ആയിരിയ്ക്കും. എല്ലാ വീടുകളിലും അടുക്കളത്തോട്ടങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ടായിത്തുടങ്ങി. അത് പൂര്‍വാധികം ഭംഗിയോടെ മുന്നോട്ട് പോകേണ്ടതുണ്ട്. നഗരങ്ങളില്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അര്‍ബന്‍ ഫാമിംഗ് ടെക്നോളജീസ് നടപ്പിലാക്കണം. നിലനില്‍പ്പിനാവശ്യമായ കൃഷി രീതികളും അവയുടെ പ്രയോഗവും പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണം.
ഈ കോവിഡ് കാലത്ത്, ഭക്ഷ്യ സുരക്ഷയ്ക്ക് കേരളത്തെ ഏറ്റവും സഹായിച്ചത് നമ്മുടെ സ്വന്തം ചക്കയാണ്. അതുകൊണ്ടു കേരള ജാക്ഫ്രൂട്ട് മിഷന്‍ തന്നെ കേരള സര്‍ക്കാര്‍ ആരംഭിക്കണം. രണ്ടു വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കുന്ന കുള്ളന്‍ പ്ലാവിന്‍ തൈകള്‍ വളരെ വിലക്കുറവില്‍ കേരളം അങ്ങോളമിങ്ങോളം വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ കൃഷി വകുപ്പ് ആരംഭിക്കണം. ഒരു പ്രയോജനവുമില്ലാത്ത റബര്‍ തോട്ടങ്ങള്‍ക്ക് ഒന്നാന്തരം പകരക്കാരനാണ് പ്ലാന്തോട്ടം. നമുക്ക് ഇക്കാര്യത്തില്‍ മാര്‍ഗ്ഗദര്‍ശിയായി വിയറ്റുനാം എന്ന കൊച്ചു രാജ്യം മുന്നിലുണ്ട്. ചക്കയില്‍ നിന്നും എത്രയധികം വാല്യൂ ആഡഡു പ്രോഡക്ട്സ് ആണ് അവര്‍ നിര്‍മ്മിക്കുന്നതെന്നറിയാമോ.
നമ്മുടെ മലമ്പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പഴവര്‍ഗ്ഗങ്ങളുടെ കൃഷി ആരംഭിക്കാവുന്നതാണ്. നമ്മള്‍ എന്തുണ്ടാക്കിയാലും അത് വിറ്റുപോകാന്‍ വേണ്ട മാര്‍ക്കറ്റ് കേരളത്തിലുണ്ട്. ഏറ്റവുമധികം പ്രശ്നങ്ങള്‍ നേരിടുന്നത് നമ്മുടെ നെല്‍കൃഷിക്കാരാണ്. രണ്ടോ മൂന്നോ പഞ്ചായത്തിലെ നെല്‍കൃഷിക്കാര്‍ ചേര്‍ന്ന്, അവര്‍ കൃഷി ചെയ്ത നെല്ല് വാല്യൂ ആഡഡ് പ്രോഡക്ട്സ് ആക്കി ബ്രാന്‍ഡ് ചെയ്തു മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ വലിയ നേട്ടമായിരിക്കും. പിന്നെ ഒരു പ്രധാന കാര്യം, തൊഴിലാളി യൂണിയനുകളുടെ കൊള്ളകള്‍ക്ക് നവകേരളത്തില്‍ വലിയ സാധ്യതകള്‍ ഒന്നുമില്ല. പഴയ പരിപാടികളുമായി മുന്നോട്ടുപോകലാണെങ്കില്‍ കേരളം പിന്നേയും പിച്ചച്ചട്ടിയിലാകും. തൊഴിലാളി വിരുദ്ധതയല്ല പറയുന്നതു, മറിച്ച് ഏറ്റവും ആര്‍ജ്ജവമുള്ള ഒരു തൊഴില്‍ സംസ്കാരം നാം ആര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ ഊന്നിപ്പറയുന്നത്. യന്ത്രവല്‍ക്കണം കൂടിയേ കഴിയൂ, വെട്ടിനിരത്തല്‍ പാര്‍ട്ടികള്‍ അത് മനസ്സിലാക്കിയാല്‍ നന്ന്.
ഇസ്രയേലിന്റെ ഏറ്റവും പുതിയ കാര്ഷിക സാങ്കേതിക വിദ്യകള്‍ നമ്മള്‍ കടമെടുക്കണം. കൃഷിയെന്നത് ലാഭകരമായ ഒരു ജീവിതമാര്‍ഗ്ഗമായി നമുക്കിടയില്‍ മാറുകയും വേണം.
ഏറ്റവും മികച്ച അഗ്രോ-സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുണ്ടാവണം. സഫാരി ടി വി പോലെ കൃഷിയ്ക്കും മൃഗപരിപാലനത്തിനും വേണ്ടി മാത്രം ഒരു ടി വി ചാനല്‍ ഉണ്ടാകണം. നഷ്ടത്തില്‍ കിടക്കുന്ന പൊതുമേഖല വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൃഷിയ്ക് വേണ്ട ആധുനിക സംവിധാനങ്ങള്‍ നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ ഉണ്ടാക്കണം. കൃഷിയുടെ സമസ്തമേഖലകളിലും സാങ്കേതിക വിദ്യ കൂടി വിളക്കിച്ചേര്‍ക്കണം. കേരളത്തിന്റെ ജി.ഡി.പ്പീയുടെ 11% എന്നുള്ള നിലവിലെ ഷെയറില്‍ നിന്നും 25% എന്ന പുതുക്കിയ ഷെയറിലേക്ക് നമ്മുടെ കാര്‍ഷിക രംഗം വളര്‍ന്നെ മതിയാവൂ. ‘ഓര്‍ഗാനിക് മാണ്ഡ്യ’ പോലെ ആര്‍ക്ക് ഷെയര്‍ഹോള്‍ഡര്‍ ആകാവുന്ന തരത്തില്‍ ഒട്ടനവധി അഗ്രോ-പ്രൊഡ്യൂസര്‍ കമ്പനികള്‍ കേരളത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
#കച്ചവടം
കൊറോണ കഴിഞ്ഞാലും കേരളത്തില്‍ കച്ചവടം അത്യാവശ്യം നല്ലനിലയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം. കച്ചവടത്തിന്റെ കണക്കറിയാതെ സര്‍ക്കാരിന് വരുമാനം കൂട്ടാനാവില്ല. അതിനാല്‍ കേരളത്തിലെ എല്ലാ കടകളെയും ഉള്‍പ്പെടുത്തി ഒരു വലിയ വ്യപാരശൃംഖലാ ഡേറ്റാബാങ്ക് സര്‍ക്കാര്‍ തലത്തില്‍ സൃഷ്ടിക്കേണ്ടതുണ്ട്. പിന്നെ ആമസോണ്‍ മോഡലില്‍ ഒരു ഈ-കോം പോര്‍ട്ടലും. കേരള സര്‍ക്കാരും ഇനി ഇത്തരത്തില്‍ ചിന്തിച്ചേ പറ്റൂ. സര്‍ക്കാര്‍ മൊബൈല്‍ ആപ്പ് വഴി മലയാളിക്ക് എന്തു സാധനവും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനും കൃത്യസമയത്ത് എത്തിച്ചുകൊടുക്കാനുമൊക്കെയുള്ള നെറ്റുവര്‍ക്ക് ആരംഭിക്കണം. കുടുംബശ്രീയ്ക്കൊക്കെ പങ്കാളികള്‍ ആകാവുന്നതേയുള്ളൂ. സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ ഇതെല്ലാം ജിയോയും ആമസോണും ഫെയ്സ്ബുക്കുമൊക്കെ കൊണ്ടുപോകും. ഇങ്ങനെ ഒരു സിസ്റ്റം ഉണ്ടാക്കിയാല്‍ ജി എസ് ടി ഇനത്തിലും, വരുമാന നികുതിയിലും വലിയ വര്‍ധനയുണ്ടാകും.
കാലകാലം നമുക്ക് മദ്യനികുതിയും ലോട്ടറിവരുമാനവും കൊണ്ടൊന്നും പിടിച്ചു നില്‍ക്കാനാവില്ല. ഒരു രൂപയുടെ ട്രാന്‍സാക്ഷന്‍ ആയാലും സര്‍ക്കാരിന് കിട്ടേണ്ടത് കിട്ടിയിരിക്കണം. സര്‍ക്കാര്‍ വലിയ കച്ചവടക്കാരന്‍ ഒന്നുമാകേണ്ടതില്ല, മറിച്ച് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കാത്ത ഒന്നാംതരം ഇടനിലക്കാരന്‍ ആയെ മതിയാവൂ.
കേരളം തന്നെ ഒരു സ്വയം പ്രഖ്യാപിത ബ്രാന്‍ഡ് ആയി മാറണം. ഭക്ഷ്യ വസ്തുക്കള്‍ക്ക് ‘ഓര്‍ഗാനിക് കേരള’ എന്ന ബ്രാന്‍ഡ് തന്നെ എസ്റ്റാബ്ലിഷ് ചെയ്യണം. ആര്‍ക്ക് വേണമെങ്കിലും ക്വാളിറ്റി ഫുഡ് പ്രോഡക്ട്സ് അതില്‍ ആഡ് ചെയ്യാവുന്നതേയുള്ളൂ. നമ്മുടെ സഹോദരര്‍ ഉല്‍പാദിപ്പിക്കുന്ന എല്ലാറ്റിനും നമ്മള്‍ ഒരു പ്രിഫെറന്‍സ് കൂടി നല്കിയാല്‍ കേരളം രക്ഷപ്പെടും. നമുക്ക് എല്ലാം ഹൈപ്പര്‍ ലോക്കല്‍ ആക്കി മാറ്റണം. മിക്കവായും വാല്യു ആഡഡ് പ്രോഡക്ട്സ് ആക്കി മാറ്റണം. അതിനു പ്രാദേശിക, ദേശീയ, ആഗോള മാര്‍ക്കറ്റ് കണ്ടെത്തുകയും വേണം. നമ്മള്‍ വിചാരിച്ചാല്‍ കഴിയുന്നതേയുള്ളൂ.
കേന്ദ്ര ഗവണ്‍മെന്‍റ് ഭക്‍ഷ്യ എണ്ണകളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും എന്ന കാര്യം കേന്ദ്രമന്ത്രി ശ്രീ നിതിന്‍ ഗഡ്കരി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂസ് പ്രിന്‍റ് ഇറക്കുമതി കുറയ്ക്കുന്നു. നാളികേരത്തിനും നല്ല കാലം വരാന്‍ പോവുന്നു. ഇന്ദ്യയില്‍ വ്യാപകമായ രീതിയില്‍ മുളയുടെ കൃഷി ആരംഭിക്കണം എന്നാണ് അദേഹത്തിന്റെ അഭിപ്രായം. എന്തു സംഭവിച്ചാലും ശരി, കേരളത്തിന് ഭക്ഷ്യസ്വയംപര്യാപ്തത ഉണ്ടായെതീരൂ.
#കൈത്തൊഴില്‍_വ്യവസായം
ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി കമ്പനികള്‍ അവിടെ നിന്നും തങ്ങളുടെ മാനുഫാക്ച്വറിംഗ് ബേസുകള്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് ഷിഫ്ട് ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്ത്യയിലെ പല സ്റ്റേറ്റുകളും അവരുമായി ചര്‍ച്ചകള്‍ പോലും ആരംഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാര്യം എന്താണെന്ന് അറിയില്ല. നമുക്ക് ഒട്ടനവധി പരാധീനതകള്‍ ഉണ്ട്. ഒന്നാമത്തേത് ഭൂമിയുടെ ദൌര്‍ലഭ്യം തന്നെ. രണ്ടാമത്തേത് കേരളത്തിലെ തൊഴില്‍ അന്തരീക്ഷത്തിലെ അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍, ചുവപ്പുനാട, അഴിമതി ഇതൊക്കെ നിക്ഷേപകരെ പിന്നോട്ടു വലിയ്ക്കുന്ന ഘടകങ്ങള്‍ ആണ്.
അതിനു ഒരു പരിഹാരമെന്നോണം ‘മൈക്രോ സ്പെഷ്യല്‍ എക്കോണമിക് സോണുകള്‍ (M-SEZ) കേരളം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരു വ്യവസായ സംരംഭം നടക്കുന്ന ഒരു ചെറിയ വീടിന് പോലും M-SEZ പദവി ലഭിക്കണം.
ഇതൊക്കെ ആണെന്കിലും, നമ്മള്‍ വിചാരിച്ചാല്‍ കേരളത്തെ ഇന്ദ്യയുടെ ഇലക്ട്രോണിക്സ് അസംബ്ലി ഹബ് ആക്കി മാറ്റം. പ്രത്യേകിച്ചും സ്മാര്‍ട്ട് ഫോണ്‍ അസംബ്ലി. ഇലക്ട്രോണിക്സ് ഇന്‍ഡസ്ട്രിയ്ക്കു പറ്റിയ സകല സംവിധാനവും കേരളത്തിന് ചെയ്യാവുന്നതേയുള്ളൂ. നാല് ട്രില്യന്‍ രൂപയുടെ ഇലക്ട്രോണിക്സ് ഇറക്കുമതിയാണ് 2019 ല്‍ ഇന്‍ഡ്യ നടത്തിയതെന്ന് അറിയുമ്പോള്‍, എന്താണ് സാധ്യതയെന്ന് മനസ്സിലാക്കാമല്ലോ. കെല്‍ട്രോണിന് ഇക്കാര്യത്തില്‍ ഒരു നോഡല്‍ ഏജന്‍സിയായി മാറാം
സോഫ്ട്വെയര്‍ കമ്പനികള്‍ തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് വര്‍ക്ക് ഫ്രം ഹോം സ്ട്രക്ചര്‍ സ്വീകരിക്കുന്നത് കേരളത്തിന് ഗുണകരമാവും. ജോലി ബാംഗ്ലൂര്‍ ആയാലും താമസം കേരളത്തില്‍ എവിടെയുമാകാം! സോഫ്ട്വെയര്‍ രംഗത്ത് മികച്ച തൊഴില്‍ പടയെ സജ്ജമാക്കിയാല്‍ കേരളത്തിന് അത് അനുഗ്രഹമാവും. ഭാവിയില്‍ ഇലെക്ട്രോണിക്സ് അസംബ്ലി പോലും ആ രീതിയിലേയ്ക്ക് മാറും. ടെക്നോപാര്‍ക്ക് എന്ന സങ്കല്‍പ്പമൊക്കെ ക്രമേണ അപ്രത്യക്ഷമാവും.
ഒരു ആങ്കര്‍ ഇന്‍ഡസ്ട്രിയെന്നപോലെ, ഫാക്ട് കേന്ദ്രീകരിച്ച്, കേരളത്തിലെ കെമിക്കല്‍ ഇന്‍ഡസ്ട്രിയെ പുനരുജീവിപ്പിക്കണം. പുതിയ കാലത്തില്‍ ലോകത്തിന്റെ ഏറ്റവും വലിയ മരുന്നു സപ്പ്ലയര്‍സ് ഇന്‍ഡ്യ ആണല്ലോ. പക്ഷേ മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ ബള്‍ക് കെമിക്കലുകള്‍ വരുന്നത് ചീനയില്‍ നിന്നും. എന്തുകൊണ്ട് കേരളത്തിന് ബള്‍ക് കെമിക്കലുകള്‍ നിര്‍മ്മിച്ചുകൂടാ? നമ്മള്‍ പരിശ്രമിച്ചാല്‍ കേരളത്തിന് ലോകത്തിനാവശ്യമായ അലോപ്പതി മരുന്നുകള്‍ പലതും നിര്‍മ്മിക്കാനാവും, പ്രത്യേകിച്ചും ജെനറിക് മെഡിസിനുകള്‍.
കാലഹരണപ്പെട്ട വ്യവസായങ്ങള്‍ അടച്ചുപൂട്ടിയിട്ട്, കാലാനുയോജ്യമായ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കണം. ഉദാഹരണം: ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററീസ് നിര്‍മ്മാണം. കേരള ആട്ടോമൊബൈല്‍സ് ലിമിറ്റഡിനെ ഒരു ആങ്കര്‍ ഇന്‍ഡസ്ട്രിയാക്കിക്കൊണ്ടു നമുക്ക് കേരളത്തെ ഇന്ദ്യയുടെ ഇലക്ട്രിക് വെഹിക്കിള്‍ മാനുഫാക്ചറിംഗ് ഹബ് ആക്കി മാറ്റാം. ആരുടെ വേണമെങ്കിലും വാഹനങ്ങള്‍ അസംബിള്‍ ചെയ്യാം. കാലത്തിനൊപ്പം പോയിട്ടു കാര്യമില്ല, മുന്നേ പോയേ പറ്റൂ. ഗള്‍ഫില്‍ നിന്നൊക്കെ മടങ്ങി വരുന്ന ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധര്‍ കേരളത്തിന് വലിയ മുതല്‍ക്കൂട്ടാവും. അവരുടെ സംരംഭങ്ങളെ അനാവശ്യമായ നൂലാമാലകളില്‍ നിന്നും തൊഴില്‍ കുരുക്കുകളില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിന് മുന്നോട്ട് പ്രയാണമില്ല.
കേരളത്തിന്റെ സകലമാന വികസനവും വിഴിഞ്ഞം പോര്‍ട്ട് കേന്ദ്രീകൃതമാവും സമീപഭാവിയില്‍. എത്രയും പെട്ടെന്ന് പോര്‍ട്ടിന്റെ പണി തീര്‍ക്കേണ്ടിയിരിക്കുന്നു. ചരക്ക്നീക്കം ജലകേന്ദ്രീകൃതമായി തീരും. ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്പ്മെന്‍റ് നന്നായി വേണ്ടി വരും. ഇപ്പോഴത്തെയും ഇനി വരാനുള്ള കാലത്തെയും മുന്നില്‍ക്കണ്ട്, RFID ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഓണലൈന്‍ ടാന്‍സിറ്റ് മാനേജ്മെന്‍റ് സിസ്റ്റം കൂടി കേരളത്തില്‍ അത്യന്താപേക്ഷിതമായി നടപ്പിലാക്കണം. ട്രാഫിക് ലംഘനങ്ങളുടെ ഫൈന്‍ ഇനത്തില്‍ത്തന്നെ കേരളത്തിന് പ്രതിവര്‍ഷം 100 കോടിയ്ക്ക് മേല്‍ വരുമാനമുണ്ടാകും, എന്നു മാത്രമല്ല റോഡപകടങ്ങള്‍ 50% കണ്ട് കുറയുകയും ചെയ്യും. KSRTC പോലും വളരെ ലാഭകരമായി ഓടിക്കുവാന്‍ ഈ സാങ്കേതിക വിദ്യ നമ്മളെ സഹായിക്കും.
സമീപ ഭാവിയില്‍ നമുക്ക് വന്‍തോതില്‍ ഊര്‍ജ്ജ ഉല്പ്പാദനം വേണ്ടിവരും. അതിനാല്‍ എല്ലാവരും ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി സോര്‍സസ് എന്തെങ്കിലുമൊക്കെ ഉപയോഗപ്പെടുത്തണം. സോളാര്‍ മുതല്‍ വിന്‍ഡ് എനര്‍ജി വരെ ചെയ്യാവുന്നതേയുള്ളൂ. സോളാര്‍ ഗ്രിഡ് കൂടി കേരളമാകമാനം പ്രവര്‍ത്തന സജ്ജമാകണം. ഓരോ വീടിനും ഒരു ചെറുകിട വ്യവസായത്തിന്റെ ഭാഗമാകാന്‍ കഴിയണം. ആരോഗ്യമുള്ള എല്ലാവരും, എല്ലാ വീടുകളും കേരളത്തിന്റെ ജി.ഡി.പിയ്ക്കു അവരുടേതായ സംഭാവന നല്കിയാല്‍ നമുക്ക് ഒന്നും പേടിക്കേണ്ടതില്ല.
#സാങ്കേതികപരിശീലനങ്ങൾ
നിലവിലുള്ള സാമൂഹ്യസാഹചര്യത്തില്‍ കേരളത്തില്‍ ചേക്കേറാനുള്ള വമ്പന്‍ വിദേശകമ്പനികളുടെ എണ്ണം വിരലിലെണ്ണാവുന്നതായിരിക്കും. സ്ഥലപരിമിതികള്‍ മുതല്‍ അനുകൂലമല്ലാത്ത തൊഴില്‍ സാഹചര്യങ്ങള്‍ വരെ കാരണങ്ങള്‍ ആകാം. പക്ഷേ ഇന്ദ്യയിലേയ്ക്ക് വരാന്‍ പോകുന്ന സകല കമ്പനികള്‍ക്കും ആവശ്യമുള്ളത്രയും വിദഗ്ധതൊഴിലാളികളെ സംഭാവന ചെയ്യാന്‍ കേരളത്തിന് കഴിയും. അതിനു സ്വന്തം നിലയില്‍ കേരള ഗവണ്‍മെന്‍റ് അന്തര്‍ദേശീയ നിലവാരമുള്ള ഒരു ഓണ്‍ലൈന്‍ സ്കില്‍ യൂണിവേഴ്സിറ്റി ആരംഭിച്ചാല്‍ നന്നായിരിക്കും. കമ്പനീകളുടെ ആവശ്യകതകള്‍ മനസ്സിലാക്കിയിട്ട് അതിനു യുക്തമായ സ്കില്‍ കോഴ്സുകള്‍ ആരംഭിക്കണം. കോഴ്സ് മറ്റീരിയലുകള്‍ മിക്കവാറും കമ്പനികള്‍ തന്നെ സപ്പ്ളൈ ചെയ്യും. അവ ഓണ്‍ ലൈന്‍ ആയി വിദ്യാര്‍ത്ഥികളുടെ മൊബൈലിലെക്കൊ ലാപ്ടോപ്പിലെക്കൊ എത്തും. ഇതിന് ആവശ്യമായ പ്രയോഗിക പരിശീലനം നല്കാന്‍ വേണ്ടി ഫ്രാഞ്ചൈസീ ബേസില്‍ സ്വകാര്യമേഖലയുടെ സേവനം തേടാവുന്നതാണ്.
പൂട്ടിപ്പോയ ഒരുപാട് എഞ്ചിനീയറിങ് കോളേജുകളേ ഇത്തരം സ്കില്‍ പാര്ട്നേര്‍സ് ആക്കി മാറ്റാം. അപ്പോള്‍ വലിയ ചെലവില്ലാതെ തന്നെ സര്‍ക്കാരിന് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ട സ്കില്‍ ഡെവലപ്പ്മെന്‍റ് ഉണ്ടാക്കിയെടുക്കാം. ഇലക്ട്രോണിക്സ് മേഖലയ്ക്ക് കേരളം ഊന്നല്‍ കൊടുക്കണം, എന്തെന്നാല്‍ നാളെ ലോകത്തിന്റെ തന്നെ മൊബൈല്‍ഫോണ്‍ ഹബ് ആയി കേരളം മാറിക്കൂടെന്നില്ല. എന്നു മാത്രമല്ല, കേരളത്തിലെ സ്കില്‍ യൂണിവേര്‍സിറ്റിയില്‍ പഠിക്കാനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാനും കഴിയും. കേരള സര്‍ക്കാരിനും ഭാവിയില്‍ നല്ലൊരു വരുമാന മാര്‍ഗ്ഗമാവും. നമ്മള്‍ വിചാരിച്ചാല്‍ കേരളത്തെ ഇന്ത്യയുടെ സ്കില്‍ എഡ്യൂക്കേഷന്‍ കാപ്പിറ്റല്‍ ആക്കി മാറ്റാം.
നമ്മള്‍ അടിമുടി മാറേണ്ടിയിരിക്കുന്നു. എന്തെങ്കിലുമൊന്നിന് പണം മുടക്കുന്നവനെ ശത്രുവായി കാണുന്ന മലയാളിയുടെ സ്ഥിരം രോഗം മാറാതെ കേരളം പച്ചപിടിക്കുമെന്ന് ആരും കരുതരുത്. കേരളം മുന്നേറും, മുന്നേറിയെ തീരൂ. നമുക്കെല്ലാവര്‍ക്കും ഒത്തൊരുമയോടെ പോരാടാം.